തിരുവനന്തപുരം: എന്തിനാണ് ഗർഭിണായാണെന് കള്ളക്കഥ ഷംന മെനഞ്ഞത്? തിരുവനന്തപുരത്തു നിന്നും കാണാതായി ഒടുവിൽ കരുനാഗപ്പള്ളിയിൽ വെച്ച് ഓട്ടോറിക്ഷാ ഡ്രൈവമാർ കണ്ടെത്തിയ ഷംനയെന്ന യുവതിക്ക് ഈ ചോദ്യത്തിന്റെ ഉത്തരമായി പറയാനുള്ളത് ഒരു കദനകഥയാണ്. കുഞ്ഞിക്കാലു കാണാനുള്ള മോഹം രണ്ട് തവണ പാതിവഴിയിൽ പൊലിഞ്ഞപ്പോൾ ആധിയും ഭയവും വർദ്ധിച്ചാണ് യുവതി ഗർഭക്കഥ മെനഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം.

രണ്ട് തവണ ഗർഭിണി ആയെങ്കിലും രണ്ടും അലസിപ്പോയതോടെ യുവതി വല്ലാതെ മാനസിക സമ്മർദ്ദത്തിലായി. തന്നെ ഭർത്താവ് ഉപേക്ഷിക്കുമോ എന്ന ഭയവും ബന്ധുക്കളുടെ കുത്തുവാക്കുകളും പതിവായതോടയാണ് ഗർഭക്കഥ യുവതി മെനഞ്ഞത്. ഗർഭിണിയാകാത്തിന്റെ പേരിൽ ഭർത്താവു തന്നെ മൊഴി ചൊല്ലി മറ്റൊരു വിവാഹം കഴിക്കുമോ എന്ന ഭയവും ഷംനയ്ക്കുണ്ടായിരുന്നു. ഇതിനെ തുടർന്നാണു താൻ ഗർഭിണിയാണ് എന്ന് ഇവർ വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചത്. ഒമ്പതു മാസം ഇങ്ങനെ ബന്ധുക്കളെ കബളിപ്പിക്കാൻ ഷംനക്കായി. എന്നാൽ, ആ കള്ളം പൊളിയുമെന്ന ഘട്ടത്തിലാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും കണ്ണു വെട്ടിച്ചു ഷംന ആശുപത്രിയിൽ നിന്നു പോയത്.

ഷംനയെ കണ്ടെത്തിയതോടെ കരുനാഗപ്പള്ളി താലുക്കാശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഷംന ഗർഭണിയല്ല എന്നു വ്യക്തമായിരുന്നു. തുടർന്നു തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നടത്തിയ മെഡിക്കൽ പരിശോധനയിൽ ഷംന ഇപ്പോൾ ഗർഭിണിയല്ല എന്നും പ്രസവിച്ചിട്ടില്ലെന്നും കണ്ടെത്തുകയായിരുന്നു. ഒടുവിൽ ഗർഭവും ഗർഭക്കഥയും തന്റെ സൃഷ്ടിയായിരുന്നു എന്ന് ഇവർ പൊലീസിനോടു തുറന്നു സമ്മതിച്ചു.

അൻഷാദുമായുള്ള വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 2 വർഷമായി. ഇതിനിടയിൽ രണ്ടു തവണ ഇവർ ഗർഭിണിയായി എങ്കിലും രണ്ടു തവണയും ഗർഭം അലസി. ഇതിനെ ചൊല്ലി തന്റെ രക്ഷിതാക്കളും അൻഷാദിന്റെ രക്ഷിതാക്കളും കുത്തുവാക്കുകൾ പറഞ്ഞിരുന്നു. കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ ഭർത്താവ് തന്നെ മൊഴി ചൊല്ലുമോ എന്നു ഷംന ഭയന്നിരുന്നു. ഭർത്താവു മറ്റൊരു വിവാഹം കഴിക്കുമോ എന്നും ഇവർ ചിന്തിച്ചു. തനിക്ക് അൻഷാദിനെ വിട്ടുപിരിയാനാവില്ല. ഇത്തരം സാഹചര്യവും കടുത്ത വിഷമവും മൂലമാണു ഗർഭിണിയാണ് എന്ന കഥ പ്രചരിപ്പിച്ചതും ഭർത്താവിനെയും ബന്ധുക്കളെയും തെറ്റുദ്ധരിപ്പിച്ചതും എന്നും ഇവർ പറയുന്നു.

ഓരോ മാസവും ചൊവ്വാഴ്ച എന്ന രീതിയിൽ ഒൻപതു മാസം വരെ ഇവർ പരിശോധനയ്ക്കും ഗർഭ ചികിത്സയ്ക്കും എത്തി. പരിശോധന രേഖകളും മരുന്നുകളും മറ്റുള്ളവരിൽ നിന്നും രഹസ്യമാക്കി വച്ചു. വയറിനു വലുപ്പം കുറഞ്ഞതു കുഞ്ഞിനു ഭാരക്കുറവായതിനാലാണ് എന്ന് ഷംന മറ്റുള്ളവരോടു പറഞ്ഞു. ഒടുവിൽ കള്ളിവെളിച്ചത്താകുമെന്ന സാഹചര്യത്തിൽ ഒളിവിൽ പോകുകയായിരുന്നു എന്നു ഷംന പറഞ്ഞു.

ഗൾഫിൽ നിന്ന് നാട്ടിലെത്തി മാസങ്ങളോളം ഒപ്പം കഴിഞ്ഞിട്ടും ഭാര്യയുടെ ഗർഭം വ്യാജമാണെന്ന് തിരിച്ചറിയാൻ ഭർത്താവ് ഷറഫുദ്ദീനോ വീട്ടുകാർക്കോ കഴിഞ്ഞിരുന്നില്ല. പൂർണഗർഭിണിക്കുണ്ടാകേണ്ട നിറവയറൊന്നും ഭാര്യയ്ക്ക് കാണാത്തതിൽ പല തവണ ഷറഫുദ്ദീൻ സംശയം പ്രകടിപ്പിച്ചു. എന്നാൽ, തനിക്ക് വയർ കുറവാണെന്നായിരുന്നു ഷംനയുടെ ന്യായം. സംശയമൊഴിവാക്കാൻ പലതവണ ഷറഫുദ്ദീന്റെ കൈപിടിച്ച് വയറിന് മീതെ വച്ച് ശ്വാസോച്ഛ്വാസത്തിലൂടെ വയറനക്കി കുഞ്ഞനങ്ങുന്നത് കണ്ടോയെന്നും മറ്റും ഷംന ചോദിച്ചതോടെ ഷറഫുദ്ദീനും കഥ വിശ്വസിച്ചു. ഇത് കൂടാതെ പലപ്പോഴും അവശതയും ക്ഷീണവും അഭിനയിച്ചും ഭക്ഷണത്തിന് മടികാട്ടിയുമൊക്കെ ഷംന ഗർഭിണി ചമയുമ്പോഴൊന്നും ആർക്കും അത് കള്ളത്തരമാണെന്ന് തോന്നിയിരുന്നില്ല.

ഒമ്പതുമാസം പൂർത്തിയായെന്ന് പറഞ്ഞ് കഴിഞ്ഞ ചൊവ്വാഴ്ച എസ്.എ.ടി ആശുപത്രിയിലെ ഗൈനക്കോളജി ഒ.പിയിലെത്തിയ ഷംനയെ അഡ്‌മിഷനെഴുതാനെന്ന വ്യാജേന അകത്തേക്ക് പോയി കാണാതായതോടെയാണ് പൊലീസ് അന്വേഷണത്തിനും ഗർഭകഥ അലസാനും കാരണമായത്. ചൊവ്വാഴ്ച ഉച്ചയോടെ എസ്.എ.ടി ആശുപത്രിയിൽ നിന്ന് അപ്രത്യക്ഷയായ ഷംന വീട്ടുകാരെ വെട്ടിച്ച് ആശുപത്രിക്ക് പുറത്തിറങ്ങി. അവിടെ നിന്ന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തി. ഉച്ചയ്ക്ക് പുറപ്പെടുന്ന ചെന്നൈ സൂപ്പർഫാസ്റ്റിൽ കയറി ചൈന്നെയ്ക്ക് പോയി. യാത്രയ്ക്കിടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ട്രെയിൻ വൈകുന്നേരം എറണാകുളം നോർത്തിലെത്തിയപ്പോൾ ഫോൺ ഓണാക്കി. ഷംനയെ കാണാതായ പരാതിയിൽ സൈബർ സെൽ സഹായത്തോടെ അന്വേഷണം നടത്തിവന്ന പൊലീസ് ഫോണിന്റെ ടവർലൊക്കേഷൻ അനുസരിച്ച് അന്വേഷണത്തിനായി പൊലീസ് എറണാകുളത്തെത്തി. അവിടെ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല.

ചെന്നൈയിലേക്ക് യാത്ര തുടർന്ന ഷംന ചെന്നൈ സെൻട്രൽ സ്റ്റേഷനിലിറങ്ങി. അവിടെനിന്ന് മറ്റൊരു ട്രെയിനിൽ ചെങ്ങന്നൂരിലേക്ക് തിരിക്കുകയും ചെയ്തു. രണ്ട് ദിവസവും ട്രെയിനിൽ തന്നെ കഴിച്ചുകൂട്ടിയ ഷംന ട്രെയിനിൽ നിന്നാണ് ആഹാരം കഴിച്ചത്. സഹ യാത്രികരോട് അധികം ഇടപഴകാൻകൂട്ടാക്കാതിരുന്ന ഷംന ചെങ്ങന്നൂരിലിറങ്ങി അവിടെ നിന്ന് കരുനാഗപ്പള്ളിക്കുള്ള ബസിൽ കയറി കരുനാഗപ്പള്ളി ബസ് സ്റ്റാന്റിലെത്തി. ബസ് സ്റ്റാന്റിൽ ക്ഷീണിതയായി കാണപ്പെട്ട ഷംനയെ കണ്ട് സംശയം തോന്നിയ യാത്രക്കാരാണ് പത്രത്തിൽ വന്ന ഫോട്ടോ നോക്കി ഷംനയാണെന്ന് ഉറപ്പിച്ചശേഷം പൊലീസിനെ അറിയിച്ചത്.