ആലപ്പുഴ: എസ്.ഡി.പി.ഐ പ്രവർത്തകൻ ഷാൻ വധക്കേസിലെ മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എട്ടാം പ്രതി ചേർത്തല സ്വദേശി അഖിൽ, 12ാം പ്രതി തൃശൂർ സ്വദേശി സുധീഷ്, 13ാം പ്രതി ഉമേഷ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. കേസിലെ പ്രധാനപ്രതികളെ ഒളിവിൽ കഴിയാൻ സാഹായിച്ചവരാണിവർ.

ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 15 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഷാനിന്റെ കൊലപാതകം ആർഎസ്എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊലയാണെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലയ്ക്ക് പകരം ഷാനിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അഞ്ചോളം പേർ ചേർന്നാണ് കൊലപാതകം നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ഇതിനോടകം അറസ്റ്റിലായ രാജേന്ദ്ര പ്രസാദ്, രതീഷ് എന്നീ പ്രതികളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.

അതേസമയം, ആലപ്പുഴയിലെ രണ്ട് കൊലക്കേസുകളിലും ആന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ് പൊലീസ്. രഞ്ജിത് വധത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. രൺജിത് വധക്കേസിൽ ഇതുവരെ പിടിയിലായവരിൽ ആറു പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ഗൂഢാലോചന ഉൾപ്പെടെ പുറത്തുവരണമെങ്കിൽ പ്രധാന പ്രതികൾ മുഴുവൻ പിടിയിലാവേണ്ടതുണ്ട്. കഴിഞ്ഞ ഡിസംബർ 18ന് രാത്രിയും 19ന് പുലർച്ചേയുമാണ് കേരളത്തെ നടുക്കിയ ഇരട്ട കൊലപാതകം നടന്നത്. എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ രാത്രി 7:30 ഓടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽ നിന്ന് ഇടിച്ചുവീഴ്‌ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.