ആലപ്പുഴ: ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയത് രണ്ട് മാസത്തെ ആസൂത്രണത്തിന് ശേഷമെന്ന് റിമാൻഡ് റിപ്പോർട്ട്. ചേർത്തലയിൽ വച്ചാണ് കൊലപാതകത്തിന്റെ ആസൂത്രണം നടന്നതെന്നുമാണ് പൊലീസ് നിലപാട്. കേസിൽ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്.

ചേർത്തല പട്ടണക്കാട് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിനുള്ള പ്രതികാരമാണ് ഷാന്റെ കൊലയെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു. പ്രതികാര കൊല എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുമ്പോൾ തന്നെ ചില നേതാക്കൾക്ക് അറിയാമായിരുന്നു എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൃത്യം നിർവഹിച്ച ശേഷം പ്രതികൾക്ക് രക്ഷപ്പെടാനും നേതാക്കളുടെ സഹായം ലഭിച്ചെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഷാന്റെ കൊലയ്ക്കു ശേഷം എത്തിയ സംഘാംഗങ്ങൾ രണ്ടു ടീമായി രക്ഷപ്പെട്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ചേർത്തലയിൽ വച്ചാണ് കൊലപാതകത്തിന്റെ ആസൂത്രണം നടന്നത്. കൊല നടത്താൻ ഏഴ് പേരെ നിയോഗിച്ചു. കൃത്യം നടപ്പാക്കുന്നതിന് രണ്ടു മാസം മുൻപ് ആസൂത്രണത്തിനായി രഹസ്യ യോഗം ചേർന്നിുന്നു. ഇതിന് ശേഷം ഡിസംബർ 15നും യോഗം ചേരുകയും ചെയ്തു. കൊലയാളി സംഘാംഗങ്ങൾ അടക്കം ആകെ 16 പ്രതികളാണ് കേസിലുള്ളത്.

ഈ മാസം 18 ന് മണ്ണഞ്ചേരി സ്‌കൂൾ കവലയ്ക്കു കിഴക്ക് ആളൊഴിഞ്ഞ കുപ്പേഴം ജങ്ഷനിൽ വച്ചായിരുന്നു ആക്രമണം നടന്നത്. പൊന്നാടുള്ള വാടകവീട്ടിലേക്ക് (അൽഷ ഹൗസ്) സ്‌കൂട്ടറിൽ ഷാൻ പോകുമ്പോഴായിരുന്നു സംഭവം. പിന്നിൽനിന്ന് കാറിലെത്തിയ സംഘം സ്‌കൂട്ടറിൽ ഇടിപ്പിച്ച് ഷാനെ വീഴ്‌ത്തിയശേഷം തുടരെ വെട്ടുകയായിരുന്നു.

 ഗുരുതര പരിക്കേറ്റ ഷാൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽവെച്ച് മരിക്കുകയായിരുന്നു.