മലപ്പുറം: നിലമ്പൂരിലെ പാവങ്ങളുടെ ഡോക്ടർ ഷാനവാസ് മരണപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന വിധത്തിൽ ചില കോണുകളിൽ നിന്നും ആക്ഷേപം ഉയരുന്നതിനിടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹതകളില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. ഷാനവാസ് മരിച്ചത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കോഴിക്കോട്ട് നിന്നും നിലമ്പൂരിലേക്ക് മടങ്ങുന്നതിനിടെ കാറിൽ വച്ചാണ് ഷാനവാസ് മരണപ്പെട്ടത്. ബന്ധുവിനോടും സുഹൃത്തുക്കൾക്കുമൊപ്പം യാത്ര ചെയ്യവേ പുറകിലെ സീറ്റിലിരുന്ന് ഷാനവാസ് ഛർദിക്കുകയും അവശിഷ്ടങ്ങൾ താഴെ വീഴാതിരിക്കാൻ സ്വന്തം കൈകൊണ്ട് വായ പൊത്തുകയുമായിരുന്നു. തുടർന്ന് ചെറിയൊരു ഭക്ഷണാവശിഷ്ടം മൂക്കിലൂടെ ശ്വാസകോശത്തിലേക്ക് പ്രവേശിച്ചതിനെ തുടർന്നാണ്് മരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോ.കൃഷ്ണകുമാർ കേസന്വേഷിച്ച എടവണ്ണ ഗ്രേഡ് എസ്.ഐ. ബാബുവിനോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

സാധാരണമനുഷ്യരിൽനിന്നു വ്യത്യസ്തമായി ഷാനവാസിന്റെ ഹൃദയത്തിന്റെ രക്തക്കുഴലിനു വണ്ണക്കുറവുള്ളതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതും മരണത്തിന് കാരണമായെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. അതേസമയം നിലമ്പൂരിലേയും കരുളായിയിലേയും ഉൾവനത്തിലൂടെ കിലോമീറ്ററുകൾ താണ്ടി അർഹതപ്പെട്ടവരുടെ കൈകളിലേക്ക് സഹായാസ്തം എത്തിച്ച ഡോക്ടർ ഷാനവാസിന്റെ മഹത്വം നാട്ടുകാരും വീട്ടുകാരും ശരിക്കും തിരിച്ചറിഞ്ഞിരുന്നില്ല. പാവങ്ങളുടെ ഡോക്ടർ വിട്ടുപിരിഞ്ഞെന്നറിഞ്ഞതോടെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും ദേശങ്ങളിൽ നിന്നും വടപുറമെന്ന കൊച്ചു ഗ്രാമത്തിലേക്ക് ഒഴുകിയെത്തിയ അനേകായിരം സ്‌നേഹ മനസുകളുടെ നിറഞ്ഞൊഴുകിയ കണ്ണുനീരായിരുന്നു നാട്ടുകാരെ അത്ഭുതപ്പെടുത്തിയത്. ഷാനവാസിനെ തിരിച്ചറിയാൻ വൈകിപ്പോയ നഷ്ടബോധമായിരുന്നു നാട്ടുകാർക്കെല്ലാം പങ്കുവെയ്ക്കാനുണ്ടായിരുന്നത്.

ഷാനവാസിന്റെ കൈകളാൽ ജീവിതത്തിലേക്ക് തിരിച്ചുനടന്ന നിരവധി പേരുടെ വാക്കുകൾ ആ മഹൽ വ്യക്തിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതാണ്. 'ആ ചെറുക്കന് നല്ല കൈപുണ്യമായിരുന്നു' എന്ന് വയോധികന്മാർ ഉൾപ്പടെ ഷാനവാസിനെ ഓർത്തെടുക്കുന്നു. അതു ഒരുകണക്കിന് ശരിതന്നെയായിരുന്നു ഷാനവാസ് നിർദ്ധേശിക്കുന്ന മരുന്നുകൾക്ക് പ്രത്യേക ശമന ശേഷിയുണ്ടായിരുന്നു. അവൻ ചികിത്സിക്കുന്ന രോഗികൾക്ക് അസുഖം പെട്ടെന്ന് ഭേദമാകുമായിരുന്നെന്ന് അവർതന്നെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു. ഷാനവാസിന്റെ കുട്ടിക്കാലത്ത് തന്നോട് കളിച്ചു നടന്ന ജ്യേഷ്ഠ സഹോദരൻ വർഷങ്ങൾക്ക് മുമ്പ് ഒരു റംസാൻ മാസത്തിൽ കുട്ടിക്കാലത്ത് തന്നെ മരണപ്പെട്ടിരുന്നു. ഈ ദുഃഖത്തിന്റെ മുറിവുകൾ ഉണങ്ങിത്തുടങ്ങുകയായിരുന്നു.

മുടങ്ങാതെ മരുന്നും ജീവിത വകയും എത്തിച്ചിരുന്ന തങ്ങളുടെ പ്രിയപ്പെട്ട ഡോക്ടർ ഇനി തിരിച്ചു വരില്ലെന്ന് അറിയുക പോലുമില്ലാത്ത അനേകം ഊരുകൾ ഒരറ്റത്തും ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നും ഷാനവാസിന്റെ വിയോഗത്തിൽ പങ്കുചേർന്ന് മനസ് നൊമ്പരപ്പെടുന്നവരുമാണ് മറ്റൊരറ്റത്ത്. എന്നാൽ ഡോക്ടറുടെ വേർപാടിൽ അനുശോചനമർപ്പിച്ചും തുടങ്ങിവച്ച പ്രവർത്തനങ്ങളിൽ ഐക്യദാർഢ്യമർപ്പിച്ചുമാണ് സോഷ്യൽ മീഡിയയിൽ ഷാനവാസിനോടുള്ള സ്‌നേഹം പങ്കുവച്ചത്. ചിലർക്കെങ്കിലും ഡോക്ടർ ഷാനവാസിന്റെ മരണത്തിലുള്ള സംശയങ്ങൾ വിട്ടുമാറാതെയുള്ള പോസ്റ്റുകളും പ്രകടമാണ്. എന്നാൽ ഷാനവാസിന്റെ മരണത്തിൽ ദുരൂഹതകളൊന്നും ബാക്കിയുണ്ടായിരുന്നില്ല. അധികാരികളിൽ നിന്നും മെഡിക്കൽ ഉദ്യോഗസ്ഥരിൽ നിന്നുമുള്ള മാനസിക സമ്മർദങ്ങൾ ഷാനവാസിന് ഉണ്ടെന്നുള്ളതും ഒടുവിലത്തെ സ്ഥലം മാറ്റ ഉത്തരവ് താങ്ങാവുന്നതിലും അപ്പുറമായിരുന്നെന്നും ഷാനവാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകളിൽ നിന്നും മരണത്തിന്റെ മണിക്കൂറുകൾക്കു മുമ്പ് ലേഖകനുമായുള്ള സംഭാഷണത്തിൽ നിന്നും വ്യക്തമാകുന്ന സത്യമാണ്.

എന്നാൽ ഡോക്ടർ ഷാനവാസിന്റെ മരണം സംഭവിച്ചതിൽ മറ്റു തരത്തിലുള്ള ദുരൂഹതകളൊന്നുമുണ്ടായിരുന്നില്ല. മരിക്കുന്ന ദിവസം വെള്ളിയാഴ്ച കൂട്ടുകാരായ അനീഷ്, ആരിഫ്, ജംഷി എന്നിവരുമൊത്ത് കോഴിക്കോട്ടേക്ക് യാത്ര പോയതായിരുന്നു. ഷോപ്പിംങ് ആവശ്യങ്ങൾക്കായി ഒഴിവ് സമയങ്ങളിൽ ഇവർ ഇത്തരത്തിൽ ഒരുമിച്ച് പോകാറുണ്ടായിരുന്നു. സ്ഥലം മാറ്റത്തെ തുടർന്ന് മാനസിക സമ്മർദത്തിൽ കഴിഞ്ഞിരുന്ന ഷാനവാസിന് ധൈര്യം പകരുകയും വിഷമത്തിൽ നിന്നും മുക്തി നേടുകയും ചെയ്യാം എന്നായിരുന്നു ഇവർ കരുതിയിരുന്നത്. എന്നാൽ ഈ യാത്രയാകട്ടെ അന്ത്യയാത്ര ആകുകയും ചെയ്തു.

ഷാനവാസിന്റെ മരണം ലോകം ചർച്ച ചെയ്യുമെന്നുള്ളതുകൊണ്ടും ഇതിൽ ദുരൂഹതയില്ലെന്ന് സമൂഹത്തെ തുറന്ന് കാണിക്കുന്നതിനും വേണ്ടി ബന്ധുക്കളും കൂട്ടുകാരുമുൾപ്പടെയുള്ളവരായിരുന്നു ബോഡി പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മുതിർന്ന ഡോക്ടറുടെ നേതൃത്വക്കിൽ ശനിയാഴ്ച വൈകിട്ടോടെയായിരുന്നു പോസ്റ്റ്‌മോർട്ടം നടത്തിയത്. അതേസമയം മരുന്ന് മാഫിയക്കെതിരെ പോരാടിയിരുന്ന ഷാനവാസിന്റെ മരണത്തിൽ സംശയം രേഖപ്പെടുത്തുന്നവരുടെ എണ്ണം ഇപ്പോഴും കുറവല്ല.

അതേസമയം ഷാനവാസിനെ സ്ഥലം മാറ്റാൻ സ്ഥലം മന്ത്രി ആര്യാടൻ മുഹമ്മദാണ് പറഞ്ഞതെന്നാണ് മലപ്പുറം ഡിഎംഒ ഉമറുൽ ഫാറൂഖും പറയുന്നത്. ചില യുവജനസംഘടനകൾ മാറ്റി നിർത്താൻ ആവശ്യപ്പെട്ടത് അനുസരിച്ച് അ്‌ദ്ദേഹത്തെ മാറ്റിനിർത്താൻ ആവശ്യപ്പെടുകയായിരുന്നുവത്രേ. നേരത്തെ തന്നെ സ്ഥലം മാറ്റാൻ ശ്രമിച്ചത് മലപ്പുറം ഡിഎംഒയും ആര്യാടനുമാണ് ശ്രമിച്ചതെന്ന് ഷാനവാസ് മറുനാടൻ മലയാളിയോട് പറുന്ന ശബ്ദരേഖ പുറത്തുവിട്ടിരുന്നു. ആദിവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തിയ ഇദ്ദേഹത്തെ പാലക്കാട് കാഞ്ഞിരപ്പുഴ ഡാം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കു സ്ഥലംമാറ്റുകയായിരുന്നു. പാലക്കാടും ആദിവാസികൾകിടയിൽ സജീവ ഇടപ്പെടൽ നടത്തിയിരുന്നു. നാട്ടിലേക്ക് സ്ഥലംമാറ്റത്തിനുശ്രമം നടത്തിവരുന്നതിനിടെ കഴിഞ്ഞ ആഴ്ചയാണ് മണ്ണാർകാട് ശിരുവാണി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റിയത്. തുടരെയുള്ള സ്ഥലംമാറ്റം ഷാനവാസിനെ മാനസികമായി തളർത്തിയിരുന്നു. ഇങ്ങനെ കടുത്ത മാനസിക സംഘർഷങ്ങൾക്ക് ഒടുവിലാണ് ഷാനവാസ് മരണപ്പെട്ടത്.