- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസിസ് ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന് അന്ത്യവിശ്രമം മെൽബണിൽ; എംസിസി സതേൺ സ്റ്റാൻഡിന് താരത്തിന്റെ പേരു നൽകി; വോൺ മരിച്ച ഹോട്ടലിൽ ഫൊറൻസിക് പരിശോധന; അവസാന നിമിഷവും ക്രിക്കറ്റ് കാണുകയായിരുന്നുവെന്ന് വോണിന്റെ മാനേജർ
മെൽബൺ: തായ്ലൻഡിൽ അന്തരിച്ച ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന് അന്ത്യവിശ്രമം മെൽബണിൽ. പൂർണ ഔദ്യോഗിക ബഹുമതിയോടെ സംസ്‌കാരം നടത്തുമെന്ന് വിക്ടോറിയ സർക്കാർ പ്രഖ്യാപിച്ചു. മൃതദേഹം ഓസ്‌ട്രേലിയയിൽ എത്തിക്കും. സർക്കാർ പ്രതിനിധികൾ തായ്ലൻഡിൽ എത്തുമെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി അറിയിച്ചു. ഷെയ്ൻ വോണിന്റെ സംസ്‌കാരം മെൽബണിലായിരിക്കുമെന്ന് അദ്ദേഹത്തിന്റെ മാനേജർ വ്യക്തമാക്കിയിരുന്നു.
ഷെയ്ൻ വോൺ മരിച്ച ഹോട്ടലിൽ ഫൊറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി. തായ്ലൻഡിലെ ഷെയ്ൻ വോണിന്റെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു. 52കാരനായ ഷെയ്ൻ വോൺ തായ്ലൻഡിൽ അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോഴാണ് ഹൃദയാഘാതം വന്ന് ഇന്നലെ മരിച്ചത്.
മരണത്തിന് തൊട്ടുമുൻപ് വരെ ഷെയ്ൻ വോൺ ക്രിക്കറ്റ് മത്സരം കാണുകയായിരുന്നുവെന്ന് താരത്തിന്റെ മാനേജർ ജെയിംസ് എർസ്‌കിൻ വെളിപ്പെടുത്തി. കൂട്ടുകാരുമൊത്ത് രാത്രി ഭക്ഷണം കഴിക്കാനായി തയ്യാറെടുക്കുന്നതിന് മുൻപാണ് വോണിന് ഹൃദയാഘാതമുണ്ടായതെന്നും എർസ്‌കിൻ പറഞ്ഞു.
സിഡ്നി മോർണിങ് ഹെറാൾഡിന് നൽകിയ അഭിമുഖത്തിനിടെയാണ് എർസ്‌കിൻ ഇക്കാര്യമറിയിച്ചത്. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഓസ്ട്രേലിയൻ ഇതിഹാസതാരം വോൺ ലോകത്തോട് വിടപറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് പല വാർത്തകളും തലപൊക്കുന്ന സമയത്താണ് ദീർഘകാലമായി വോണിന്റെ മാനേജരായി പ്രവർത്തിക്കുന്ന എർസ്‌കിൻ വിശദീകരണവുമായി രംഗത്തെത്തിയത്.
' മരണത്തിന് മുൻപ് അദ്ദേഹം മദ്യപിച്ചിരിന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കണ്ടു. അത് വസ്തുതാവിരുദ്ധമാണ്. മരണത്തിന് തൊട്ടുമുൻപ് അദ്ദേഹം ക്രിക്കറ്റ് കാണുകയായിരുന്നു. വോണിനെ അന്വേഷിച്ച് റൂമിലെത്തിയപ്പോഴാണ് അദ്ദേഹം ബോധരഹിതനായി വീണുകിടക്കുന്നത് കണ്ടത്. ആ സമയം ടിവിയിൽ പാക്കിസ്ഥാൻ-ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരം നടക്കുകയായിരുന്നു. വോൺ മത്സരം കാണുന്നതിനിടെയാണ് കുഴഞ്ഞുവീണത്. അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല'- എർസ്‌കിൻ സിഡ്നി മോർണിങ് ഹെറാൾഡിനോട് പറഞ്ഞു.
കൃത്രിമശ്വാസം നൽകാൻ ശ്രമിച്ചപ്പോൾ പരാജയപ്പെട്ടുവെന്നും 20 മിനിറ്റുകൾക്ക് ശേഷമാണ് ആംബുലൻസ് വന്നതെന്നും എർസ്‌കിൻ കൂട്ടിച്ചേർത്തു. തായ് ഇന്റർനാഷണൽ ഹോസ്പിറ്റിൽ എത്തിച്ച ശേഷമാണ് വോൺ ലോകത്തോട് വിടപറഞ്ഞത്.
പുതിയ ഡയറ്റ് പ്ലാനിന്റെ ഭാഗമായി വോൺ കഴിഞ്ഞ കുറച്ച് നാളുകളായി മദ്യപിക്കാറില്ലായിരുന്നുവെന്ന് എർസ്‌കിൻ പറഞ്ഞു. വോണിന്റെ മരണം ക്രിക്കറ്റ് ലോകത്തിന് വലിയ ഞെട്ടലാണ് സമ്മാനിച്ചിരിക്കുന്നത്. വെറും 52 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് വോൺ ലോകത്തോട് വിടപറഞ്ഞത്
വോണിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലിലാണ് സച്ചിൻ ടെൻഡുൽക്കർ ഉൾപ്പടെ ക്രിക്കറ്റ് ലോകത്തുള്ളവർ. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ സതേൺ സ്റ്റാൻഡിന് ഇനി മുതൽ ഷെയ്ൻ വോൺ സ്റ്റാൻഡ് എന്നായിരിക്കും പേര്.
എക്കാലത്തെയും മികച്ച ലെഗ് സ്പിന്നറായിരുന്നു ഷെയ്ൻ വോൺ. ഓസ്ട്രേലിയക്കായി 1992-2007 കാലഘട്ടത്തിൽ 145 ടെസ്റ്റും 194 ഏകദിനങ്ങളും ഷെയ്ൻ വോൺ കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 145 മത്സരങ്ങളിൽ 2.65 ഇക്കോണമിയിൽ 708 വിക്കറ്റും 194 ഏകദിനങ്ങളിൽ 4.25 ഇക്കോണമിയിൽ 293 വിക്കറ്റും വോൺ പേരിലെഴുതി. ടെസ്റ്റിൽ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിങ്സിലുമായി 10 വിക്കറ്റ് നേട്ടവും വോൺ പേരിലാക്കി. ഏകദിനത്തിൽ ഒരു തവണയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ടെസ്റ്റിൽ 3154 റൺസും ഏകദിനത്തിൽ 1018 റൺസും നേടി.
ഇന്ത്യയിലും വലിയ ആരാധകവ്യൂഹം വോണിനുണ്ടായിരുന്നു. ഐപിഎല്ലിൽ 55 മത്സരങ്ങളിൽ 57 വിക്കറ്റ് വീഴ്‌ത്തി. ഐപിഎല്ലിന്റെ പ്രഥമ സീസണിൽ രാജസ്ഥാൻ റോയൽസിനെ അപ്രതീക്ഷിത കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഷെയ്ൻ വോൺ. പിന്നീട് ടീമിന്റെ ഉപദേശക സ്ഥാനവും വഹിച്ചു ഇതിഹാസ താരം.
അന്തരിച്ച സ്പിൻ മാന്ത്രികൻ ഷെയ്ൻ വോണിന് ആദരാഞ്ജലി അർപ്പിച്ചു ഇന്ത്യ, ശ്രീലങ്ക ടീമുകൾ. മൊഹാലി ടെസ്റ്റിന്റെ രണ്ടാംദിനം കളി തുടങ്ങും മുൻപാണ് ഇരു ടീമിലെയും താരങ്ങളും പരിശീലകരും ഇതിഹാസ താരത്തിന് ആദരം അർപ്പിച്ചത്. ഷെയ്ൻ വോണിന്റെ വിയോഗം അപ്രതീക്ഷിതവും നികത്താൻ കഴിയാത്തതുമാണെന്ന് ഇന്ത്യൻ മുൻനായകൻ വിരാട് കോലി പറഞ്ഞു. കളത്തിനകത്തും പുറത്തും വോൺ പ്രചോദനം ആയിരുന്നുവെന്നും കോലി കൂട്ടിച്ചേർത്തു. ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് പ്രസിഡന്റ്സ് ഇലവൻ മത്സരത്തിനിടെയും താരങ്ങൾ വോണിന് ആദരാഞ്ജലി അർപ്പിച്ചു.
ന്യൂസ് ഡെസ്ക്