മെൽബൺ: ഇരുപതാം നൂറ്റാണ്ടിലെ ഗോൾ കായിക പ്രേമികൾക്ക് നൽകിയത് മറഡോണയായിരുന്നു. എന്നാൽ ആ നൂറ്റാണ്ടിലെ പന്തു സമ്മാനിച്ചത് ഷെയൻ വോണായിരുന്നു. മറഡോണയെ പോലെ ഏവരേയും അമ്പരപ്പിച്ച് വോണും പെട്ടെന്ന് മടങ്ങുകയാണ്. ഹൃദയാഘാതമാണ് വോണിന്റെ ജീവനും എടുക്കുന്നത്.

1993ലെ ആഷസ് പരമ്പരയിലെ മാഞ്ചസ്റ്റർ ടെസ്റ്റിലാണ് ക്രിക്കറ്റ് ലോകം ഇന്നും അദ്ഭുതംകൂറുന്ന നൂറ്റാണ്ടിന്റെ ബോൾ പിറവികൊണ്ടത്. പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് (ജൂൺ 4) ഷെയ്ൻ വോണിന്റെ വിരലുകൾ മാന്ത്രികം കാണിച്ചത്. സ്പിൻ ബോളിങ്ങിനെതിരെ മികച്ച റെക്കോർഡുള്ള ഇംഗ്ലണ്ട് ബാറ്റ്സ്മാൻ മൈക് ഗാറ്റിങ്ങിനെതിരെ പന്തെറിയാനെത്തുമ്പോൾ ഒരു സാധാരണ ലെഗ്സ്പിന്നർ മാത്രമായിരുന്നു ഷെയ്ൻ വോൺ. അതുവരെ 11 ടെസ്റ്റുകളിൽ നിന്നായി 31 വിക്കറ്റുകളായിരുന്നു സമ്പാദ്യം.

സ്പിൻ ബൗളിങ്ങിനെ തളയ്ക്കുന്ന മാന്ത്രികനായിരുന്നു ഗാറ്റിങ്. അതുകൊണ്ട് തന്നെ ആരും വോണിൽ നിന്ന് അത്ഭുതം പ്രതീക്ഷിച്ചില്ല. ആ ആ കളിയിൽ വോൺ എറിഞ്ഞ ആ പന്ത് ക്രിക്കറ്റിലെ ഏറ്റവും മനോഹര നിമിഷം സമ്മാനിച്ചു. അക്ഷരാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഗാറ്റിങ്ങിന് മനസ്സിലായില്ല. ലെഗ് സ്റ്റെമ്പിന് വളരെ വെളിയിൽ പിച്ച് ചെയ്ത പന്ത് ഗാറ്റിങ്ങിന്റെ പ്രതിരോധത്തെ തകർത്ത് ഓഫ് സ്റ്റെമ്പിൽ. അതിന് മുമ്പും ശേഷവും അതിന് സമാനമായ പന്തും വിക്കറ്റ് നേട്ടവും ക്രിക്കറ്റിൽ സംഭവിച്ചില്ല.

അതുകൊണ്ട് മറഡോണയുടെ ദൈവത്തിന്റെ കൈകൾ സമ്മാനിച്ച ഗോളും നൂറ്റാണ്ടിന്റെ ഗോളിനും സമാനമായി വോണും ചരിത്രത്തിൽ ഇടം നേടി. മറഡോണയെ പോലെ കളിക്കളത്തിലെ പ്രതിഭയായ വോണിന് ഗ്രൗണ്ടിന് പുറത്ത് വിവാദങ്ങളെ ഉണ്ടായിരുന്നുള്ളൂ.

വോൺ എന്ന ലെഗ് സ്പിന്നർ ഗാറ്റിംങ്ങന്റെ വിക്കറ്റിന് ശേഷം ഏറെ നേട്ടങ്ങൾക്കുടമയായി. ഓസ്ട്രേലിയൻ ക്രിക്കറ്റിന് ഏറെ വിജയങ്ങൾ നൽകി. ഒരിക്കൽ മാത്രമായിരുന്നു തോറ്റു പോയത്. അതും സച്ചിൻ എന്ന അവതാരത്തിന് മുന്നിൽ. സച്ചിനെ മെരുക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ പര്യടനത്തിന് എത്തിയ വോണിനെ തലങ്ങും വിലങ്ങും സച്ചിൻ പ്രഹരിച്ചു. അതിനെ സ്പോർട്സ്മാൻ സ്പിരിറ്റിലെടുത്ത വോൺ സച്ചിനെന്ന താരത്തെ എല്ലാ അർത്ഥത്തിലും പിന്നീട് അംഗീകരിച്ചു. സച്ചിന്റെ സിക്സറുകൾ തന്റെ ഉറക്കം പിന്നീട് പലവട്ടം നശിപ്പിച്ചെന്ന് തുറന്നു പറഞ്ഞു.

കളിക്കളത്തിന് പുറത്തെ വിവാദങ്ങൾ ഒഴിച്ചാൽ എല്ലാ അർത്ഥത്തിലും ലോകം ആദരിച്ച ക്രിക്കറ്റർ. ഐപിഎൽ തുടങ്ങുമ്പോൾ കൊച്ചു ടീമുമായി കളിച്ച് രാജസ്ഥാൻ റോയൽസിനെ ചാമ്പ്യനാക്കി ക്രിക്കറ്റിലെ വിപ്ലവകാരിയായി ഷെയ്ൻ വോൺ.

ക്രിക്കറ്റ് ലോകം കണ്ട ഇതിഹാസ താരങ്ങളിൽ ഒരാളായിരിക്കുമ്പോൾത്തന്നെ വിവാദ നായകനുമായിരുന്ന വ്യക്തിയാണ് ഓസ്ട്രേലിയയുടെ ഷെയ്ൻ വോൺ. അച്ചടക്കമുള്ള ബോളിങ്ങിലൂടെ ക്രിക്കറ്റ് മൈതാനങ്ങളിൽനിന്ന് വിക്കറ്റുകൾ വാരുമ്പോഴും, അച്ചടക്കമില്ലാത്ത ജീവിതരീതി കൊണ്ട് ഏറെ പഴി കേട്ടു. ഫുട്ബോളിൽ മറഡോണയ്ക്ക് സമാനമായ കഥകൾ വോണിനേയും തേടിയെത്തി. ഒരുകാലത്ത് ക്രിക്കറ്റ് ലോകം അടക്കി വാണിരുന്ന തന്റെ വ്യക്തിജീവിതം കീഴ്‌മേൽ മറിച്ചതെന്താണെന്ന് വോൺ തന്നെ തുറന്നു പറയുകയും ചെയ്തു. 'നൂറ്റാണ്ടിലെ പന്ത്' എന്ന പേരിൽ ക്രിക്കറ്റ് ലോകം ഇപ്പോഴും ആഘോഷിക്കുന്ന ആ പന്താണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചതത്രേ.

ഗാറ്റിങ്ങിനെതിരായ ആദ്യ പന്ത് അക്ഷരാർഥത്തിൽ നൂറ്റാണ്ടിന്റെ തന്നെ അദ്ഭുതമായിരുന്നു. ലെഗ് സ്റ്റംപിന് ഇഞ്ചുകൾ പുറത്തു കുത്തിയ പന്ത് തിരിഞ്ഞുകയറിയത് ഓഫ് സ്റ്റംപ് തെറിപ്പിച്ചുകൊണ്ട്. ലെഗ് സ്റ്റംപിന് വെളിയിൽ കുത്തി ഡിഫൻഡ് ചെയ്യാനുള്ള ഗാറ്റിങ്ങിന്റെ ശ്രമം അമ്പേ പരാജയപ്പെട്ടു. അവിശ്വസനീയത ഗാറ്റിങ്ങിന്റെ മുഖത്ത് തെളിഞ്ഞുകാണാമായിരുന്നു. പിന്നീട് എട്ടു വിക്കറ്റുകൾ കൂടി അതേ ടെസ്റ്റിൽ സ്വന്തമാക്കി. ആഷസ് പരമ്പരയിലെ അഞ്ചു ടെസ്റ്റുകളിൽ നിന്നുമാത്രം വോൺ വീഴ്‌ത്തിയത് 35 വിക്കറ്റുകളാണ്. പിന്നീട് കണ്ടത് ഷെയ്ൻ വോണെന്ന പകരംവയ്ക്കാനില്ലാത്ത സ്പിന്നറുടെ സുവർണകാലം.

പക്ഷേ അത് ക്രിക്കറ്റ് കളത്തിൽ മാത്രമായിരുന്നു. കളത്തിനു പുറത്ത് ആ പന്ത് വോണിന് അത്ര നല്ലതായല്ല ഭവിച്ചത്. ആ കഥ വോൺ പറഞ്ഞത് ഇങ്ങനെയായിരുന്നു- 'ആ പന്ത് പിറവിയെടുക്കുമ്പോൾ എനിക്ക് 23 വയസ്സ് മാത്രമാണ് പ്രായം. ആ മത്സരത്തിനുശേഷം ലണ്ടനിൽ വിൻഡ്മിൽ പബ്ബിൽ പോയത് എനിക്കോർമയുണ്ട്. വെസ്റ്റ്ബറി ഹോട്ടലിലായിരുന്നു ഞങ്ങളുടെ താമസം. അന്ന് പബ്ബിൽനിന്ന് പുറത്തേക്കു വരുമ്പോൾ ഏതാണ്ട് 2530 ഫൊട്ടോഗ്രഫർമാരാണ് എന്റെ ചിത്രം പകർത്താൻ അവിടെയുണ്ടായിരുന്നത്. ഇത് ഞാൻ കള്ളം പറയുന്നതല്ല. പിറ്റേന്ന് പത്രങ്ങളിലെ പ്രധാന വാർത്ത ഞാനായിരുന്നു. 'ഷെയ്ൻ വോൺ പബ്ബിൽ' എന്ന് വലിയ തലക്കെട്ടും പടവും സഹിതമാണ് വാർത്ത. ഞാൻ ധരിച്ചിരുന്ന വസ്ത്രത്തെക്കുറിച്ചുപോലും വിമർശനങ്ങൾ വന്നു.

'ഷെയ്ൻ വോണിനെക്കുറിച്ച് നിങ്ങൾക്കറിയാത്ത 10 കാര്യങ്ങൾ' എന്ന പേരിലും വന്നു വാർത്തകൾ. അതിലെഴുതിയ പലതും അതു വായിച്ചപ്പോഴാണ് ഞാനുമറിയുന്നത്. ഇതൊന്നും ശരിയല്ല, എന്നെക്കുറിച്ചാണെങ്കിൽ ഇതെല്ലാം കള്ളമാണ്' എന്ന് എനിക്ക് തോന്നി' വോൺ വിവരിച്ചു. തന്നെക്കുറിച്ച് അസത്യങ്ങളും അർധസത്യങ്ങളും വച്ചാണ് മാധ്യമങ്ങൾ പലപ്പോഴും വാർത്ത നൽകിയിരുന്നതെന്നും വോൺ ആരോപിച്ചു. 'എന്നെക്കുറിച്ച് വന്നിരുന്ന വാർത്തകൾ കണ്ട് ഞാൻ തന്നെ അദ്ഭുതപ്പെടുന്ന അവസ്ഥയായിരുന്നു. അതിൽ പലതും അംഗീകരിക്കാൻ പോലും ബുദ്ധിമുട്ടി' വോൺ പറഞ്ഞു. 'സത്യത്തിൽ ഇത്തരം കാര്യങ്ങൾക്കൊന്നും ചെവി കൊടുക്കാതെ ജീവിക്കുകയാണ് ഏറ്റവും നല്ലത്. പക്ഷേ, എനിക്കതിനു കഴിഞ്ഞില്ല. ഇതെല്ലാം കണ്ട് ഞാൻ അസ്വസ്ഥനായി. ഇവർ പറയുന്നതൊന്നുമല്ല ഞാനെന്ന് എന്റെ മനസ്സ് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ അവരുടെ പ്രവർത്തനരീതികളൊന്നും ഒരുകാലത്തും എനിക്കു മനസിലായിട്ടുമില്ല' വോൺ വെളിപ്പെടുത്തിയിരുന്നു.

പലപ്പോഴും വളരെ ധാർഷ്ഠ്യത്തോടു കൂടിയായിരുന്ന തന്റെ പെരുമാറ്റമെന്നും വോൺ സമ്മതിച്ചിട്ടുണ്ട്. 'അതാത് നിമിഷത്തിൽ ജീവിക്കുക എന്നതായിരുന്നു പലപ്പോഴും എന്റെ രീതി. അതുകൊണ്ട് ചെയ്യുന്ന കാര്യങ്ങളുടെ അനന്തരഫലത്തെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. എന്നെ ഏറ്റവും കൂടുതൽ പ്രശ്നങ്ങളിൽ ചാടിച്ചതും ഈ രീതിയാണ്. ഓരോന്നു ചെയ്യുമ്പോഴും പറയുമ്പോഴും അത് എന്നെയും മറ്റുള്ളവരെയും എങ്ങനെയാണ് ബാധിക്കുക എന്നത് ഞാൻ ഗൗനിച്ചിരുന്നു പോലുമില്ല' വോൺ മുമ്പ് മനസ്സ് തുറന്നത് ഇങ്ങനെയായിരുന്നു.

'എപ്പോഴും എന്റെ പെരുമാറ്റം സ്വാർഥമായിരുന്നു. എനിക്കു തോന്നിയതെല്ലാം ഞാൻ ചെയ്തു. അതെല്ലാം എനിക്ക് പ്രശ്നങ്ങളായി വരികയും ചെയ്തു. എന്റെ എല്ലാ തീരുമാനങ്ങളെക്കുറിച്ചും തീർച്ചയായും ഞാൻ അഭിമാനിക്കുന്നില്ല. പലപ്പോഴും ഗുരുതരമായ തെറ്റുകൾ ഞാൻ വരുത്തിയിട്ടുണ്ട്. എങ്കിലും എന്നോടു സ്വയം നീതി പുലർത്തി എന്ന ബോധ്യം എന്നുമുണ്ട്. അതിൽ അഭിമാനവുമുണ്ട്. ചിലതൊക്കെ പാളിപ്പോയി. എന്റെ ചില പ്രവർത്തികൾ കുടുംബത്തെ പ്രതികൂലമായി ബാധിച്ചു. മക്കൾക്ക് നാണക്കേടുണ്ടാക്കി. പക്ഷേ അതെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു' വോണിന്റെ പഴയ കുറ്റസമ്മതം ഇതായിരുന്നു.

'ഇത്തരം പിഴവുകൾക്കൊപ്പം തന്നെ ഞാൻ ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ച് എനിക്ക് അഭിമാനവുമുണ്ട്. ഞാൻ ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എങ്കിലും ആളുകൾക്ക് മോശം വശം കാണാനാണ് കൂടുതൽ ഇഷ്ടം. കാരണം, അതിൽനിന്നാണ് അവർക്ക് കൂടുതൽ ആകർഷകമായ തലക്കെട്ടുകൾ കിട്ടുക' വോൺ ഇങ്ങനെയാണ് തന്റെ ജീവിതത്തെ വിശദീകരിച്ചത്.

അയൽവാസികൾക്ക് ശല്യമുണ്ടാക്കുന്ന വിധത്തിൽ വീടിനുള്ളിൽ സെക്‌സ് പാർട്ടി നടത്തിയതും ഷെയ്ൻ വോണിനെ വിവാദത്തിലാക്കിയിരുന്നു. ഇംഗ്ലീഷ് മാധ്യമങ്ങളാണ് വിവാദ സെക്‌സ് പാർട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. രണ്ട് ലൈംഗികത്തൊഴിലാളികളും വോണിന്റെ കാമുകിയും പാർട്ടിയിൽ പങ്കെടുത്തിരുന്നതായിട്ടാണ് വിവരം. ലണ്ടനിലെ വോണിന്റെ വസതിയിലായിരുന്നു സംഭവം. ജനാലകൾ തുറന്നിട്ടാണ് പാർട്ടി നടത്തിയത്. അയൽവാസികൾ പരാതിയുമായി എത്തിയതോടെയാണ് സംഭവം അന്ന് മാധ്യമങ്ങളറിയുന്നത്. 2019ലായിരുന്നു ആ വിവാദം. അതായത് ഈ അഭിമുഖത്തിന് ശേഷവും വഴിമാറി നടക്കാൻ വോണിന് കഴിഞ്ഞിരുന്നില്ല. സിമോൺ കലഹാനുമായുള്ള വോണിന്റെ വിവാഹബന്ധം തകർന്നതിന് കാരണവും ഇത്തരത്തിലൊന്നായിരുന്നു. പത്ത് വർഷം നീണ്ടുനിന്ന വിവാഹ ജീവിതത്തിന് ശേഷം 2005ലാണ് സിമോൺ കലഹാനുമായി പിരിയുന്നത്. വോണുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നുവെന്ന് മെൽബണിൽ നിന്നുള്ള ഒരു ലൈംഗികത്തൊഴിലാളി വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെയായിരുന്നു വിവാഹമോചനം.

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിട്ടാണ് ഷെയ്ൻ വോണിനെ കണക്കാക്കുന്നത്. വോൺ-സച്ചിൻ, വോൺ-ലാറ പോരാട്ടം വിഖ്യാതമായിരുന്നു. ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ ലോകത്തെ രണ്ടാം സ്ഥാനക്കാരനാണ് ഷെയ്ൻ വോൺ. 145 ടെസ്റ്റുകളിൽനിന്ന് 708 വിക്കറ്റുകളാണ് വോൺ നേടിയത്. 194 ഏകദിനങ്ങളിൽനിന്ന് 293 വിക്കറ്റുകളും നേടി. രാജ്യാന്തര ക്രിക്കറ്റിൽ 1001 വിക്കറ്റുകൾ എന്ന നേട്ടവും 1992 മുതൽ 2007 വരെ നീണ്ട കരിയറിനുള്ളിൽ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ടെസ്റ്റിൽ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിങ്‌സിലുമായി 10 വിക്കറ്റ് നേട്ടവും വോൺ സ്വന്തം പേരിലാക്കി. ടെസ്റ്റിൽ 3154 റൺസും ഏകദിനത്തിൽ 1018 റൺസും നേടി.

ടെസ്റ്റിൽ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിങ്‌സിലുമായി 10 വിക്കറ്റ് നേട്ടവും വോൺ സ്വന്തം പേരിലാക്കി. ടെസ്റ്റിൽ 3154 റൺസും ഏകദിനത്തിൽ 1018 റൺസും നേടി. 1969 സെപ്റ്റംബർ 13ന് ഓസ്ട്രേലിയയിലെ വിക്ടോറിയയിലാരുന്നു വോൺ ജനിച്ചത്. 1992ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. 2007 ഡിസംബർ 3ന് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് വോണിന്റെ റെക്കോർഡ് മറികടന്ന് ടെസ്റ്റിലെ വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തിയത്.

2008 ലെ പ്രഥമ ഐപിഎൽ ടൂർണമെന്റിൽ രാജസ്ഥാൻ റോയൽസ് കിരീടം ചൂടിയത് ഷെയ്ൻ വോണിന്റെ കീഴിലായിരുന്നു. ഐപിഎല്ലിൽ 55 മത്സരങ്ങളിൽ 57 വിക്കറ്റ് വീഴ്‌ത്തി. ഐപിഎല്ലിന്റെ പ്രഥമ സീസണിൽ രാജസ്ഥാൻ റോയൽസിനെ അപ്രതീക്ഷിത കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഷെയ്ൻ വോൺ. പിന്നീട് ടീമിന്റെ ഉപദേശക സ്ഥാനവും വഹിച്ചു.