കൊച്ചി: സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചുവെന്ന മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസർ ഷാനി പ്രഭാകരന്റെ പരാതിയിൽ ഒരാൾ കൂടി അറസ്റ്റിൽ. തൃശൂർ പുത്തൂർ സ്വദേശി സുനീഷാണ് അറസ്റ്റിലായത്. ആലുവ സ്വദേശി പി.വി.വൈശാഖിനെ ഇന്നലെ കൊച്ചി മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐടി ആക്ട് 67 പ്രകാരം അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരാതിയിൽ വിപുലമായ അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അന്വേഷണം തുടരുകയാണെന്നും കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നും മരട് എസ്.ഐ. ആന്റണി അറിയിച്ചു. സുഹൃത്തും എംഎൽഎയുമായ എം. സ്വരാജിനൊപ്പം ലിഫ്റ്റിൽ നിൽക്കുന്ന ചിത്രം ഉപയോഗിച്ചാണ് മോശമായ രീതിയിലുള്ള സംഘടിത പ്രചരണം നടന്നത്. ലൈംഗികച്ചുവയോടെയുള്ള പരാമർശങ്ങൾ ഉൾപ്പെടെയാണ് അധിക്ഷേപമെന്നും പരാതിയിൽ ഷാനി പറഞ്ഞിരുന്നു.

ലൈംഗികച്ചുവയോടെയുള്ള പരാമർശങ്ങളുമായി അധിക്ഷേപം നടത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. സ്ത്രീ എന്ന രീതിയിൽ അന്തസിനെയും വ്യക്തി എന്ന നിലയിൽ സ്വകാര്യതയെയും ബാധിക്കുന്ന നടപടിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടാണ് ഈ മാസം 25ന് പൊലീസിന് പരാതി നൽകിയത്. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ച പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും ചേർത്തായിരുന്നു പരാതി.

മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസറും കൗണ്ടർ പോയന്റ്, പറയാതെ വയ്യ തുടങ്ങിയ പരിപാടികളുടെ അവതാരകയുമായ ഷാനി പ്രഭാകരനെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംഘടിതമായി സമൂഹമാധ്യമങ്ങളിൽ അപവാദപ്രചരണം ഉണ്ടായിരുന്നു.

ഷാനി പ്രഭാകറുമൊത്തുള്ള സ്വരാജ് എംഎൽഎ യുടെ ചിത്രം സോഷ്യൽ മീഡിയയിൽ ഇരുവരെയും ആക്രമിക്കാനുള്ള മാർഗ്ഗമാക്കി സംഘപരിവാർ അണികളും ഉപയോഗിച്ചിരുന്നു. എന്നാൽ ദുരുദ്ദേശ്യപരമായ ഈ പ്രചരണത്തെ ചെറുത്തു കൊണ്ടാണ് ഷാനി ഡിജിപിക്ക് പരാതി നൽകിയത്. എന്നിട്ടും ഒരു കൂട്ടർ ആക്രമണം തുടർന്നപ്പോൾ വിശദീകരണവുമായി തൃപ്പൂണിത്തുറ എംഎൽഎ എം സ്വരാജും രംഗത്തെത്തിയിരുന്നു. ഷാനി ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ സ്വരാജ് പ്രതികരണം നടത്തിയത്.