കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ ബിജെപി നേതാവ് ശങ്കു ടി ദാസിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. കരളിലെ രക്തസ്രാവം നിയന്ത്രിച്ചെങ്കിലും ആരോഗ്യം പൂർണ്ണമായും വീണ്ടെടുത്തില്ല. ഡയാലിസിസിനുള്ള ശ്രമങ്ങളും ഇന്നലെ രാത്രി വിജയിച്ചില്ല. രക്തസമ്മർദ്ദം സ്ഥിരമാകാത്തതും ശങ്കു ടി ദാസിന്റെ ആരോഗ്യ നിലയെ ആശങ്കപ്പെടുത്തുന്നു. ഇനിയുള്ള 24 മണിക്കൂർ ഏറെ നിർണ്ണായകമാണ്. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ശങ്കു ചികിൽസയിലുള്ളത്.

അതിനിടെ ശങ്കുവിന്റെ ആരോഗ്യനിലയെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരണവുമായി എത്തി. വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മിംസിൽ ചികിത്സയിൽ കഴിയുന്ന പ്രിയ സഹപ്രവർത്തകൻ ശങ്കുവിന്റെ ആരോഗ്യനില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ കാലത്തുമുതൽ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരുമായും ആശുപത്രി അധികൃതരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു.

സാധ്യമായ എല്ലാ ചികിത്സയും നൽകുന്നുണ്ടെന്നാണ് ഇന്നു കാലത്തും ഡോക്ടർമാർ പറയുന്നത്. അദ്ദേഹം എത്രയും വേഗം പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചുവരാൻ എല്ലാവരുടേയും പ്രാർത്ഥനകളുണ്ടാവണം...-എന്ന് സുരേന്ദ്രൻ ഫെയ്‌സ് ബുക്കിൽ കുറിച്ചു. ശങ്കുവിന്റെ അപകടത്തെ പറ്റിയുള്ള ദുരൂഹതയും മാറിയിട്ടില്ല. ജന്മഭൂമി പത്രം അടക്കം ദുരൂഹത ആരോപിച്ചിരുന്നു.

വ്യാഴാഴ്‌ച്ച രാത്രി 11 മണിയോടെ തിരൂർ ചരമവട്ടം പാലത്തിനു സമീപമാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ശങ്കു ടി ദാസിനെ കോട്ടക്കൽ മിംസിൽ പ്രവേശിപ്പിച്ചു. ശേഷം വിദഗ്ധ ചികിത്സയ്ക്ക് കോഴിക്കോട്മിംസിലെത്തിച്ചു. ശങ്കു ടി ദാസ് ബാർ കൗൺസിൽ അംഗവും തൃത്താലയിലെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്നു. ഹിന്ദുത്വ വിഷയത്തിലെ ഇടപെടലുകളാണ് ശങ്കുവിനെ പൊതു സമൂഹത്തിൽ ശ്രദ്ധേയനാക്കിയത്. ശബരിമല വിഷയത്തിൽ അടക്കം സജീവ ഇടപെടൽ നടത്തി.

ആസൂത്രിത അപകടമാണെന്ന് ആരോപിച്ച് മുൻ ഡിജിപി ടി.പി സെൻകുമാർ അടക്കം രംഗത്ത് വന്നിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സെൻകുമാർ ആവശ്യപ്പെട്ടിരുന്നു. ഫെയ്‌സ് ബുക്കിലാണ് സെൻകുമാറും കുറിപ്പിട്ടത്. ഇതെല്ലാം അപകടത്തിൽ ദുരൂഹതയുണ്ടെന്നതിന്റെ സൂചനകളാണ് ചർച്ചയാക്കുന്നത്. എന്നാൽ അപകടത്തിലെ ദുരൂഹതാ വാദമെല്ലാം ബിജെപി വക്താവ് സന്ദീപ് വാചസ്പതി തന്നെ തള്ളി കളഞ്ഞിരുന്നു.

ദുരൂഹതാ തിയറിയുടെ ഉപജ്ഞാതാക്കളോടാണ്. എന്തിലും ഏതിലും ദുരൂഹത ആരോപിക്കുന്നത് ഒരുതരം മനോരോഗമാണ്. ആർക്ക് അപകടം പറ്റിയാലും അതിന് പിന്നിൽ ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂ എന്ന് തിരിച്ചറിയണം. ഒപ്പം അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതവും കണക്കിലെടുക്കണം. പുറത്തിറങ്ങി സാമൂഹ്യ പ്രവർത്തനം ചെയ്യുന്നവരെല്ലാം കൊല്ലപ്പെടാൻ പോകുന്നവരാണെന്ന സന്ദേശം സമാജത്തിൽ നിരാശയും ഭീതിയും മാത്രമാണ് ഉണ്ടാക്കുക എന്ന് ഫേസ്‌ബുക്കിൽ കുറിച്ചത് സന്ദീപ് വാചസ്പതിയാണ്.

ശങ്കുവിന് അപകടം പറ്റി എന്നത് യാഥാർഥ്യമാണ്. നിലവിൽ ഒരു ദുരൂഹതയും അതിൽ ആരോപിക്കാനില്ല. വാഹനാപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ആണ് ഇത്. സ്‌ക്രീനിൽ വലത് നിന്ന് ഇടത്തേക്ക് ആണ് ശങ്കുവിന്റെ ബൈക്ക് പോകുന്നത്. വാഹനം നിയന്ത്രണം വിട്ട് മുന്നിലുള്ള ബൈക്കിൽ ഇടിക്കുന്നതായാണ് മനസിലാകുന്നത്. അതിനപ്പുറം ഒന്നും കാണാനില്ല. മറിച്ചൊരു നിഗമനത്തിൽ എത്തണമെങ്കിൽ ശങ്കുവിന് ബോധം തെളിയണം. അപകടത്തെ തുടർന്ന് അരമണിക്കൂർ ചോര വാർന്ന് റോഡിൽ കിടന്നു എന്നൊക്കെ ഉള്ളത് മറുനാടന്റെ ഭാവന മാത്രമാണ്. അതും ചികിത്സ വേണ്ട മറ്റൊരു മനോഭാവമാണ്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ അരകിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇപ്പൊ കോഴിക്കോട് മിംസ് ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു. ഇതാണ് യാഥാർഥ്യം. ഇപ്പൊ വേണ്ടത് ദുരൂഹത തിയറി അല്ല, പ്രാർത്ഥനയാണ്. ആത്മവിശ്വാസമാണ്. ധൈര്യമാണ്-ഇങ്ങനെയാണ് സന്ദീപ് വാചസ്പതിയുടെ കുറിപ്പ് അവസാനിക്കുന്നത്. ഇതിൽ അപകടത്തിൽ ദുരൂഹത കൊണ്ടു വരുന്നത് മറുനാടനാണെന്നും ചികിൽസ മറുനാടന് വേണമെന്നാണ് സന്ദീപിന്റെ വാദം.

എന്നാൽ ആർഎസ്എസ് മുഖപത്രമായ ജന്മഭൂമിയും ശങ്കു ടി ദാസിന്റെ അപകട വാർത്ത നൽകിയിട്ടുണ്ട്. അതിൽ മറുനാടൻ നൽകിയതെല്ലാം ഉണ്ടെന്നതാണ് വസ്തുത. പുതിയ കാര്യങ്ങളും പറയുന്നു. ജന്മഭൂമി ഓൺലൈൻ സൈറ്റിൽ വന്ന വാർത്ത ഇങ്ങനെ- ശങ്കു സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തിലോ ഡിവൈഡറിലോ ഇടിച്ചെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, അപകടത്തിന്റെ ശബ്ദം കേൾക്കുന്നതിന് തൊട്ടു മുൻപ് മറ്റൊരു ശബ്ദം കേട്ടതായി പരിസരവാസികൾ പറയുന്നുണ്ട്. മറ്റേതെങ്കിലും വാഹനത്തിൽ ഇടിച്ച ശേഷം ഡിവൈഡറിൽ ബൈക്ക് വീണ്ടും ഇടിച്ചതാകാം അപകടകാരണമെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. അപകടശേഷം കുറച്ചു നേരം ശങ്കു അവിടെ കിടന്നു എന്നാണ് റിപ്പോർട്ടുകൾ. പിന്നീട്, ഒരു ബിജെപി പ്രവർത്തകനാണ് ശങ്കുവിനെ തിരിച്ചറിഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്-ഇതാണ് ജന്മഭൂമിയുടെ വാർത്തയിലെ വാചകങ്ങൾ.

സന്ദീപ് വാചസ്പതിയുടെ വാദം മുഖവിലയ്ക്കെടുത്താൽ സംഘപരിവാർ പത്രമായ ജന്മഭൂമിയും ചികിൽസ വേണ്ട മറ്റൊരു മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. എന്നാൽ ജന്മഭൂമിയിലെ വാർത്തയിലെ വാദങ്ങൾ സന്ദീപ് വാചസ്പതി വിവാദമായി ഉയർത്തുന്നില്ല. ശങ്കു ടി ദാസിന്റെ അപകടമുണ്ടായ ശേഷം കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളും അടുപ്പക്കാരുമാണ് അപകടത്തിൽ ദുരൂഹതകൾ ആരോപിച്ചത്. ഇതിൽ ബിജെപി പ്രവർത്തകരുമുണ്ടായിരുന്നുവെന്നതാണ് വസ്തുത. ഇതാണ് മറുനാടൻ വാർത്തയായി നൽകിയത്. എന്തായാലും ബൈക്ക് അപകടത്തിന്റെ വീഡിയോയും സന്ദീപ് വാചസ്പതി തന്നെ പുറത്തു വിട്ടിട്ടുണ്ട്.

ഏതോ ഇടവഴിയിൽ നിന്ന് വരുന്ന ശങ്കുവിന്റെ വാഹനത്തിലേക്ക് രണ്ട് ബൈക്കുകൾ ഇടിക്കുകയാണ്. അതിവേഗതയിൽ വരുന്ന വാഹനങ്ങളേയും കാണാം. ഇടവഴയിൽ നിന്ന് മറ്റേതെങ്കിലും വാഹനം ശങ്കുവിനെ ഇടിച്ച് റോഡിലേക്ക് തള്ളിയിട്ടതാണോ എന്ന് പോലും ആ വീഡിയോയിൽ വ്യക്തമല്ല. ഈ സാഹചര്യം തന്നെയാണ് ദുരുഹമാണെന്ന് ശങ്കുവിന്റെ സുഹൃത്തുക്കൾ ആരോപിക്കുന്നത്. സ്ഫോടന ശബ്ദം കേട്ടതായുള്ള ജന്മഭൂമി വാർത്തയിലും നിറയുന്നത് ഈ ദുരൂഹതയാണ്.