- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശയപരമായി തർക്കിക്കാനും വിയോജിക്കാനും പൂർണ ആരോഗ്യവാനായി മടങ്ങി വരൂ എന്ന് പറഞ്ഞ് മാതൃകയായി ദീപാ നിശാന്ത്; കൂടെ അഞ്ചു കൊല്ലം പഠിച്ച അവൻ ജീവിതത്തിലേക്ക് മടങ്ങി വരട്ടേ എന്ന റഹിമിന്റെ ഭാര്യയുടെ പോസ്റ്റ് മുങ്ങിയെന്നും ആക്ഷേപം; അമൃതാ റഹിമും കേരളവർമ്മ ടീച്ചറും ചർച്ചകളിൽ; ശങ്കു ടി ദാസിന് വേണ്ടി പ്രാർത്ഥന തുടരുമ്പോൾ
മലപ്പുറം: ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിലാണ് ശങ്കു ടി ദാസ്. ചമ്രവട്ടത്തെ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലുള്ള ശങ്കുവിന് വേണ്ടി എങ്ങും പ്രാർത്ഥനകളാണ്. അതിവേഗം ശങ്കു തിരിച്ചുവരുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ഇതിനിടെ ശങ്കുവിന് മടങ്ങി വരവിന് വേണ്ടി ആഗ്രഹിക്കുന്ന രണ്ട് പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ച. അതിലൊന്ന് എഫ് ബിയിൽ നിന്നും ഡിലീറ്റ് ചെയ്തുവെന്നാണ് ഉയരുന്ന ആക്ഷേപം. ശങ്കുവിന്റെ കാര്യത്തിൽ കേരള വർമ്മാ കോളേജിലെ അദ്ധ്യാപികയായ ദീപാ നിശാന്ത് കാട്ടിയത് അഭിനന്ദനാർഹമായ മാതൃകയാണ്.
രാഷ്ട്രീയവിയോജിപ്പുകൾക്കും അഭിപ്രായഭേദങ്ങൾക്കും ജനാധിപത്യത്തിൽ ഇടമുണ്ട്. ആശയപരമായി തർക്കിക്കാനും വിയോജിക്കാനും പൂർണ ആരോഗ്യവാനായി മടങ്ങി വരൂ..-ഇതാണ് ദീപാ നിശാന്ത് ഫെയ്‌സ് ബുക്കിൽ കുറിച്ചത്. ചിലർ ഇതിനെ വിമർശിക്കുന്നുണ്ടെങ്കിലും ദീപാ നിശാന്തിന്റെ ഇടപെടലിനെ പലരും പോസിറ്റീവായിട്ടാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്. ഇതിനിടെയാണ് മറ്റൊരു വിവാദം എത്തുന്നത്. രാജ്യസഭാ എംപിയും ഡിവൈഎഫ് ഐയുടെ അഖിലേന്ത്യാ പ്രസിഡന്റുമായ എഎ റഹീമിന്റെ ഭാര്യയുടെ പേരിൽ പരിവാറുകാർ പ്രചരിപ്പിക്കുന്ന പോസ്റ്റാണ്.
ശങ്കുവിന് നല്ലതു വരണമേ എന്ന ആഹ്വാനവുമായി റഹീമിന്റെ ഭാര്യ അമൃത പോസ്റ്റിട്ടെന്നും അത് മുക്കിയെന്നുമാണ് പരിവാറുകാരുടെ ആക്ഷേപം. അമൃത ഇട്ടെന്ന് പറയുന്ന പോസ്റ്റ് സഹിതമാണ് ഗ്രൂപ്പുകളിലെ പ്രചരണം. ശ്ങ്കി ടി ദാസ്... ഞങ്ങൾ വ്യത്യസ്ത രാഷ്ട്രീയം ഉള്ളവരാണ്. അഞ്ചു വർഷം ഒരുമിച്ചിരുന്ന് പഠിച്ചവരാണ്. എത്രയും വേഗം അവനു ജീവിതത്തിലേക്ക് മടങ്ങി വരാൻ ആവട്ടെ.. എന്ന് അമൃത പോസ്റ്റിട്ടുവെന്നാണ് പരിവാറുകാർ പറയുന്നത്. എന്നാൽ ഈ പോസ്റ്റ് അമൃതയുടെ എഫ് ബി പേജിൽ കാണുന്നില്ലെന്നതാണ് വസ്തുത.
എന്തുകൊണ്ട് അമൃതയുടെ പേജിൽ ആ പോസ്റ്റില്ലെന്നതിനും ചില ആരോപണങ്ങൾ പരിവാർ പേജുകൾ ഉയർത്തുന്നുണ്ട്. ഭർത്താവ് സഖാവ് സുഡാപ്പി എഎ റഹിം ഫോണിൽ പൊട്ടിത്തെറിച്ചതിനാൽ അമൃത ആ പോസ്റ്റ് മുക്കിയെന്നാണ് അവരുടെ ആക്ഷേപം. ശങ്കു ടി ദാസിനെ പിന്തുണച്ച അമൃതയെ വാനോളം പുകഴ്‌ത്തുന്നുമുണ്ട് പരിവാറുകാർ. അങ്ങനെ ശങ്കു ടി ദാസുമായി ബന്ധപ്പെട്ട് അമൃതയുടെ പോസ്റ്റ് എന്ന പേരിൽ പ്രചരിക്കുന്ന സ്‌ക്രീൻ ഷോട്ട് വലിയ ചർച്ചയാവുകയാണ്. മലപ്പുറത്തുകാരനായ ശങ്കു തിരുവനന്തപുരത്താണ് നിയമ പഠനം നടത്തിയത്. അമൃതയും തിരുവനന്തപുരം ലോകോളേജിൽ പഠിച്ചിട്ടുണ്ട്.
പഠനകാലത്തും ശങ്കു എബിവിപിക്കാരനായിരുന്നു. അഞ്ചു കൊല്ലത്തെ കോഴ്‌സാണ് ശങ്കു പഠിച്ചതെന്നാണ് സൂചന. ഭാരതീയ വിചാര കേന്ദ്രത്തിൽ താമസിച്ചായിരുന്നു ശങ്കുവിന്റെ പഠനം. ആർഎസ്എസ് താത്വികാചാര്യനായ പി പരമേശ്വരന്റെ അടുത്ത ശിഷ്യനുമായി ശങ്കു. അങ്ങനെയാണ് ഹിന്ദുത്വ വിഷയത്തിലേക്ക് ആഴത്തിൽ പഠനങ്ങൾ നടത്തുന്നത്. ശങ്കുവിനൊപ്പം അമൃതയും ലോ കോളേജിൽ പഠിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിൽസയിലുള്ള ശങ്കു ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല.
ശങ്കു ടി ദാസിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഇന്നലെ പുറത്തു വന്നിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കരളിൽ രക്തസ്രാവവും നിയന്ത്രണ വിധേയമല്ലാത്ത ബിപിയും ശങ്കു ടി ദാസിന് ഉണ്ടായിരുന്നു. രക്തസ്രാവം തടയുന്നതിനായി ആൻജിയോ എംബൊളൈസേഷന് അദ്ദേഹത്തെ വിധേയനാക്കുകയും ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ബിപി കുറഞ്ഞ നിലയിൽ ആയതിനാൽ ഐനോട്രോപ്പിക് സപ്പോർട്ട് നൽകിയിട്ടുണ്ട്. മാത്രമല്ല, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ബ്രോങ്കോസ്‌കോപ്പിക്ക് വിധേയനാക്കുകയും വെന്റിലേറ്റർ സപ്പോർട്ട് നൽകിയിട്ടുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
ഒന്നിലധികം അവയവങ്ങൾ പ്രവർത്തന രഹിതമായതിന്റെ ലക്ഷണങ്ങൾ കാണിച്ചിട്ടുണ്ട്. കൂടാതെ ബിപി വീണ്ടും കുറയുകയും ചെയ്തു. ഈ സാഹചര്യത്തിൽ സിടി സ്‌കാൻ വീണ്ടും ചെയ്യുകയും രക്തസ്രാവം ഇല്ല എന്ന് ഡോക്ടർമാർ ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്. അവയവങ്ങളുടെ പരാജയ ലക്ഷണം തുടരുന്നതിനാൽ ശങ്കു ടി ദാസിനെ തുടർച്ചയായി റീനൽ റീപ്ലേസ്‌മെന്റ് തെറാപ്പിക്ക് വിധേയനാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആരോ?ഗ്യ കാര്യത്തിൽ മികച്ച ശ്രദ്ധയും പരിചരണവും നൽകുമ്പോഴും മെറ്റാബാളിക് പാരാമീറ്ററുകളും ഹീമോ ഡൈനാമിക്‌സും സങ്കീർണ്ണമായി തുടരുകയാണെന്നും ഡോക്ടർമാർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ