കോഴിക്കോട്: ഡോക്ടർമാരുടെ തീവ്രപരിശ്രമങ്ങളും ജനലക്ഷങ്ങളുടെ പ്രാർത്ഥനയും കൂടിയായപ്പോൾ ബിജെപി നേതാവ് ശങ്കു ടി ദാസ് തിരികെ ജീവിതത്തിലേക്ക്. വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയാലിയിൽ കഴിഞ്ഞ സാമൂഹിക പ്രവർത്തകൻ അഡ്വ ശങ്കു ടി ദാസ് ആരോഗ്യം വീണ്ടെടുത്തതിനെ തുടർന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തു.

ബിജെപി വക്താവ് സന്ദീപ് വാര്യരാണ് ഫേയ്‌സ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എല്ലാവരുടെയും പ്രാർത്ഥനകൾക്കൊടുവിൽ ശങ്കു ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആവുകയാണ്. ആരോഗ്യ സ്ഥിതി പൂർണമായും മെച്ചപ്പെടാനുണ്ട്. സന്ദർശനം തത്കാലം ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ശങ്കുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും സന്ദീപ് വാര്യർ നന്ദി രേഖപ്പെടുത്തി. ഗുരുതരാവസ്ഥയിലായിരുന്ന ശങ്കു നിരവധി നിർണായക ശസ്ത്രക്രിയകൾക്ക് ശേഷം ഏറെ നാൾ വെന്റിലേറ്ററിൽ തുടരുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ക്രമേണ ആരോഗ്യം വീണ്ടെടുത്തത്.

ശങ്കുവിനെ ആശുപത്രി ജീവനക്കാരും ഡോക്ടർമാരും ചേർന്ന് യാത്രയാക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. പൂച്ചെണ്ടും മധുരവും നൽകിയാണ് ശങ്കുവിനെ യാത്രയാക്കിയത്. ടെലിവിഷൻ സംവാദങ്ങളിലെ പതിവ് സാന്നിധ്യമായിരുന്ന ശങ്കുവിന്റെ ചികിത്സാ വിവരങ്ങൾ അന്വേഷിച്ച് നിരവധി രാഷ്ട്രീയ നേതാക്കളും ഉന്നത വ്യക്തികളും ആശുപത്രിയിൽ എത്തുകയും ചെയ്തിരുന്നു. നൂറുകണക്കിന് ഫോൺകോളുകളാണ് ശങ്കുവിന്റെ ആരോഗ്യ പുരോഗതിയെക്കുറിച്ച് തിരക്കി ഓരോ ദിവസവും ആശുപത്രിയിൽ എത്തിയിരുന്നത്.

ജൂൺ 23 രാത്രിയിലായിരുന്നു ശങ്കു ടി ദാസിന് അപകടം സംഭവിച്ചത്. രാത്രി പത്തരയോടെ മലപ്പുറം ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെതന്നെ അദ്ദേഹത്തെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.