കോഴിക്കോട്:യുവാക്കളെ ഏറ്റവും കൂടുതൽ ആകർഷിക്കുകയും അടിമകളാക്കുകയും ചെയ്യുന്നതാണ് എൽഎസ്ഡി എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ലൈസർജിക് ആസിഡ് ഡൈഈതൈൽ അമൈഡ് എന്ന മയക്കുമരുന്ന്. ക്രിസ്റ്റൽ രൂപത്തിലും തപാൽ സ്റ്റാമ്പ് രൂപത്തിലും ആസിഡ് രൂപത്തിലുമാണ് എൽഎസ്ഡി ലഭിക്കുന്നത്. തപാൽ സ്റ്റാമ്പ് രൂപത്തിലുള്ളതാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഒരു തപാൽ സ്റ്റാമ്പിന്റെ മൂന്നിലൊന്ന് വലുപ്പം മാത്രമേ ഇതിനുള്ളൂ. ഇത്തരത്തിലെ മയക്കുമുരുന്ന് കേരളത്തിൽ സജീവമാകുന്നു. നേപ്പാളിൽ നിന്നാണ് ഇവയെത്തുന്നത്. ഇതിന് ഇടനിലക്കാരും ഉണ്ട്.

ലിസർജിക് ആസിഡ് ഡൈതൈലാമെയ്ഡ് എന്ന മയക്കുമരുന്നിന്റെ ചുരുക്കപ്പേരാണ് എൽ.എസ്.ഡി. ലിസർജിക്ക് ആസിഡിൽ നിന്നാണ് നിർമ്മിക്കുന്നത്. അനധികൃത ലാബുകളിലാണ് നിർമ്മാണം. ക്രിസ്റ്റൽ രൂപത്തിലും നാവിനടിയിൽ വെയ്ക്കുന്ന സ്റ്റാമ്പ് രൂപത്തിലും ഇവ ലഭ്യമാണ്. ഒരു ഗ്രാമിന് 10.000രൂപയാണ് വില. ഇന്ത്യയിൽ ഗോവയിൽ ഇത് സുലഭമാണ്. എട്ട് മുതൽ 12മണിക്കൂർവരെ ലഹരി നിലനിൽക്കും. കഞ്ചാവിനും മറ്റുമയക്കുമരുന്നുകൾക്കും പകരം ലഹരിപാർട്ടികളിൽ ഇതാണ് ഇപ്പോൾ കൂടുതലും ഉപയോഗിക്കുന്നത്. ഒരു സെന്റീമീറ്റർ വലിപ്പമുള്ള സ്റ്റാമ്പിന് രണ്ടായിരം രൂപവരെ വിലയുണ്ട്. സിനിമാക്കാർക്കിടയിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇവരെ കുറിച്ചും പൊലീസിന് വ്യക്തമായ സൂചന കിട്ടിയിട്ടുണ്ട്.

നേപ്പാളിൽ നിന്നുകൊണ്ടുന്ന 16.30ലക്ഷം രൂപയുടെ എൽ.എസ്.ഡി.എന്ന മയക്കുമരുന്നുമായി മെക്കാനിക്കൽ എഞ്ചിനീയർ കോഴിക്കോട് പിടിയിലായതോടെയാണ് മയക്കുമരുന്ന് മാഫിയയുടെ പുതിയ ചിത്രം വെളിപ്പെടുന്നത്. കല്ലായി കുണ്ടുങ്ങൽ മനക്കാന്റകം ഷനൂബി(23)നെയാണ് കസബ സിഐ പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം ഇൻഡോർ‌സ്റ്റേഡിയത്തിനു സമീപത്ത് നിന്ന് അറസ്റ്റ് ചെയ്തത്. പഞ്ചസാരത്തരികളുടെ രൂപത്തിൽ സൂക്ഷിച്ച 163ഗ്രാം എൽ.എസ്.ഡി.ഷനൂബിൽ നിന്ന് കണ്ടെടുത്തു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും കൂടിയ അളവിൽ എൽ.എസ്.ഡി.പിടികൂടുന്നതെന്ന് സിറ്റിപൊലീസ് ഡെപ്പ്യൂട്ടി കമ്മീഷണർ മെറിൻജോസഫ് പറഞ്ഞു. നേപ്പാളിലെ ഒരു ഏജന്റാണ് കേരളത്തിലെത്തിച്ച് ഷനൂബിന് നൽകിയതെന്ന് പൊലീസ് പറഞ്ഞു. ഷനൂബാണ് കോഴിക്കോട് പലർക്കും കൈമാറുന്നത്. ഉന്നത സ്ഥാപനങ്ങളിൽ പഠിക്കുന്നവരാണ് ഉപഭോക്താക്കളെന്ന് ഡി.സി.പി. പറഞ്ഞു. ഷനൂബുമായി ബന്ധമുള്ള കണ്ണികളെകുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.

അത് വിശദമായി അന്വേഷിച്ച് വരികയാണ്. സംസ്ഥാനത്ത് എൽ.സ്.ഡി.വിതരണം ചെയ്യുന്നതിന് പിന്നിൽ വൻശൃംഖലതന്നെയുണ്ട്. അതുകൊണ്ട് വിശദ അന്വേഷണത്തിനായി നാർക്കോട്ടിക്ക് അസിസ്റ്റന്റ കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സ്‌കോഡ് രൂപവത്ക്കരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. രാജ്യാന്തര ബന്ധമുള്ള കേസായതിനാൽ കേസ് സിബിഐയ്ക്ക് കൈമാറുന്ന കാര്യവും പരിശോധിക്കും. ഈ മയക്കുമരുന്ന് വളരെ മുൻപ്തന്നെ വാങ്ങിയതാണെന്നാണ് ഷനൂബ് പൊലീസിനോട് പറഞ്ഞത്. പുതുവത്സരാഘോഷത്തിനായി നേപ്പാളിൽ നിന്ന് എത്തിച്ച കൂട്ടത്തിലാണ് ഇയാൾ്ക്ക് ലഭിച്ചത്. അമിത ലഹരി ഉപയോഗത്തെത്തുടർന്ന് വിദ്യാർത്ഥി മരിച്ചതോടെ വിൽക്കാനാവാതെ വെച്ചിരിക്കുകയായിരുന്നുവെന്നും ഷനൂബ് പറഞ്ഞു.

കേരളത്തിൽ പലയിടത്തും ബംഗളുരുവിലും നടക്കുന്ന ലഹരിപാർട്ടികൾക്ക് എൽ.സ്.ഡി.വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കോഴിക്കോട് നിന്ന് നിരവധി വിദ്യാർത്ഥികളാണ് ഇതിനായി ബംഗളുരുവിലേക്ക് പോവുന്നത്. ഹോളണ്ടിലെ ആംസ്റ്റർഡാമിൽ നിന്ന് ഓൺലൈൻവഴി എൽ.എസ്.ഡി. കോഴിക്കോട്ടെത്തുന്നുണ്ട്. കൊറിയർ സർവീസുകൾ വഴിയാണ് വരുന്നത്. സ്റ്റാമ്പ് രൂപത്തിലാണ് കൂടുതലായും എത്തുന്നത്. മണമില്ലാത്തതിനാൽ മയക്കുമരുന്നാണെന്ന് തിരിച്ചറിയാനും പറ്റില്ല.ക്രിസ്റ്റൽ രൂപത്തിലുള്ള എൽ.എസ്.ഡി.ആദ്യമായാണ് കോഴിക്കോട്ട് പിടികൂടുന്നത്. ഷനൂബുമായി ബന്ധമുള്ള ചിലർ പൊലീസ് പിടിയിലായതായും സൂചനയുണ്ട്. ഈറോഡ് എഞ്ചിനീയറിങ് കോളേജിൽ പഠിക്കുന്ന സമയത്താണ് ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് ഇതിന്റെ വിൽപ്പനക്കാരനുമായി മാറുകയായിരുന്നു.

പെട്ടെന്ന് തപാൽ സ്റ്റാമ്പാണെന്ന് കരുതുമെന്നതിനാൽ ബുക്കുകൾക്കുള്ളിലും മറ്റും ഇത് ഒളിപ്പിക്കുകാൻ കുട്ടികൾക്കാകും. എട്ടു മുതൽ 18 മണിക്കൂർ വരെ എൽഎസ്ഡിയുടെ ലഹരി നിലനിൽക്കുന്നുവെന്നതാണ് യുവതീയുവാക്കൾ ഇതിന്റെ അടിമകളാവാൻ കാരണം.ഹോളണ്ടിൽ നിന്ന് ഓർഡർ ചെയ്താണ് ഇവ ഇന്ത്യയിലെത്തിക്കുന്നത്. ആവശ്യപ്രകാരം എൽഎസ്ഡി ആദ്യം നേപ്പാളിലേക്കാണ് അയക്കുന്നത്. അവിടെ നിന്ന് വിമാനം വഴി ബംഗളുരുവിലെത്തും. ബംഗളുരുവിൽ നിന്നാണ് ഇവ കോഴിക്കോടെത്തുന്നതെന്നാണ് പൊലീസിനു ലഭിച്ച വിവരം. കൂടാതെ മൈസൂർ, ഗോവ എന്നിവിടങ്ങളിൽ നിന്നും മയക്കുമരുന്നു കേരളത്തിലേക്ക് എത്തുന്നുണ്ട്.

ലോഡ്ജ് മുറിയിൽ മയക്കുമരുന്ന് ഉപയോഗിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തെ തുടർന്ന് നാർക്കോട്ടിക് സ്‌ക്വാഡും പൊലീസും നടത്തിയ അന്വേഷണത്തിനിടെയാണ് സ്ഥിരമായി എൽഎസ്ഡി കൈകാര്യം ചെയ്യുന്ന എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കുറിച്ച് വിവരം ലഭിച്ചത്. ജില്ലയിലെ സ്‌കൂൾ കോളജ് വിദ്യാർത്ഥികൾക്ക് യുവാവ് സ്ഥിരമായി എൽഎസ്ഡി എത്തിച്ചു നൽകാറുണ്ടെന്നും പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഈറോഡിൽ മെക്കാനിക്കൽ എൻജിനീയറിങ് പൂർത്തിയാക്കി നല്ലളം ഡീസൽ പ്ലാന്റിൽ അപ്രന്റിസ് ട്രെയിനിയായി ജോലി ചെയ്തു വരികയായിരുന്നു ഷനൂബ്.

നേരത്തെ കഞ്ചാവും കറുപ്പും ഉപയോഗിച്ചവർ ഇപ്പോൾ എൽഎസ്ഡിയാണ് ഉപയോഗിക്കുന്നത്. പൊലീസിനുപോലും വേഗത്തിൽ കണ്ടെത്താൻ കഴിയില്ലാത്തതാണ് ഇവയുടെ പ്രത്യേകത. ഓവർഡോസ് ആയാൽപ്പോലും മരണം സംഭവിക്കില്ലെന്നു പിടിയിലായ ഷനൂബ് പൊലീസിനോട് വിശദീകരിച്ചു.