മുംബൈ: ഗ്രെറ്റ ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് അന്വേഷിക്കുന്ന ബീഡിലെ പരിസ്ഥിതി പ്രവർത്തകൻ ശന്തനു മുലുകിന് മുൻകൂർ ജാമ്യം. ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഡൽഹി കോടതി നേരത്തെ ശന്തനുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

അറസ്റ്റിൽനിന്ന് സംരക്ഷണം തേടി കഴിഞ്ഞ ദിവസമാണ് ശന്തനു ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസിലെ മറ്റൊരു പ്രതി മലയാളി അഭിഭാഷക നികിത ജേക്കബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ബോംബെ ഹൈക്കോടതി ബുധനാഴ്ച വിധി പറയും.



ശാന്തനു മുളുക് ജനുവരി 20 മുതൽ 27 വരെ കർഷക പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നുവെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ. ഡൽഹി അതിർത്തിയായ തിക്രിയിലാണ് ശാന്തനു പ്രതിഷേധിച്ചതെന്നും പൊലീസ് പറയുന്നു. ശനിയാഴ്ച ബെംഗളൂരുവിൽനിന്ന് അറസ്റ്റിലായ ദിശ രവിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം പുറത്തുവന്നതെന്നാണ് സൂചന

ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ നടന്ന അക്രമങ്ങളിൽ ശാന്തനു മുളുകും മറ്റു ആക്ടിവിസ്റ്റുകളും സന്നിഹിതരായിരുന്നുവെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഇതിനു മുൻപ് ജനുവരി 11ന് ദിശയും നികിത ജേക്കബും ശാന്തനുവും സൂം വഴി യോഗം ചേർന്നുവെന്നും ഈ യോഗത്തൽ മറ്റാരൊക്കെ പങ്കെടുത്തുവെന്നും ചോദിച്ച് സൂമിന് ഡൽഹി പൊലീസ് കത്തെഴുതുകയും ചെയ്തു.

ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമായി 6070 പേർ യോഗത്തിൽ പങ്കെടുത്തിട്ടുണ്ടായിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. ആഗോള പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യൂൻബെർഗ് ഈ യോഗത്തിൽ പങ്കെടുത്തിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഗൂഗിൾ ഡോക്കുമെന്റിലുള്ള ടൂൾകിറ്റ് ശാന്തനു തയാറാക്കിയ ഇമെയിൽ അക്കൗണ്ടിൽനിന്നാണ് പങ്കുവച്ചിരിക്കുന്നതെന്നും ഡൽഹി പൊലീസിന്റെ സൈബർ വിഭാഗം ജോയിന്റ് കമ്മിഷണർ പ്രേംനാഥ് ആരോപിച്ചു. ഖലിസ്ഥാൻ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ (പിജെഎഫ്) സ്ഥാപകൻ മോ ധാലിവാൽ നികിതയെയും ശാന്തനുവിനെയും ബന്ധപ്പെട്ടെന്നും കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന് പുനീത് എന്ന യുവതി വഴിയാണ് ഇരുവരുമായി ബന്ധപ്പെട്ടതെന്നും പ്രേംനാഥ് പറയുന്നു.

ഗൂഢാലോചനയ്ക്കു പിന്നിൽ അനിതാ ലാൽ എന്ന സ്ത്രീയുടെ പേരുകൂടി ഉയർന്നു കേൾക്കുന്നുണ്ട്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും ഡൽഹി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

മറ്റൊരു പ്രതി പരിസ്ഥതി പ്രവർത്തക ദിഷ രവിയെ ഡൽഹി പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദിഷ രവിയെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ദിഷ രവിക്ക് ദിവസം 30 മിനിറ്റ് അഭിഭാഷകരെ കാണാനും 15 മിനിറ്റ് കുടുംബാംഗങ്ങളെ കാണുന്നതിനും ഡൽഹി പാട്യാല കോടതി അനുമതി നൽകിയിട്ടുണ്ട്.

ബെംഗളൂരുവിലെ വീട്ടിൽ നിന്ന് ഞായറാഴ്ച രാവിലെയാണ് ഡൽഹി പൊലീസ് ദിഷ രവിയെ അറസ്റ്റ് ചെയ്തത്.