ചെന്നൈ: മിഴ്‌നാട്ടിൽ വി.കെ.ശശികല മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹം പരന്നതുമുതൽ ഏറ്റവുമധികം പരിഭ്രാന്തി പരന്നത് ഉദ്യോഗസ്ഥർക്കിടയിലാണ്. ശശികലയുടെ സ്ഥാനാരോഹണത്തിന് മുമ്പുതന്നെ, മലയാളിയായ സീനിയർ ഉദ്യോഗസ്ഥ ഷീല രാമചന്ദ്രൻ രാജിവച്ചിരുന്നു. ജയലളിതയുടെ വിശ്വസ്തയായി അറിയപ്പെട്ടിരുന്ന ഷീലയ്ക്ക് ചിന്നമ്മ ഭരണം അംഗീകരിക്കാനാവാതെയാണ് രാജിവെക്കേണ്ടിവന്നത്. ഷീലയടക്കം മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ രാജിവച്ചതിന് പിന്നാലെ, ഇപ്പോൾ ശാന്ത ഷീല നായർ എന്ന മറ്റൊരു മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥ കൂടി രാജിവച്ചു.

ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ചുമതലയിൽനിന്നാണ് ശാന്ത രാജിവച്ചത്. ശശികലയുടെ ഭരണം വന്നാൽ, തമിഴ്‌നാട്ടിലുണ്ടാകാൻ സാധ്യതയുള്ള അഴിമതിയും ക്രമക്കേടുകളും മുന്നിൽക്കണ്ടാണ് ഉദ്യോഗസ്ഥർ കൂട്ടമായി രാജിവെക്കുന്നതെന്നാണ് സൂചന. ഇന്റലിജൻസിന്റെ ചുമതലയുള്ള കെ.എൻ.സത്യമൂർത്തി നീണ്ട അവധിയിൽപ്രവേശിച്ചതും ഇതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിനായി ജയലളിത സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥയായിരുന്നു ശാന്ത ഷീല നായർ. തിരുവനന്തപപുരം ജഹഹർ നഗർ സ്വദേശിനിയായ ശാന്ത, ജയലളിതയുടെ അടുത്ത ഉദ്യോഗസ്ഥരിലൊരാളായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആസൂത്രണക്കമ്മീഷന്റെ ഉപാധ്യക്ഷയായാണ് ജയലളിത അവരെ നിയോഗിച്ചിരുന്നത്.

ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് കഴിഞ്ഞ മേയിൽ വിരമിച്ചെങ്കിലും സർവീസിൽ തുടരാൻ ജയലളിത അഭ്യർത്ഥിക്കുകയായിരുന്നു.. ഇതേത്തുടർന്ന് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി എന്ന തസ്തികയുണ്ടാക്കി അതിന്റെ ചുമതലയേൽപ്പിച്ചു. പോയസ് ഗാർഡനിലേക്ക് വിളിച്ചുവരുത്തിയാണ് ജയലളിത നിയമനം നൽകിയത്.

ശാന്തയുടെ ഔദ്യോഗിക കൃത്യനിർവഹണത്തിലെ മികവ് തമിഴ്‌നാട് നേരത്തെയും അറിഞ്ഞിട്ടുണ്ട്. 2004-ൽ തമിഴ്‌നാടിന്റെ തീരങ്ങളിൽ ആഞ്ഞടിച്ച സുനാമി മരണം വിതച്ചപ്പോൾ, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് ശാന്തയാണ്. 1973 ഐ.എ.എസ്. ബാച്ചുകാരിയാണ് ഇവർ.