ന്യൂഡൽഹി: ഡൽഹിയിലെ ജന്തർമന്ദറിൽ രാജസ്ഥാൻകാരി ഓം ശാന്തി ശർമ്മ സമരം തുടങ്ങിയിട്ട് ഒരു മാസമാകുന്നു. ശാന്തിയുടെ ആവശ്യം സിംപിളാണ് ഒരു കല്യാണം കഴിക്കാണം. എന്നാൽ ശാന്തി ഉദ്ദേശിക്കുന്ന വരൻ നിസാരക്കാരനല്ല, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ്. ഈ ആവശ്യം ഉന്നയിച്ചാണ് ഓം ശാന്തി ശർമ്മ ജന്തർമന്ദറിൽ ഇരിപ്പുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ എട്ട് മുതൽ ഈ ഇരുപ്പാണ്.

തലയ്ക്ക് വട്ടാണെന്ന് ആരും ഒറ്റയടിക്ക് തന്നെ പറഞ്ഞേക്കാമെങ്കിലും ശാന്തിക്ക് കൂസലില്ല. അദ്ദേഹവും തന്നെപ്പോലെ തനിച്ചാണ്. ഏറെ തിരക്ക്പിടിച്ചോടുന്ന പ്രധാനമന്ത്രിക്ക് ഒരു കൂട്ടുവേണ്ടത് ഇപ്പോഴാണെന്ന് ഈ 40 കാരി പറയുന്നു. മുമ്പ് താനും വിവാഹിതയായ ആളാണ്. അത് നീണ്ടു നിന്നില്ല. ഇപ്പോൾ ദീർഘകാലമായി താനും തനിച്ചാണ്. ഇതിനിടയിൽ അനേകം വിവാഹാലോചനകൾ വരുന്നുണ്ട്. എന്നാൽ താൻ ഇവിടെ വന്നത് നരേന്ദ്രമോദിയെ വിവാഹം കഴിക്കാനാണെന്നും ശാന്തി പറയുന്നു. ഒരുപാട് ജോലികൾ ചെയ്യാനുള്ളപ്പോഴാണ് സഹായം ആവശ്യമുള്ളത്. മൂത്തവരെ ബഹുമാനിക്കാനും അവരെ ജോലികളിൽ സഹായിക്കാനും പഠിപ്പിക്കുന്ന നമ്മുടെ സംസ്‌ക്കാരം ചെറുപ്പം മുതൽ ശീലിച്ചിട്ടുള്ള തന്നെക്കൊണ്ട് അദ്ദേഹത്തിന് ചെയ്തു കൊടുക്കാൻ കഴിയുന്ന ചെറിയ കാര്യങ്ങൾ ചെയ്യാൻ താൻ ശ്രമിക്കുമെന്നും ഓം ശാന്തി ശർമ്മ പറയുന്നു.

സമ്പത്തും പദവിയും നോക്കിയാണ് ഇതിന് മുതിരുന്നതെന്നും ആരും കരുതേണ്ട. ജയ്പൂരിൽ ധാരാളം വസ്തുവും പണവും സ്വന്തമായിട്ടുണ്ടെന്നും ഇവർ പറയുന്നു. കുറച്ചു സ്ഥലം വിൽപ്പന നടത്തി മോദിക്കായി വിലപ്പെട്ട സമ്മാനം വാങ്ങാനും ഉദ്ദേശമുണ്ട്. വിവാഹമോചിതയായ ഓംശാന്തിക്ക് ആദ്യ ബന്ധത്തിൽ 20 കാരിയായ ഒരു മകൾ കൂടിയുണ്ട്. അവരെ കുറിച്ചോർത്തും ഓം ശാന്തിക്ക് ദുഃഖമില്ല. കാരണം മകൾക്ക് വേണ്ട പണവും സ്വത്തും അവിടെതന്നെയുണ്ടെന്ന് ശാന്തി പറയുന്നു.

ഒരു മാസമായി ഇവിടെയുള്ള ഓംശാന്തി ജന്തർ മന്ദിറിലെ ഗുരുദ്വാരകളിൽ നിന്നും ക്ഷേത്രങ്ങളിൽ നിന്നും ഭക്ഷണം കഴിച്ചും പൊതു ശൗചാലയങ്ങൾ ഉപയോഗിച്ചുമാണ് ജീവിക്കുന്നത്. 30 ദിവസമായി ഇവിടെ സമരം നയിക്കുന്ന ഓം ശാന്തി ശർമ്മയ്ക്ക് പക്ഷേ ഇപ്പോഴത്തെ ഭീഷണി സമരവേദി മാറ്റണമെന്ന് ആവശ്യപ്പെടുന്ന ഹരിത ട്രിബ്യൂണലാണ്. തന്നെ സർക്കാർ ഇവിടെ നിന്നും ഓടിച്ചാൽ എങ്ങോട്ട് പോകുമെന്ന് അറിയില്ലെന്നും ഒരു മാസമായി ഇവിടം നല്ല താവളമായിരുന്നെന്നുമാണ് പറയുന്നത്.