രാമപുരം: അമിതവേഗത്തിലെത്തിയ സ്വകാര്യബസ് വിദ്യാർത്ഥികൾ സഞ്ചരിച്ച സൈക്കിളിൽ ഇടിച്ച് ഒരാൾ മരിച്ചു. ആർ ബാലകൃഷ്ണപിള്ളയുടെ സഹോദരീ പുത്രനായ മനോജിന്റെ ബസ്സായ ശരണ്യയാണ് അപകടമുണ്ടാക്കിയത്.

അമനകര ചാവറ ഇന്റർനാഷണൽ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥി വെള്ളിലാപ്പള്ളി തേവർകുന്നേൽ സാജൻ തോമസ്ഷിജി ദമ്പതികളുടെ ഏക മകൻ ആകാശ്(13) ആണു മരിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡരികിലെ റബർത്തോട്ടത്തിലേക്കു തെറിച്ചുവീണ, താളനാനിക്കൽ ദിലീപിന്റെ മകൻ ക്രിസ്റ്റിയെ(14) കാരിത്താസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിസ്റ്റിയും ഇതേ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ വൈകിട്ട് അഞ്ചിന് പാലാകൂത്താട്ടുകുളം റോഡിൽ വെള്ളിലാപ്പള്ളി പുതുവേലി പാലത്തിന് സമീപമായിരുന്നു അപകടം.

ബസ് ഇടിച്ച് മരിച്ചതു സ്വന്തം മകനാണെന്നറിയാതെ പിതാവ് മകന്റെ മുറിവേറ്റ ശരീരവുമായി ആശുപത്രിയിലേക്കു പാഞ്ഞു. രക്തത്തിൽ കുളിച്ചു മടിയിൽ കിടന്ന ആ കുട്ടി മകനാണെന്നും അവന്റെ ജീവൻ പൊലിഞ്ഞെന്നും ആശുപത്രിയിൽ വച്ചാണ് സാജൻ തിരിച്ചറിഞ്ഞത്. സാജനും ഭാര്യ ഈരാറ്റുപേട്ട മൂലേച്ചാലിൽ സിജിക്കും വിവാഹം കഴിഞ്ഞ് എട്ടു വർഷത്തിനു ശേഷം ജനിച്ച ഏക മകനായിരുന്നു ആകാശ്. അപകടം നടന്ന സ്ഥലത്തോടെ ചേർന്നാണ് ആകാശിന്റെ വീട്. അമിത വേഗത്തിലെത്തിയ ശരണ്യ എന്ന സ്വകാര്യ ബസ് വിദ്യാർത്ഥികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

സ്‌കൂൾ വിട്ട് ട്യൂഷനും കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു ആകാശും സുഹൃത്ത് താളനാനിക്കൽ ക്രിസ്റ്റി ദിലീപും. അമനകര ചവറ ഇന്റർനാഷനൽ സ്‌കൂൾ വിദ്യാർത്ഥികളാണ് ഇരുവരും. സൈക്കിൾ തള്ളിക്കൊണ്ട് നടക്കുകയായിരുന്നു ഇവർ. എറണാകുളത്തു നിന്ന് പത്തനംതിട്ടയ്ക്കു പോവുകയായിരുന്ന ബസ് പിന്നിൽ നിന്നു വന്ന് വിദ്യാർത്ഥികളെ ഇടിച്ചു തെറിപ്പിച്ചു. റോഡരികിലെ റബർ തോട്ടത്തിലേക്ക് ക്രിസ്റ്റി തെറിച്ചു വീണു. ആകാശിനെ ബസിനടിയിൽ നിന്നാണ് പുറത്തെടുത്തത്. സൈക്കിളും തെറിച്ചുപോയി. ശബ്ദം കേട്ട് ഓടിയെത്തിയ സാജൻ രണ്ടു കുട്ടികളെയും എടുത്ത് കാറിൽ കയറ്റി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു.

ശബരിമല തീർത്ഥാടകരുടെ വാഹനത്തെ മറികടന്നെത്തിയ ശരണ്യ ബസ് എതിരെ വന്ന തടി കയറ്റിയ ലോറിയിൽ ഇടിക്കാതെ ഇടത്തേക്ക് വെട്ടിക്കുന്നതിനിടെയാണ് അപകടം. വിദ്യാർത്ഥികളെ ഇടിച്ചിട്ടശേഷം നിയന്ത്രണംവിട്ട ബസ് റോഡരുകിലെ വൈദ്യുതപോസ്റ്റിൽ ഇടിച്ചാണു നിന്നത്. അപകടത്തെത്തുടർന്ന് ബസ് ജീവനക്കാർ ഓടി രക്ഷപ്പെട്ടു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ അക്രമാസക്തരായി. ബസ് തല്ലിത്തകർത്തു. ബസിന് ഈ റൂട്ടിൽ ഓടാൻ പെർമിറ്റ് ഇല്ലെന്നും അനധികൃതമായി സർവീസ് നടത്തുകയായിരുന്നെന്നും നാട്ടുകാർ പറഞ്ഞു.

സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെ പാലാ സിഐ ബാബു സെബാസ്റ്റ്യനു പരുക്കേറ്റു. ഇദ്ദേഹത്തെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധവുമായി വൻ ജനാവലിയാണ് സംഭവസ്ഥലത്ത് എത്തിച്ചേർന്നത്.