കായംകുളം: പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്ന് കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി ശരണ്യ മാതൃകയാക്കിയത് സോളാർ തട്ടിപ്പ് നായിക സരിതയയോ സോളാർ കേസിലെ പ്രതിയുമായി ബന്ധപ്പെട്ടുയർന്ന കഥകളെ മുന്നിൽ നിർത്തിയായിരുന്നു തൃക്കുന്നപ്പുഴ പാനൂർ കുറത്തറ വീട്ടിൽ ശരണ്യയുടേയും പ്രവർത്തനം. സോളാർ കേസിലെ പ്രതിയെ പോലെ ഉന്നത ബന്ധങ്ങൾ സൃഷ്ടിച്ചാണ് ഇവർ സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. നൂറിലധികം പേരാണ് തൃക്കുന്നപ്പുഴ പാനൂർ കുറത്തറ വീട്ടിൽ ശരണ്യയുടെ വലയിൽവീണത്. മണിയാർ,തൃശൂർ ക്യാമ്പുകളിലെ ചില പൊലീസുകാരുമായി ഇവർക്ക് അടുപ്പമുണ്ടായിരുന്നെന്നും വിവരമുണ്ട്. നർത്തകി കൂടിയായ ശരണ്യ ഈ ബന്ധങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് വ്യാപകമാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ശരണ്യയെ പിടികൂടാൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ശരണ്യയ്ക്കുള്ള ഉന്നത ബന്ധങ്ങൾ ഒളിവിൽ കഴിയാൻ സഹായം ചെയ്യുന്നുണ്ടെന്ന സംശയം പൊലീസിനുണ്ട്. ശരണ്യയുടെ ബന്ധങ്ങൾ കണ്ടെത്തിയ ശേഷം അവരെ കുടുക്കാനാണ് പൊലീസിന്റെ നീക്കം. ഉന്നത രാഷ്ട്രീയക്കാർ അടക്കം പലരേയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ശരണ്യ ഉൾപ്പെടെ നാലുപേരെക്കൂടി കിട്ടാനുണ്ടെന്ന് കായംകുളം പൊലീസ് പറഞ്ഞു. ശരണ്യയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ണൂർ,വയനാട്, എറണാകുളം, തൃശൂർ, മണിയാർ പൊലീസ് ക്യാമ്പുകളിലേക്കുള്ള സർക്കാരിന്റെയും പൊലീസ് വകുപ്പിന്റെയും മുദ്രയുള്ള വ്യാജ അപ്പോയ്‌മെന്റ് ഓർഡർ, ഉദ്യോഗാർത്ഥികളുടെ വ്യാജ ഫിസിക്കൽ വെരിഫിക്കേഷൻ റിപ്പോർട്ട്, മെഡിക്കൽ ഫിറ്റ്‌നസ് റിപ്പോർട്ടുകൾ എന്നിവ പിടിച്ചെടുത്തിരുന്നു.

ചില രഹസ്യ വിവരങ്ങൾ അനുസരിച്ച് ശരണ്യയെ കുടുക്കാൻ പൊലീസ് നടത്തിയ ശ്രമം കഴിഞ്ഞ ദിവസം പൊളിഞ്ഞിരുന്നു. പൊലീസ് എത്തുന്നതിനു തൊട്ടുമുൻപു രഹസ്യകേന്ദ്രത്തിൽ നിന്നു ഈ ഇരുപത്തിമൂന്നുകാരി തന്ത്രപരമായി രക്ഷപ്പെട്ടു. ശരണ്യയുടെ സഹായി രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു ശരണ്യ തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തിലുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചത്. എന്നാൽ, പൊലീസ് എത്തുന്നതിനു തൊട്ടുമുൻപു യുവതി രക്ഷപ്പെടുകയായിരുന്നു എന്നാണു വിവരം. തട്ടിപ്പിൽ പൊലീസിലെ ചിലരുടെ പങ്കിനെപ്പറ്റിയുള്ള സംശയം ഇതു ബലപ്പെടുത്തുന്നതായാണു തട്ടിപ്പിനിരയായവർ പറയുന്നത്.

ശരണ്യ ആഡംബര ജീവിത്തോടുള്ള ഭ്രമത്തിലാണ് തട്ടിപ്പ് തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. മന്ത്രിമാരുമായി അടുപ്പമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച്,100 ഓളം പേരേയാണ് പറ്റിച്ചത്. പ്‌ളസ്ടു വരെ പഠിച്ച ശരണ്യയാണ് തട്ടിപ്പിന്റെ സൂത്രധാരയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പത്തനംതിട്ട എസ്‌പി ഓഫീസിലെ ജീവനക്കാരിയാണെന്നും അഭ്യന്തര മന്ത്രിയുടെ ഭാര്യയ്ക്ക് എസ്‌കോർട്ട് പോകുന്നത് താനാണന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സുരേന്ദ്രൻ ഗ്രഫ് ജീവനക്കാരനായിരുന്നു. നാട്ടിലെത്തി ചായക്കടയും മേസ്തിരിപ്പണിയുമൊക്കെയായിരുന്നു. പിന്നീടാണ് മകളുടെ തട്ടിപ്പിൽ സഹായിയായത്. പണം കുമിഞ്ഞുകൂടിയതോടെ ആഡംബരജീവിതമായി.

പൊലീസിന്റെ പേരിലുള്ള തട്ടിപ്പായതിനാൽ ഗൗരവത്തോടെയാണ് ഡിജിപി സെൻകുമാറും കേസിനെ കാണുന്നത്. ശരണ്യയെ എത്രയും വേഗം പിടികൂടണമെന്ന് ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. ശരണ്യ സംസ്ഥാനം വിടാനുള്ള സാധ്യതയും അന്വേഷണ സംഘം പരിഗണിക്കുന്നുണ്ട്. തട്ടിപ്പ് പുറത്തായതിനെത്തുടർന്ന് ഹരിപ്പാട്, തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനുകളിൽ കൂടുൽ പേരെത്തി പരാതി നൽകി. അറസ്റ്റിലായ ശരണ്യയുടെ പിതാവ് സുരേന്ദ്രൻ (56), മാതാവ് അജിത (48), സുരേന്ദ്രന്റെ സഹോദരീപുത്രൻ തോട്ടപ്പള്ളി ചാലേത്തോപ്പിൽ വീട്ടിൽ ശംഭു (21) എന്നിവരെ കായംകുളം കോടതി റിമാൻഡ് ചെയ്തു. എന്നാൽ ശരണ്യയെ പിടികൂടിയാൽ മാത്രമേ തട്ടിപ്പിന്റെ യഥാർത്ഥ ചിത്രം പുറത്തു വരൂ.

പ്രതികളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ വയനാട്, എറണാകുളം, തൃശൂർ, കണ്ണൂർ, മണിയാർ എന്നീ പൊലീസ് ക്യാമ്പുകളിലേക്കുള്ള നിയമനം സംബന്ധിച്ച രേഖകൾ കണ്ടെത്തു. ഉദ്യോഗാർത്ഥികൾ വിശ്വസിക്കുവാൻ വേണ്ടി പൊലീസ് ക്യാമ്പുകളിലും കൊണ്ടുപോയി തട്ടിപ്പു നടത്തിയിരുന്നു. മുഖ്യപ്രതിയായ ശരണ്യയുടെ ഭർത്താവ് ഒളിവിലാണ്. ശരണ്യയുടെ മൂന്ന് ആഡംബര കാറുകൾ വീട്ടിൽ നിന്നും ഒളിപ്പിച്ചു കടത്തിയിരിക്കുകയാണ്. കൂടാതെ കമ്പ്യൂട്ടറുകളും അനുബന്ധ സാധനങ്ങളും എടുത്തുകൊണ്ടുപോയതായി പൊലീസ് പറയുന്നു. പുതുപ്പള്ളി, ഹരിപ്പാട് എന്നിവിടങ്ങളിലുള്ളവരാണ് കൂടുതൽ തട്ടിപ്പിനിരയായിട്ടുള്ളത്.

ശരണ്യയുടെ വീട്ടിൽ പൊലീസ് പരിശോധനയ്ക്ക് എത്തുന്നതിനു തൊട്ടുമുൻപ്, വ്യാജരേഖകൾ ഉണ്ടാക്കാൻ ഉപയോഗിച്ച കംപ്യൂട്ടറും ഒട്ടേറെ വ്യാജരേഖകളും ശരണ്യ കടത്തിയതിനെ സംശയത്തോടെയാണ് പൊലീസ് കാണുന്നത്. ശരണ്യയ്ക്കു തട്ടിപ്പു നടത്താൻ പിൻബലമേകിയവരിൽ പൊലീസിൽ ആർക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നു ഡിവൈഎസ്‌പി എസ്. ദേവമനോഹർ പറഞ്ഞു. രാജേഷിനെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ശരണ്യയെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും ഡിവൈഎസ്‌പി പറഞ്ഞു. ശരണ്യയ്ക്ക് പണം നൽകിയവരോട് ഡി.വൈ.എസ്‌പിയെന്ന് സ്വയം പരിചയപ്പെടുത്തി ഫോണിൽ സംസാരിച്ച രാധാകൃഷ്ണൻ, ശരണ്യയുടെ ഭർത്താവ് പ്രദീപ്, കൂട്ടാളി രാജേഷ് എന്നിവരെക്കൂടി അറസ്റ്റുചെയ്യാനുള്ള ശ്രമം ഊർജിതമാക്കി.