തിരുവനന്തപുരം: ഭർത്തൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതെന്ന ആരോപണം ശക്തമാകുന്നു. വെള്ളായണി കല്ലിയൂർ പെരിങ്ങമ്മല കേളേശ്വരം മഹാദേവനഗർ ശ്രീമൂകാംബികയിൽ രാഹുലിന്റെ ഭാര്യ ശരണ്യ (24)യാണ് മരിച്ചത്.

മൂന്നുവർഷം മുമ്പാണ് കുമാരപുരം പൂന്തിറോഡ് ശരണ്യാ നിവാസിൽ ശശിധരൻ സതി ദമ്പതികളുടെ മകൾ ശരണ്യയെ കേബിൾ ടി.വി ജീവനക്കാരനായ രാഹുൽ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. എന്നാൽ ഏറെ വൈകാതെ പ്രശ്‌നങ്ങളും തുടങ്ങിയ ഇതോടെ ശരണ്യ പിണങ്ങി സ്വന്തം വീട്ടിലുമെത്തി. എന്നാൽ ഈമാസം 2ന് രാഹുൽ ശരണ്യയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

അതിനുശേഷമുണ്ടായ പ്രശ്‌നങ്ങളാകാം മരണത്തിൽ കലാശിച്ചതെന്നാണ് ശരണ്യയുടെ ബന്ധുക്കൾ പറയുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് മുറിക്കുള്ളിൽ ശരണ്യയെ മരിച്ച നിലയിൽ കണ്ടത്. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ഫാനിൽ തൂങ്ങിമരിച്ചതായാണ് മൃതദേഹം മെഡിക്കൽ കോളേജിലെത്തിച്ച ഭർത്തൃവീട്ടുകാർ ആശുപത്രി അധികൃതരോട് പറഞ്ഞത്. വിവരമറിഞ്ഞെത്തിയ യുവതിയുടെ ബന്ധുക്കളും രാഹുലിന്റെ ബന്ധുക്കളും തമ്മിൽ തർക്കമുണ്ടായി.

പൊലീസ് ഇടപെട്ട് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയശേഷമാകും പോസ്റ്റുമോർട്ടം. യുവതിയുടെ ബന്ധുക്കൾ നേമം പൊലീസ് മുമ്പാകെ നൽകിയ മൊഴിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസിൽ രാഹുലിനെ പ്രതിയാക്കുമെന്നാണ് സൂചന.