തലശേരി: പോക്സോ കേസിലെ പ്രതിയായ പ്രവാസി വ്യവസായിക്ക് വ്യാജസർട്ടിഫിക്കറ്റു നൽകിയ സർക്കാർ ഡോക്ടർ കുടുങ്ങുന്നു. ബന്ധുക്കളുടെ ഒത്താശയോടെ പതിനഞ്ചുവയസുകാരി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ വ്യവസായി കുയ്യാലി ഷറാറ ബംഗൽവിൽ യു.കെ ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന് കാണിച്ച് മെഡിക്കൽ റിപ്പോർട്ട് നൽകിയ തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യൽ പ്രൊസിക്യൂട്ടർ ബീനകാളിയത്താണ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കത്തു നൽകിയത്.

ധർമടം പൊലിസ് ചാർജ് ചെയ്ത കേസിലാണ് ഷറഫുദ്ദീൻ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്നത്. ജനറൽ ആശുപത്രിയിൽ നിന്ന് നൽകിയ റിപ്പോർട്ടിൽ തൃപ്തിയില്ലാത്തതിനാൽ പൊലിസ് പ്രതിയെ ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ബോർഡിനു മുൻപാകെ പരിശോധിക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരുന്നു.

ഇതിനെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് മുൻപാകെ പരിശോധിച്ചപ്പോൾ ഷറഫുദ്ദീന് ലൈംഗികശേഷിയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.ഇത്രയും ഗൗരവകരമായ കേസിൽ ശാസ്ത്രീയ പരിശോധനകളൊന്നുമില്ലാതെ അശ്രദ്ധമായി റിപ്പോർട്ടു നൽകിയതിനെതിരെയാണ് ഡോക്ടർക്കെതിരെ ബീനകാളിയത്ത് പരാതി നൽകിയത്. പതിനഞ്ചുവയസുകാരി പെൺകുട്ടിയെ ഇളയമ്മയുടെയും ഭർത്താവിന്റെയും ഒത്താശയോടെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മൂന്നാം പ്രതിയായ തലശേരി കുയ്യാലി ഗുഡ്സ് ഷെഡ് റോഡിലെ ഷറാറ ഷറഫുദ്ദീന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഈ കേസിലെ രണ്ടാം പ്രതിയായ കുട്ടിയുടെ മാതൃസഹോദരിക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും ഒന്നാം പ്രതി ഇപ്പോഴും ജുഡീഷ്യൽകസ്റ്റഡിയിൽ തന്നെയാണുള്ളത്.വ ീടു നിർമ്മാണത്തിനായി പണം വാഗ്ദ്ധാനം ചെയ്തു കുട്ടിയുടെ ബന്ധുക്കളെ പ്രലോഭിപ്പിച്ചു പതിനഞ്ചുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് പ്രതി ഷറാഫ ഷറഫുദ്ദീൻ ഉൾപ്പെടെ മൂന്നുപേർക്കെതിരെ ധർമടം പൊലിസ് കേസെടുത്തത്.

പ്രവാസി വ്യവസായിക്ക് ലൈംഗിക ശേഷിക്ക് കുറവില്ലെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയിരുന്നു. ഇതോടെ വ്യവസായിയെ രക്ഷിക്കാൻ നടത്തി നീക്കം എല്ലാം പൊളിഞ്ഞു. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കേസിൽ നിർണ്ണായകമാണ്. ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുലയുടെ ഉത്തരവ് പ്രകാരം ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഫിസിഷ്യൻ, സർജൻ, സൈക്യാട്രിസ്റ്റ്, ഫോറൻസിക് സർജൻ തുടങ്ങിയ വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് ഷറാറ ഷറഫുവിന് ലൈംഗികശേഷിക്കുറവില്ലെന്ന് കണ്ടെത്തിയത്. ഈ പരിശോധന അട്ടിമറിക്കാനും മറ്റൊരു സംഘത്തെ നിയമിക്കാനും ചിലർ ശ്രമിച്ചിരുന്നു. എന്നാൽ കോടതി ഇടപെടലിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് പരിശോധന നടന്നത്.

പരിശോധന റിപ്പോർട്ട് സീൽ ചെയ്ത കവറിൽ ഡിഎംഒ കോടതിക്ക് മുമ്പാകെ എത്തിക്കുകയായിരുന്നു. ജനറൽ ആശുപത്രിയിലെ പരിശോധന റിപ്പോർട്ട് വിവാദമായതിനെത്തുടർന്നാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ച് ലൈംഗിക ക്ഷമത പരിശോധന നടത്താൻ കോടതി ഉത്തരവിട്ടത്. ഭാര്യയും മക്കളുമുള്ള വ്യവസായ പ്രമുഖന് ലൈംഗിക ശേഷിയില്ലെന്ന സർട്ടിഫിക്കറ്റ് കോടതിയിൽ നൽകിയതിനെതിരെ പബ്ലിക്ക് പ്രാസിക്യൂട്ടർ ബീനാ കാളിയത്ത് നൽകിയ പരാതിയിലാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടത്. ഇതിലൂടെ സത്യം പുറത്തു വന്നു. പതിയാണ്.

മാർച്ച് 25 നായിരുന്നു കേസിനാസ്പദമായ സംഭവം. ജൂൺ 28 നായിരുന്നു ധർമടം സിഐയായിരുന്ന അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഷറാറ ഷറഫുദ്ദിനെ അറസ്റ്റ് ചെയ്തത്. കതിരൂരിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പെൺകുട്ടിയുടെ ഇളയമ്മയ്ക്കും ഭർത്താവിനും സ്വന്തമായി വീട് വയ്ക്കാനുള്ള സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പ്രവാസി വ്യവസായി സ്വന്തം വീട്ടിൽ വെച്ച് ലൈംഗിക ചൂഷണത്തിനായി ശ്രമിച്ചുവെന്നാണ് കേസ്.