മെച്ചപ്പെട്ട നിലയിലായിരുന്ന ഓഹരി വിപണിക്ക് കുറച്ചുദിവസമായി കഷ്ടകാലമാണ്. ഓഹരി വിപണിക്ക് വാരാവസാനത്തോടെ തിരിച്ചടി നേരിടുകായിരുന്നു. രാജ്യാന്തര വിപണികൾക്ക് ചുവടുപിടിച്ച് വ്യാഴാഴ്ച വിൽപ്പന സമ്മർദത്തിലേക്ക് നീങ്ങിയ വിപണിയിൽ വെള്ളിയാഴ്ച എസ് ബി ഐ ഉൾപ്പെടെ ഏതാനും മുൻനിര കമ്പനികൾ മോശം ഫലം പുറത്തുവിട്ടതോടെ വിൽപ്പന സമ്മർദം കരുത്താർജിക്കുകയായിരുന്നു. ഇതോടെ വരും ദിവസങ്ങളിൽ ഓഹരി വിപണി കൂടുതൽ താഴേക്ക് നീങ്ങാനുള്ള സാധ്യതയാണുള്ളത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (അറ്റാദായത്തിൽ 28 ശതമാനത്തോളം വളർച്ച നേടിയെങ്കിലും നിഷ്‌ക്രിയ ആസ്തി കാര്യമായി വർധിച്ചു. ഇത് ബാങ്കിന്റെ വായ്പകളുടെ ഗുണമേന്മ സംബന്ധിച്ച് സംശയങ്ങൾ ഉയർത്തുകയും ചെയ്തതോടെ ഈ ഓഹരിയിൽ വെള്ളിയാഴ്ച വൻവിൽപ്പന നടന്നു. ഒ.എൻ.ജി.സി, ടാറ്റാ സ്റ്റീൽ തുടങ്ങിയ മുൻനിര കമ്പനികളുടെ നിരാശാജനകമായ ഫലം വിപണിയിൽ ആശങ്കകൾ ഉയർത്തുന്നതിനിടെയായിരുന്നു വെള്ളിയാഴ്ച ഇടപാടുകൾ അവസാനിക്കുന്നതിന് മുമ്പ് എസ്.ബി.ഐയുടെ ഫലം പുറത്തുവരുന്നത്. ഇത് വിപണിക്ക് കനത്ത തിരിച്ചടിയാവുകയായിരുന്നു. വരും ദിവസങ്ങളിൽ ഓഹരി വിപണിയെ ആവേശം കൊള്ളിക്കാൻ ഉതകുന്ന ഒന്നും പുറത്തുവരാനില്ല. അതുകൊണ്ടുതന്നെ വിപണിയിൽ ഒരു മുന്നേറ്റം ഉണ്ടാകാനുള്ള സാധ്യത വളരെ വിരളമാണ്.

വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ നിലപാടാണ് ഇത്തരമൊരു അവസ്ഥ മാറ്റാൻ വഴിയൊരുക്കിയേക്കാവുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിപണിയിൽ സജീവമാകാനുള്ള സാധ്യതയില്ല. ഇതിന് കാരണം ഇന്ത്യയിലെ ഏറ്റവും വലിയ കോർപറേറ്റ് സ്ഥാപനമായ റിലയൻസ് ഇന്റസ്ട്രീസ് ഉൾപ്പെടെയുള്ള കമ്പനികളുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട വിവാദമാണ്. വരും ദിവസങ്ങളിൽ ഇത് എങ്ങനെന നീങ്ങുമെന്നത് ഓഹരി വിപണിയെയും ബാധിച്ചേക്കാം.


ആസ്തികളുടെ ഗുണമേന്മ സംബന്ധിച്ച് സംശയങ്ങൾ ഉയർന്നതോടെ വരും ദിവസങ്ങളിൽ എസ്.ബി.ഐ ഓഹരി കൂടുതൽ തകർച്ച നേരിടാനാണ് സാധ്യത. ഒ.എൻ.ജി.സി, ടാറ്റാ സ്റ്റീൽ, റിലയൻസ് ഇന്റസ്ട്രീസ് എന്നീ ഓഹരികളും ഈ ഭീഷണി നേരിടുന്നുണ്ട്. ഈ ഓഹരികളെല്ലാം തന്നെ പ്രധാന സൂചികകളിൽ കാര്യമായ സ്വാധീനമുള്ളവയാണ്. അതുകൊണ്ടുതന്നെ ഈ ഓഹരികൾ താഴേക്ക് നീങ്ങിയാൽ അത് സൂചികകളെയും താഴേക്ക് കൊണ്ടുപോകും.
പോയവാരം തുടക്കത്തിൽ 18900 ത്തിനടുത്തുവരെയെത്തിയ ബോംബെ ഓഹരി വില സൂചിക (സെൻസെക്‌സ്) 71.72 പോയന്റ് നഷ്ടത്തിൽ 18683.68 ലാണ് ഇടപാടുകൾ അവസാനിപ്പിച്ചത്. ഇപ്പോഴും 18850 സെൻസെക്‌സിനെന സംബന്ധിച്ചിടത്തോളം നിർണായക നിലവാരമാണ്. പോയവാരവും ഇത് ഭേദിക്കാനുള്ള ശ്രമം ഉണ്ടായി. എന്നാൽ, ശക്തമായി മുകളിലേക്ക് നീങ്ങുന്നതിൽ സൂചിക പരാജയപ്പെടുകയായിരുന്നു. വരും ദിവസങ്ങളിലും 18850 ഭേദിക്കാനായിരിക്കും സൂചിക ശ്രമിക്കുക. സമീപകാലത്തെ ഏറ്റവും ഉയർന്ന നിലവാരമായ 19137 ന് മുകളിലേക്ക് സൂചിക എത്തുന്നില്ലെങ്കിൽ 18100 വരെ സൂചിക താഴാനാണ് സാധ്യത.