കോഴിക്കോട്: ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ പ്രതിസന്ധി. യുഎഇ മലയാളികളുടെ ഇടപെടൽ തേടി ഇരു കുടുംബങ്ങളും കാത്തിരിപ്പ് തുടരുന്നു.

വ്യാഴാഴ്ച രാവിലെയാണു രണ്ട് മലയാളികൾ മരിക്കാനിടയായ അപകടം ഷാർജയിൽ നടന്നത്. എന്നാൽ തൊട്ടടുത്ത ദിവസങ്ങളിൽ ഗൾഫ് നാടുകളിലെ അവധിയും മറ്റു നടപടിക്രമങ്ങളും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് തടസമായി.

കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി പറയിൻകണ്ടി പ്രഭാകരൻ നായരുടെ മകൻ ബിജു (40), മലപ്പുറം വെട്ടം പരിയാപുരം വീട്ടുവളപ്പിൽ സൈതാലിക്കുട്ടിയുടെ മകൻ അബ്ദുൽ ജലീൽ (27) എന്നിവരാണ് ഷാർജയിലെ അപകടത്തിൽ മരിച്ചത്.

വ്യാഴാഴ്ച രാവിലെ പത്തിന് ദേരയിൽ നിന്നും ഷാർജയിലേക്ക് ചരക്കുമായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ച ഗുഡ്‌സ് വാനിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ടതോടെ എതിരെ വന്ന മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. വാനിലുണ്ടായിരുന്ന മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ഷാർജയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷനറിയും മറ്റുഅവശ്യസാധനങ്ങളും കടകളിലെത്തിക്കുന്ന ജോലിയായിരുന്നു ഇരുവർക്കും.

ജോലിയുടെ ഭാഗമായിട്ടായിരുന്നു ദേരയിൽ നിന്നും ഷാർജയിലേക്ക് പോയിരുന്നത്. കഴിഞ്ഞ പത്ത് വർഷമായി ദുബായിൽ ഡ്രൈവറായിട്ടാണ് ബിജു ജോലിചെയ്തു വന്നിരുന്നത്. സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി പോകുമ്പോൾ ബിജു ഓടിച്ചിരുന്ന ത്രീ ടെൻ പിക്കപ്പ് എതിർ ദിശയിൽ നിന്നും വന്ന പിക്കപ്പുമായിട്ടാണ് കൂട്ടിയിടിച്ചത്. രണ്ടര മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിന് മുത്തം നൽകി വീണ്ടും പ്രവാസ ലോകത്തെക്ക് ബിജു തിരിച്ചത് കഴിഞ്ഞ ജൂണിലായിരുന്നു. അച്ഛന് എന്ത് സംഭവിച്ചെന്നറിയാതെ വീട്ടിലെ ആൾകൂട്ടം കണ്ട് പകച്ചു നിൽക്കുകയാണ് ഒമ്പത് വയസുകാരി അനാമിക. കുഞ്ഞിലക്ഷ്മിയാണ് അമ്മ.

ദുബായ് ദേരയിൽ കഴിഞ്ഞ ഒന്നര വർഷമായി സെയിൽസ് മാനായി ജോലിചെയ്തു വരികയായിരുന്നു അബ്ദുൽ ജലീൽ. മൂന്ന് മാസം മുമ്പായിരുന്നു അവധി കഴിഞ്ഞ് ദുബായിലേക്ക് തിരിച്ചത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ജലീൽ. രണ്ടരവയസുകാരി റജുല ഏക മകളാണ്. മാതാവ് നഫീസ, ഭാര്യ ഹാജിറ. മുഹമ്മദ്, സൈനബ, സക്കീന, സൈഫുന്നിസ എന്നിവർ സഹോദരങ്ങളാണ്.

വ്യാഴാഴ്ച രാത്രിയോടെയാണ് ഇരുവരുടെയും മൃതദേഹം യു.എ.ഇയിലുള്ള ബന്ധുക്കളെത്തി തിരിച്ചറിഞ്ഞത്. ഷാർജയിലെ ഖുവൈത്ത് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. ഇന്ന് പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു. യു.എ.ഇ മലയാളി സമാജം, കെ.എം.സി.സി തുടങ്ങിയ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ മൃദദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി വരുന്നുണ്ട്. എന്നാൽ ഷാർജാ പൊലീസ് സ്റ്റേഷനിൽ നിന്നുമുള്ള സാക്ഷ്യപത്രം കോടതിയിൽ സമർപ്പിച്ച ശേഷം കോടതി നടപടിക്രമങ്ങൾ പൂർത്തിയായാൽ മാത്രമെ നാട്ടിലേക്കുള്ള ടിക്കറ്റ് ലഭിക്കൂ. ഇതിന് ദിവസങ്ങൾ വേണ്ടിവരുമെന്നാണ് അറിയുന്നത്. മൃതദേഹങ്ങൾ അടിയന്തിരമായി നാട്ടിലെത്തിക്കുന്നതിനായി രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ ഇടപെടണമെന്നാണ് ഇരുകുടുംബങ്ങളുടെയും ആവശ്യം.