ന്യൂഡൽഹി: വിഖ്യാത ബോളിവുഡ് നടൻ ശശികപൂർ അന്തരിച്ചു. 79 വയസായിരുന്നു. ദാദാ സാഹിബ് ഫാൽകെ പുരസ്‌കാരം നൽകി രാജ്യം ആദരിച്ച വ്യക്തിയാണ് അദ്ദേഹം. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. 2015ലാണ് അദ്ദേഹത്തിന് ഫാൽകെ അവാർഡ് ലഭിക്കുന്നത്.

ബാലതാരമായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ശശികപൂർ 60 കളോടെ മുൻനിര താരമായി വളരുകയായിരുന്നു. മൂന്നു ദശാബ്ദത്തോളം ബോളിവുഡിലെ നായകനിരയിലെ പ്രധാനപേരുകളിൽ ഒരാളായി തിളങ്ങി. കഭി കഭി, ഷാൻ, ത്രീശൂൽ, ജുനൂൻ, കാൽയുഗ്, ദീവാർ, നമക് ഹലാൽ തുടങ്ങി 160 ചിത്രങ്ങളിൽ അഭിനയിച്ച ശശികപൂറിന് ന്യൂഡൽഹി ടൈംസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ചു. 12 ഇംഗ്ലീഷ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ജുനൂൻ, കാൽയുഗ്, വിജേത തുടങ്ങി ആറ് ചിത്രങ്ങൾ നിർമ്മിച്ച ശശികപൂർ അജൂബ എന്നൊരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. പ്രശസ്ത നടൻ പൃഥ്വിരാജ് കപൂറിന്റെ മകനായ ശശി കപൂർ പൃഥ്വിരാജ് തിയേറ്ററിനെ പുനരുദ്ധരിച്ച് ബോളിവുഡിന് നൽകി. രാജ് കപൂർ, ഷമ്മി കപൂർ, ശശി കപൂർ താരത്രയങ്ങളിൽ ഇളയയാളാണ് ബോളിവുഡിന്റെ ഈ പഴയപ്രണയനായകൻ.

ചോക്ലേറ്റ് നായകൻ എന്ന പരിവേഷത്തിൽ നിന്ന് മാറി സമാന്തരസിനിമകളുടെ ഭാഗമാകാനും അത്തരം ചിത്രങ്ങൾ നിർമ്മിക്കാനും ശശി കപൂർ ശ്രദ്ധിച്ചു. 2001 ൽ അദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചു. അച്ഛൻ സംവിധാനം ചെയ്ത നാടകങ്ങളായിരുന്നു ശശി കപൂറിന്റെ അഭിനയകളരി. നാലാമത്തെ വയസ്സിൽ തുടങ്ങിയ അഭിനയജീവിതത്തിൽ മുഹാഫിസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമർശവും, 1979 ൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ജുനൂൻ എന്ന ചിത്രത്തിന്റെ നിർമ്മാതാവായും അദ്ദേഹം ദേശീയ അവാർഡ് നേടി.

സ്വർണകമലവും 10 ലക്ഷം രൂപയും പൊന്നാടയുമടങ്ങുന്നതാണ് പുരസ്‌കാരം. അറുപതുകൾമുതൽ എൺപതുകളുടെ മധ്യംവരെ ബോളിവുഡ്ഡിലെ ഏറ്റവും ജനപ്രിയ നാമമായിരുന്നു ശശികപൂർ. നടനംകൊണ്ട് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ട ആദ്യകാല അഭിനേതാക്കളിൽ ഒരാളാണ്. നാടകരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ബോളിവുഡ്ഡിലെ പേരുകേട്ട കപൂർ കുടുംബത്തിലേക്ക് മൂന്നാം തവണയാണ് ഫാൽക്കെ പുരസ്‌കാരമെത്തുന്നത്. ശശിയുടെ അച്ഛൻ പൃഥ്വിരാജ് കപൂറും സഹോദരൻ രാജ് കപൂറും ഈ പുരസ്‌കാരത്തിന് അർഹരായിട്ടുണ്ട്. കപൂർ കുടുംബത്തിൽ 1938-ൽ പിറന്ന ശശി, നാല്പതുകളിൽ ബാലതാരമായാണ് സിനിമയിലെത്തിയത്.

സംവിധായകനും നിർമ്മാതാവുമായ അച്ഛൻ പൃഥ്വിരാജ് കപൂറിന്റെ നാടകത്തിലൂടെ നാലാംവയസ്സിൽ അഭിനയം തുടങ്ങി. ബോളിവുഡ്ഡിലെ തിളങ്ങുംതാരങ്ങളായിരുന്ന രാജ് കപൂറിന്റെയും ഷമ്മികപൂറിന്റെയും ഇളയസഹോദരനായ ശശി, ആഗ് (1948), ആവാരാ (1951) എന്നീ സിനിമകളിൽ രാജിന്റെ ചെറുപ്പമവതരിപ്പിച്ച് ശ്രദ്ധേയനായി. 61-ലാണ് നായകനായുള്ള അരങ്ങേറ്റം. നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. ഇസ്മയിൽ മർച്ചന്റിന്റെയും ജെയിംസ് ഐവറിയുടെയും നിർമ്മാണക്കമ്പനിയായ മർച്ചന്റ് ഐവറി പ്രൊഡക്ഷൻസിന്റെ സിനിമകളിലൂടെ വിവിധ ബ്രിട്ടീഷ്, അമേരിക്കൻ ചലച്ചിത്രങ്ങളുടെ ഭാഗമായി. 'ദ ഹൗസ് ഹോൾഡർ' (1963), 'ഷേക്സ്പിയർ വാല' (1965), 'ബോംബെ ടോക്കി' (1970), 'ഹീറ്റ് ആൻഡ് ഡസ്റ്റ്' (1982), സിദ്ധാർഥ (1972), മുഹാഫിസ് (1994) തുടങ്ങിയവ ശ്രദ്ധേമായ ചിത്രങ്ങളാണ്.

ഫിലിം വാലാസ് എന്ന പേരിൽ 1978-ൽ സ്വന്തം നിർമ്മാണക്കമ്പനി തുടങ്ങി. നിരൂപക പ്രശംസ നേടിയ ജുനൂൺ (1978), കലിയുഗ് (1981), 36 ചൗരംഗീ ലെയ്ൻ (1981), വിജേത (1982), ഉത്സവ് (1984) തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. അമിതാഭ് ബച്ചനെയും ഋഷി കപൂറിനെയും നായകരാക്കി അജൂബ എന്ന ചിത്രം സംവിധാനംചെയ്തു. ഇതിന്റെ നിർമ്മാണവും ശശിയായിരുന്നു.