ന്യൂഡൽഹി: രാജ്യസഭയിൽനിന്നു വിടവാങ്ങിയ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ അനുസ്മരിച്ച് ശശി തരൂർ എംപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരയിപ്പിച്ച ഒരേയൊരു കോൺഗ്രസ് നേതാവ് എന്നാണ് ഗുലാം നബി ആസാദിനെ സമൂഹമാധ്യമത്തിൽ തരൂർ വിശേഷിപ്പിച്ചത്.

44 വർഷത്തെ അദ്ദേഹത്തിന്റെ സേവനത്തിന് നന്ദി. അദ്ദേഹം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും തരൂർ കുറിച്ചു.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ സേവനങ്ങൾ വിവരിക്കവേയാണ് പ്രധാനമന്ത്രി വികാരാധീനനായത്. കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഗുജറാത്തിൽനിന്നുള്ള വിനോദ സഞ്ചാരികൾ അവിടെ കുടുങ്ങിയപ്പോൾ ഗുലാം നബി നടത്തിയ ഇടപെടലുകൾ വിവരിക്കവേ മോദി കരഞ്ഞു.

നിമിഷങ്ങളോളം വാക്കുകൾ കിട്ടാതെ സ്വയം നിയന്ത്രിക്കാൻ പാടുപെട്ട അദ്ദേഹം ഗുലാം നബിയെ സല്യൂട്ട് ചെയ്തു. 'സ്ഥാനങ്ങൾ വരും, ഉയർന്ന പദവികൾ വരും, അധികാരം കൈവരും... ഇവയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഗുലാം നബി ആസാദിനെ കണ്ടു പഠിക്കണം. ഒരു യഥാർഥ സുഹൃത്തായാണ് ഞാൻ അദ്ദേഹത്തെ കണക്കാക്കുന്നത്.'- മോദി പറഞ്ഞു