തിരുവനന്തപുരം: ജോസ് കെ മാണിയുടെ ലൗ ജിഹാദ് പരാമർശത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. സമൂഹത്തെ ഭിന്നിപ്പിക്കുന്നതാണ് ലൗ ജിഹാദ് പ്രസ്താവനയെന്നും ജോസ് കെ മാണിയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും ലൗ ജിഹാദ് ഉണ്ടെന്ന പ്രചാരണങ്ങൾക്കെതിരെ ശശി തരൂർ രംഗത്ത് എത്തിയിരുന്നു. ബിജെപിയുടെ 'ലൗ ജിഹാദ്' ഭയപ്പെടുത്തൽ ബഹുസ്വര കേരളത്തിൽ വിജയിക്കില്ലെന്നും വർഗീയത, ലൗ ജിഹാദിനെക്കുറിച്ച് അകാരണഭയമുണ്ടാക്കൽ, വിദ്വേഷം നിറഞ്ഞ രാഷ്ട്രീയവിഭജനം എന്നിവയിൽ കവിഞ്ഞൊന്നും അവർക്ക് പറയാനില്ലെന്നും ശശി തരൂർ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് ലൗ ജിഹാദിനെ കുറിച്ച് ജോസ് കെ മാണി വിവാദ പരാമർശം നടത്തിയത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതിൽ യാഥാർഥ്യമുണ്ടോ എന്നതിൽ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ മാണി പറഞ്ഞത്. പൊതുസമൂഹത്തിൽ വിഷയം ചർച്ചയാകുന്നുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ വിമർശനം ഉയർന്നതോടെ മുന്നണിയുടെ അഭിപ്രായം തന്നെയാണ് തന്റെ അഭിപ്രായമെന്ന് ജോസ് കെ. മാണി പറഞ്ഞിരുന്നു. വികസനത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദം കൊണ്ട് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജോസിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു. മതമൗലികവാദികളുടെ പ്രചാരണമാണ് ലൗ ജിഹാദെന്ന് കാനം പറഞ്ഞു.