തിരുവനന്തപുരം: സിൽവർലൈൻ വേഗ റെയിൽ പദ്ധതിക്കെതിരായ പ്രതിഷേധം തീവ്രമാകുന്നതിനിടെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്നു യുഡിഎഫ് എംപിമാരുടെ യോഗം വിളിക്കുമ്പോൾ അതിൽ ശശി തരൂർ എംപി പങ്കെടുക്കുമോ എന്നത് നിർണ്ണായകമാകും.

പദ്ധതിക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് എംപിമാർ നൽകിയ നിവേദനത്തെ തുടർന്നാണു യോഗം. പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കു വീണ്ടും കത്തെഴുതി കാത്തുനിൽക്കുന്നതിനിടെയുള്ള യോഗം നിർണായകമാണ്. വിഷയത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്നു വ്യക്തമാക്കി ശശി തരൂർ നിവേദനത്തിൽ ഒപ്പിടാൻ വിസമ്മതിച്ചിരുന്നു. കേരളത്തിലെ എംപിമാർക്കു പുറമേ, മാഹി ഉൾപ്പെടുന്ന പുതുച്ചേരിയിൽ നിന്നുള്ള കോൺഗ്രസ് എംപി വി.വൈദ്യലിംഗവും നിവേദനത്തിൽ ഒപ്പിട്ടു.

തരൂർ ഒപ്പിടാത്തതിനെ ഗൗരവത്തോടെയാണ് കെപിസിസിയും കോൺഗ്രസ് ഹൈക്കമാണ്ടും കാണുന്നത്. പെട്രോൾ സമരത്തിനിടെ മുഖ്യമന്ത്രിയെ പ്രൊഫഷണൽ എന്ന് വിശേഷിപ്പിച്ച് തരൂർ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. ഇത് ഏറെ വിവാദമായി. കൊച്ചിയിലെ കോൺഗ്രസ് നേതാക്കൾ തരൂരിനെതിരെ പരസ്യമായി രംഗത്തു വരികയും ചെയ്തു. കോൺഗ്രസിന്റെ രാഷ്ട്രീയ പോരാട്ടത്തെ തരൂർ തകർക്കുന്നുവെന്ന പ്രതീതി ശക്തമാണ്. ഈ സാഹചര്യത്തിൽ വേഗ റെയിലിലെ പിന്മാറ്റം കോൺഗ്രസ് ഗൗരവത്തോടെ എടുക്കും.

വേഗ റെയിലിനെതിരെ കോൺഗ്രസ് കടുത്ത പ്രതിഷേധത്തിലാണ്. എന്നാൽ താൻ മുഖ്യമന്ത്രിക്ക് വേണ്ടിയല്ല ഒപ്പിടാത്തതെന്നും പഠിക്കാൻ വേണ്ടിയാണെന്നും തരൂരും വിശദീകരിക്കുന്നു. ഇന്നത്തെ യോഗത്തിൽ തരൂർ എത്തിയാൽ പ്രശ്‌നം തീരും. അല്ലെങ്കിൽ തരൂരിനെതിരെ കടുത്ത നടപടികളിലേക്ക് കെപിസിസി നീങ്ങും. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നിലപാട് നിർണ്ണായകമാകും. ആരും പാർട്ടിക്ക് അതീതരല്ലെന്ന നിലപാടിലാണ് സുധാകരൻ. പാർട്ടി നിലപാടുകളെ അംഗീകരിക്കാതെ ആർക്കും മുമ്പോട്ട് പോകാൻ കഴിയില്ലെന്നും സുധാകരൻ നിലപാട് എടുത്തിട്ടുണ്ട്.

തരൂരിന് ഹൈക്കമാണ്ടുമായാണ് ബന്ധം. അതുകൊണ്ട് തന്നെ ഹൈക്കമാണ്ട് തീരുമാനമാകും നിർണ്ണായകം. അതിനിടെ, പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) ലിഡാർ സർവേ (ആകാശ സർവേ) പ്രകാരം തയാറാക്കിയതാണെന്നും അതിനാൽ അശാസ്ത്രീയമാണെന്നും പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തിന്റെ തലവനും റെയിൽവേ മുൻ ചീഫ് എൻജിനീയറുമായ അലോക് കുമാർ വർമ ആരോപിച്ചത് കേരളത്തിലെ പ്രതിഷേധങ്ങളുടെ വ്യാപ്തി വർധിപ്പിച്ചു.

വിദേശ വായ്പയ്ക്കു വേണ്ടി ലൈനിന് അനുയോജ്യമല്ലാത്ത സ്റ്റാൻഡേഡ് ഗേജ് സ്വീകരിക്കാൻ തീരുമാനിച്ചെന്നും പിന്നീട് ഗേജിനെ ന്യായീകരിക്കാൻ സാധ്യതാപഠനത്തിൽ കൃത്രിമം കാണിച്ചെന്നുമാണ് ആരോപണം. രാജ്യത്തെ റെയിൽശൃംഖല ബ്രോഡ്‌ഗേജിലായതിനാൽ സ്റ്റാൻഡേഡ് ഗേജിലുള്ള വേഗ റെയിലിനെ അതുമായി ബന്ധിപ്പിക്കാനാകില്ലെന്നതാണ് പദ്ധതിയെ എതിർക്കുന്നവർ ഉന്നയിക്കുന്ന പ്രധാന വിമർശനങ്ങളിലൊന്ന്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ചട്ടപ്രകാരമുള്ള പഠനങ്ങളെല്ലാം നടത്തിയതാണെന്നും പദ്ധതി നടപ്പാക്കുന്ന കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ എംഡി വി.അജിത് കുമാർ പറഞ്ഞു.

അലോക് കുമാർ വർമ മുൻപും പദ്ധതിയുടെ രൂപരേഖയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴത്തെ വിമർശനത്തിന്റെ ചുവടുപിടിച്ച്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഉൾപ്പെടെയുള്ളവർ പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇത്തരമൊരു പ്രതിഷേധത്തിനൊപ്പമാണ് തരൂർ ചേരാത്തത്. ഇതിൽ കോൺഗ്രസിൽ പ്രതിഷേധം ശക്തമാണ്. പെട്രോൾ വില വർദ്ധന സമരത്തിനിടെ ജോജു വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ ജയിലിൽ കിടക്കുമ്പോഴാണ് തരൂർ പിണറായിയെ പ്രൊഫഷണലാക്കി പോസ്റ്റിട്ടത്.