ന്യൂഡൽഹി: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുമ്പോഴും കേന്ദ്രസർക്കാറിനെ വിമർശിച്ച് തിരുവനന്തപുരം എംപി ശശി തരൂർ. കേന്ദ്രത്തിന്റെ വാക്‌സിൻ നയത്തെ വിമർശിച്ചു കൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്. ട്വിറ്ററിലും ഫേസ്‌ബുക്കിലും പോസ്റ്റു ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്.

വാക്‌സിൻ നയത്തിൽ മാറ്റങ്ങൾ വരുത്താൻ കേന്ദ്രം തയാറാകണം. വാക്‌സിൻ എല്ലാവർക്കും സൗജന്യമായി നൽകണമെന്നും തരൂർ വീഡിയോയിൽ ആവശ്യപ്പെട്ടു.

'ഞാൻ കോവിഡ് ബാധിച്ച് രോഗക്കിടക്കയിലാണ്. കേന്ദ്രസർക്കാറിന്റെ വാക്‌സിൻ നയത്തിൽ വ്യക്തതയില്ല. ഡിസംബർ അവസാനത്തോടെ രാജ്യത്തെ എല്ലാവർക്കും വാക്സിൻ നൽകുമെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്റെ പ്രസ്താവന കണ്ടിരുന്നു. വാക്സിന് കടുത്ത ക്ഷാമം നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാർ എങ്ങനെ ഇത് നടപ്പാക്കുമെന്നതിൽ എനിക്ക് അത്ഭുതമുണ്ട്' -തരൂർ പറഞ്ഞു.

നിശ്ചിത സമയപരിധിക്കുള്ളിൽ രാജ്യവ്യാപകമായി സൗജന്യ വാക്സിനേഷൻ നടപ്പാക്കുന്നതിനായി സർക്കാറിന്റെ വാക്സിൻ നയത്തിൽ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കോൺഗ്രസിന്റെ ക്യാമ്പയിനെ പിന്തുണക്കുന്നു. അമിത നിരക്കിൽ വാക്സിൻ വാങ്ങാൻ സംസ്ഥാന സർക്കാറുകളും സ്വകാര്യ ആശുപത്രികളും മറ്റു സ്ഥാപനങ്ങളും വിപണിയിൽ മത്സരിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്രസർക്കാർ ന്യായമായ വിലക്ക് വാക്സിൻ വാങ്ങുകയും ജനങ്ങൾക്ക് സൗജന്യമായി കൊടുക്കുകയുമാണ് വേണ്ടത്. വാക്സിനേഷൻ സംബന്ധിച്ച് തുടക്കം മുതലുള്ള തന്റെ നയം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യം കോവിഡ് മുക്തമാകാൻ എല്ലാവർക്കും സൗജന്യമായ വാക്സിൻ നൽകുന്ന നയമാണ് വേണ്ടത്. രോഗക്കിടക്കയിൽ താൻ വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചു. അതിന്റെ ഒരംശം പോലുമോ അതിനേക്കാൾ കൂടുതലായോ ഒരാളും അനുഭവിക്കരുതെന്നാണ് ആഗ്രഹിക്കുന്നത് -ശശി തരൂർ പറഞ്ഞു.