- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവാക്സിന് അനുമതി നല്കിയതിനെതിരെ കോൺഗ്രസ്; മൂന്നാം പരീക്ഷണം പൂർത്തിയാകും മുൻപ് വാക്സിന് അനുമതി നൽകിയത് അപക്വവും അപകടകരവുമെന്ന് ശശി തരൂർ; ഓക്ഫോർഡ് വാക്സിനായ കോവീഷൽഡുമായി മുന്നോട്ട് പോകാമെന്നും കോൺഗ്രസ് എംപി
തിരുവനന്തപുരം: രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് അനുമതി നൽകിയ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാകുന്നതിന് മുമ്പ് അനുമതി നൽകിയ നടപടിക്കെതിരാണ് കോൺഗ്രസ് രംഗത്തെത്തിയത്. വാക്സിന് അനുമതി നൽകിയത് അപകടകരമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു.
നടപടി അപക്വവും അപകടകരവുമാണ് ആരോഗ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.അതേസമയം ഓക്ഫോർഡ് വാക്സിനായ കോവീഷൽഡുമായി മുന്നോട്ട് പോകാമെന്നും തരൂർ പറഞ്ഞു. വാക്സിൻ അനുമതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ ഡ്രഗ്സ് കൺട്രോളർ തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച് കൂടുതൽ വിശദീകരണം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്ത് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിനും തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിനും ഡ്രഗ്സ് കൺട്രോളർ അനുമതി നൽകി. ഉപാധികളോടെ അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകിയത്. ഇരു വാക്സിനുകളും ഫലപ്രദമെന്ന് ഡ്രഗ്സ് കൺട്രോളർ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞദിവസമാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിനും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡിനും അടിയന്തര ഉപയോഗത്തിന് വിദഗ്ധ സമിതി അനുമതി നൽകിയത്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റി (എസ്ഇസി)യാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് (ഡിസിജിഐ) ശുപാർശ നൽകിയത്.
ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക്ക് നിർമ്മിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനാണ് കോവാക്സിൻ. 10 മില്യൺ ഡോസുകൾ ഇതിനകം കോവാക്സിന്റേത് തയ്യാറായിക്കഴിഞ്ഞു. വർഷം 300 മില്യൺ വാക്സിൻ ഡോസുകൾ ഉല്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിൽ ആദ്യ 100 മില്യൺ ഇന്ത്യയിൽ തന്നെ വിതരണം ചെയ്യും. കോവിഡ് വാക്സിൻ വികസനത്തിനായി 60 70 മില്യൺ ഡോളറാണ് ഇന്ത്യ ഇതിനകം ചെലവഴിച്ചിരിക്കുന്നത്.
ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനക്കയുമായി സഹകരിച്ചുകൊണ്ടാണ് പുനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് വികസിപ്പിച്ചത്. കോവിഷീൽഡിന്റെ അഞ്ച് കോടി ഡോസ് സിറം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
മറുനാടന് മലയാളി ബ്യൂറോ