ഗുരുവായൂർ: സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് ഡൽഹി പൊലീസ് സ്ഥിരീകരിച്ചതോടെ ശശി തരൂരിന് പൊലീസ് സുരക്ഷ കർശനമാക്കി. ഗുരുവായൂരിൽ ചികിൽസയിലുള്ള തരൂരിനെതിരെ യുവജന സംഘടനകൾ പ്രതിഷേധമുയർത്തുമെന്ന സൂചനയിലാണ് ഇത്. ഗുരുവായൂരിൽ ആയുർവേദ ചികിൽസയിലുള്ള തരൂർ മാദ്ധ്യമങ്ങളുൾപ്പെടെയുള്ളവരെ ഒഴിവാക്കി. ട്വിറ്ററിലൂടെയാണ് തന്റെ നിലപാടുകൾ വിശദീകരിക്കുന്നത്.

ഗുരുവായൂരിൽ പെരുമ്പായിലെ ആയുർവേദ മനയിലാണ് തരൂർ ഉള്ളത്. മനയ്ക്ക് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി. രാഷ്ട്രീയ പാർട്ടികൾ പ്രക്ഷോഭവുമായെത്തുമെന്ന് ഭയന്നാണ് പൊലീസ് കാവലേർപ്പെടുത്തിയത്. ഡിസംബർ 26 മുതൽ ശശി തരൂർ ഈ മനയിൽ ചികിത്സയിലാണ്. ഗുരുവായൂർ ടൗണിൽ നിന്ന് രണ്ട് കി.മീ. ദൂരം മാത്രമുള്ള ഈ ആയുർവേദ കേന്ദ്രത്തിൽ 10 ദിവസമായി ശശി തരൂർ ചികിൽസയിലാണ്. എംപിയുടെ തിരുവനന്തപുരത്തെ ഓഫീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

14 ദിവസത്തെ ചികിത്സയ്ക്കായാണ് ശശി തരൂർ എത്തിയിട്ടുള്ളതെന്ന് ആയുർവ്വേദ റിസോർട്ട് അധികൃതർ അറിയിച്ചു. വിവരമറിഞ്ഞ് ദേശീയ മാദ്ധ്യമങ്ങളടക്കം റിസോർട്ടിന് മുന്നിൽ തടിച്ചുകൂടി. മാദ്ധ്യമങ്ങളോട് നേരിട്ട് സംസാരിക്കാൻ തയ്യാറല്ലെന്നും അറിയിക്കാനുള്ളത് ഫേസ്‌ബുക്കിലൂടേയും തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയും അറിയിച്ചതായും തരൂർ പറഞ്ഞതായി റിസോർട്ട് മാനേജർ മാദ്ധ്യമ പ്രവർത്തകരെ അറിയിച്ചു.

ചാവക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മന സ്ഥിതിചെയ്യുന്നത്. കുന്നംകുളം ഡിവൈ.എസ്‌പി. കെ.കെ.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥലത്ത് കാവൽ നിൽക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ചികിത്സ നടത്തിയിട്ടില്ലെന്നും ആരെയും കാണാൻ അദ്ദേഹം തയ്യാറായിട്ടില്ലെന്നും റിസോർട്ട് മാനേജർ എസ്. സാജുനാഥ് പറഞ്ഞു.

10 ദിവസമായി ഉദരസംബന്ധമായ അസുഖങ്ങൾക്കും സുഖചികിത്സയ്ക്കുമായി തരൂർ ഇവിടെ ഉണ്ടായിരുന്നു. തരൂരിന്റെ ചികിത്സ ഒൻപതിനു കഴിയുമെന്നു റിസോർട്‌സ് മാനേജർ പറഞ്ഞു. ആറു മാസം മുൻപും ഇതേ റിസോർട്‌സിൽ തരൂർ ചികിത്സയ്‌ക്കെത്തിയിരുന്നു.