- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എഐസിസി നേതൃമാറ്റം ഉടൻ ഉണ്ടാവണം; അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് സോണിയ ഗാന്ധി തന്നെ പറയുന്നു; പുതിയ നേതൃത്വം കോൺഗ്രസിന്റെ തിരിച്ചുവരവിന് ഊർജ്ജം പകരുമെന്ന് ശശി തരൂർ; രാഹുൽ അധ്യക്ഷ സ്ഥാനത്തു വരണമെന്ന ആവശ്യത്തിനിടെ നിലപാട് അറിയിച്ചു തരൂർ
കൊച്ചി: എഐസിസി നേതൃമാറ്റം ഉടൻ ഉണ്ടാവണമെന്ന് ശശി തരൂർ എംപി. അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് സോണിയ ഗാന്ധി തന്നെ പറയുന്നു. അങ്ങനെയെങ്കിൽ പുതിയ നേതൃത്വം ഉടൻ ഉണ്ടാകണം. അത് കോൺഗ്രസിന്റെ തിരിച്ച് വരവിന് കൂടുതൽ ഊർജം പകരുമെന്നും ശശി തരൂർ പറഞ്ഞു. സോണിയ ഗാന്ധി മികച്ച നേതാവാണ്. പക്ഷെ സ്ഥിരം അധ്യക്ഷ വേണമെന്ന ആവശ്യം നേതാക്കൾക്ക് ഇടയിൽ ഉണ്ട്. രാഹുൽ ഗാന്ധി ആ സ്ഥാനത്തേക്ക് വരുന്നെങ്കിൽ ഉടൻ ഉണ്ടാകണം. അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചു വരണമെങ്കിൽ ഇപ്പോൾ തന്നെ കോൺഗ്രസിൽ അഴിച്ചുപണികൾ ആവശ്യമാണെന്നും ശശി തരൂർ മൂവാറ്റുപുഴയിൽ പറഞ്ഞു.
കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെടുന്ന നേതാക്കളുടെ കൂട്ടത്തിലാണ് ശശി തരൂരും. നേരത്തെ കോൺഗ്രസിൽ നേതൃമാറ്റ ആവശ്യം ശക്തമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി വരണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പട്ടികജാതി വിഭാഗവും അഭിപ്രായപ്പെട്ടിരുന്നു. വിഷയത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ദേശീയ എക്സിക്യുട്ടീവ് യോഗം പ്രമേയം പാസാക്കുകയും ചെയ്തു. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ ആകണമെന്ന് ആവശ്യം ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ്, ഡൽഹി മഹിള കോൺഗ്രസ്, കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യൂ.ഐ എന്നിവർ മുൻപേ പ്രമേയം പാസ്സാക്കിയിരുന്നു.
പെരിയാർ ഇ.വി രാമസ്വാമി നായ്കറുടെ 142ാം ജന്മവാർഷിക ചടങ്ങിലാണ് കോൺഗ്രസിന്റെ പട്ടികജാതി വിഭാഗം രാഹുൽ അധ്യക്ഷൻ ആകണമെന്ന പ്രമേയം പാസാക്കിയത്. 75ാം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി 'സമ്മത്യ ചെത്നാ വർഷ് ' എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ കർമപരിപാടികളും കോൺഗ്രസ് പട്ടിക ജാതി വിഭാഗം ആസൂത്രണം ചെയ്തിട്ടുണ്ട്. ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിൽ നീണ്ടുനിൽക്കുന്ന പരിപാടികളാകും ഇത്. ദലിത് യുവാക്കളുടെ ഉന്നമനവും ജാതി അസമത്വങ്ങൾ അവസാനിപ്പിക്കുകയുമാണ് ലക്ഷ്യമെന്നും കോൺഗ്രസ് പട്ടികജാതി വിഭാഗം കൂട്ടിച്ചേർത്തു.
2019 ലോക്സഭാ തെരഞ്ഞടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ രാജിവെച്ചിരുന്നു. നേതൃസ്ഥാനം ഒഴിഞ്ഞ രാഹുൽ, നെഹ്റു കുടുംബത്തിൽ നിന്നല്ലാത്തവർ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അധ്യക്ഷനെ തിരഞ്ഞെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി ആ സ്ഥാനത്തേക്ക് വരുകയും ചെയ്തു. 1998 മുതൽ 2017 വരെ സോണിയ ഗാന്ധി തന്നെയായിരുന്നു കോൺഗ്രസ് അധ്യക്ഷ.
രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ദേശീയ എക്സിക്യൂട്ടിവ് യോഗത്തിൽ കഴിഞ്ഞ സെപ്റ്റംബർ 6ന്
യൂത്ത് കോൺഗ്രസ് പാസാക്കിയിരുന്നു. ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയതെന്ന് ശ്രീനിവാസ് അറിയിച്ചിരുന്നു. 2021 ജൂൺ മാസത്തോട് കൂടി കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്ന് പാർട്ടി നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷം കോൺഗ്രസിൽ ഒരു ആഭ്യന്തര തെരഞ്ഞെടുപ്പ് നടത്താനും വർക്കിങ് കമ്മിറ്റി തീരുമാനിച്ചിരുന്നു. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ സോണിയാ ഗാന്ധിക്ക് കത്തയച്ചതിന് പിന്നാലെ സംഘടനാ തെരഞ്ഞെടുപ്പുകൾ നടത്താൻ വർക്കിങ് കമ്മിറ്റികൾ തീരുമാനം എടുത്തിരുന്നു.
മറുനാടന് ഡെസ്ക്