- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാസം 6000 രൂപ നൽകുക എന്നത് അസാധ്യമായ കാര്യമല്ല, പഠിച്ചിട്ട് തന്നെയാണ് തീരുമാനം; ഛത്തീസ്ഗഢിൽ ഇതിനകം ന്യായ് പദ്ധതി നടപ്പിലാക്കി കഴിഞ്ഞു; കേരളത്തിലും അർഹതപ്പെട്ടവർക്ക് നൽകും; താരപ്രചാരകനായ ശശി തരൂർ പ്രകടന പത്രികയിലെ 'സൂപ്പർസ്റ്റാറിനെ' വിശദീകരിച്ചു പ്രചരണം തുടങ്ങി; ചുവന്ന കൊടി പേടിച്ചാണ് സംരംഭകർ എത്താത്തതെന്ന് പറഞ്ഞ് സിപിഎമ്മിനും വിമർശനം
കോഴിക്കോട്: യുഡിഎഫിന്റെ താരപ്രചാരകരുടെ ശ്രേണിയിലാണ് തിരുവനന്തപുരം എംപി ശശി തരൂർ. ഇന്ത്യൻ പാർലമെന്റിൽ പല വിഷയങ്ങളിലും നിർണായക ഇടപെടലുമായി ശോഭിക്കുന്ന തരൂരിന് കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ സുപ്രധാന ചുമതലയാണ് നൽകിയിരുന്നത്. യുഡിഎഫിന്റെ പ്രകടന പത്രികയിൽ തുറപ്പുചീട്ടായി ന്യായ് പദ്ധതി കൊണ്ടുവന്നതിൽ അടക്കം തരൂരിന് നിർണായക റോളുണ്ട്. കക്ഷി രാഷ്ട്രീയ ഭേദമന്യോ ജനപിന്തുണയുള്ള ശശി തരൂരിനെ മണ്ഡലങ്ങളിൽ എത്തിച്ചു വോട്ടുപിടിക്കാൻ സ്ഥാനാർത്ഥികൾ മത്സരിക്കുകയും ചെയ്യുന്നുണ്ട്. മുസ്ലിംലീഗുകാർ അടക്കം തരൂരിനെ മണ്ഡലത്തിൽ എത്തിക്കാൻ ശ്രദ്ധ പുലർത്തുന്നുണ്ട്.
എന്തായാലും ഈതെരഞ്ഞെടുപ്പിൽ താരമാകുക തരൂരാകും എന്നാണ് പുറത്തുവരുന്ന സൂചനകൾ. ന്യായ് പദ്ധതിയെ കുറിച്ചു വിശദീകരിച്ചു കൊണ്ട് തന്നെയാണ് തരൂർ പ്രചരണം കൊഴുപ്പിക്കുന്നതും. യുഡിഎഫ് ഭരണത്തിൽ എത്തിയാൽ കേരളത്തിൽ ന്യായ് പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് ശശി തരൂർ എംപി വ്യക്തമാക്കുന്നു. 6000 രൂപ എന്ന് വെറുതെ പറഞ്ഞതല്ല, പഠിച്ച ശേഷം എടുത്ത തീരുമാനമാണെന്നും എംപി പറഞ്ഞു. ന്യായ് പദ്ധതിയെ മുൻ നിർത്തിയാണ് ഇത്തവണത്തെ യുഡിഎഫ് പ്രകടന പത്രിക. ന്യായ് പദ്ധതി പ്രകാരം പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം തോറും 6000 രൂപ വീതം ഒരു വർഷം 72000 രൂപ നൽകുമെന്നാണ് പ്രകടന പത്രികയിലുള്ളത്.
'മാസം 6000 രൂപ നൽകുന്നത് അസാധ്യമായ കാര്യമല്ല. ന്യായ് പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യും. 6000 എന്ന് വെറുതെ പറഞ്ഞതല്ല. പഠിച്ച ശേഷം എടുത്ത തീരുമാനമാണ്. ഛത്തീസ്ഗഢിൽ ഇതിനകം പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. കേരളത്തിലും അർഹതപ്പെട്ടവർക്ക് നൽകും. കൊടുക്കൽ മാത്രമല്ല, വരുമാനവും ഉണ്ടാക്കും.' ശശി തരൂർ പറഞ്ഞു. പ്രകടന പത്രികയിലുള്ളതിൽ ന്യായ് പദ്ധതിയേകുറിച്ചും സർക്കാരിന് വരുമാനം ലഭിക്കാനാവശ്യമായ പദ്ധതികളേയും കുറിച്ച് ശശി തരൂർ പ്രത്യേകം പരാമർശം നടത്തി. നിലവിലെ സർക്കാർ കടത്തിലാണ്. ക്ഷേമ കാര്യങ്ങൾ ചെയ്യണമെങ്കിൽ വരുമാനം വേണം. വരുമാനം ഉണ്ടാക്കാനുള്ള വഴികൾ ആവിഷ്കരിച്ചത് യുഡിഎഫ് മാത്രമാണെന്നും നിക്ഷേപകർക്ക് സംരക്ഷണം നൽകാൻ നിയമം കൊണ്ടുവരുമെന്നും ശശി തരൂർ വ്യക്തമാക്കി.
യുഡിഎഫ് സർക്കാർ ഭരണത്തിലെത്തിയാൽ വിദ്യഭ്യാസ മേഖലയെ പുനരാവിഷ്കരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. പഠിക്കുന്ന വിഷയത്തിലധിഷ്ഠിതമായ തൊഴിൽ മേഖല ഉറപ്പ് വരുത്താൻ മാറ്റം വരണം. സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാൻ അനുമതി നൽകും. വിദേശ സർവകലാശാലകളുടെ നിലവാരത്തിലുള്ള യൂണിവേഴ്സിറ്റികൾ കൊണ്ടു വരണമെന്നും ശശി തരൂർ പറഞ്ഞു.
കേരളത്തിൽ ചുവന്ന കൊടി പേടിച്ചാണ് സംരംഭകർ എത്താത്തതെന്നും ഹർത്താൽ നിരോധിച്ച് നല്ല സിഗ്നൽ സംരംഭകർക്ക് നൽകുമെന്നും ശശി തരൂർ പറഞ്ഞു.
6 മണിക്ക് ശേഷം പെൺകുട്ടികൾക്ക് രാത്രി ജോലിയെടുക്കാൻ ഐ ടി ആക്ട് കൊണ്ട് വരുമെന്നും പ്രകടനപത്രിയിൽ പറയുന്നുണ്ട്. വാഗ്ദാനങ്ങളെല്ലാം പാലിക്കുമെന്ന് ശശി തരൂർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ