ന്യൂഡൽഹി: സുനന്ദ പുഷ്‌ക്കറെ കൊലപ്പെടുത്തിയത് ശശി തരൂർ അല്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. എന്നാൽ സുനന്ദയുടെ കൊലയാളിയെ ആരാണെന്ന് തരൂരിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി പൊലീസ് കേസ് കാര്യക്ഷമമായി അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് വൈകും മുമ്പ് തന്നെ തരൂർ സത്യം പറയുന്നതാണ് നല്ലതെന്നും ഇതിനായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഉപദേശിക്കണം എന്നും സുബ്രഹ്മണ്യം സ്വാമി പിന്നീട് ട്വീറ്റ് ചെയ്തിരിക്കുന്ത്. തരൂരിന്റെ മാനസികാവസ്ഥ ഇത്രയും സമ്മർദ്ദം താങ്ങാൻ ശേഷി ഉള്ളതല്ലെന്നും സ്വാമി ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം രാഷ്ട്രീയ ഇടപെടൽ ഇല്ലാത്ത അന്വേഷണമാണ് സുനന്ദ പുഷ്‌ക്കറിന്റെ കാര്യത്തിൽ വേണ്ടതെന്ന് ഇന്നലെ ശശി തരൂർ വ്യക്തമാക്കുകയുണ്ടായി. മറ്റ് ആരോപണങ്ങളോടൊന്നും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. അതിനിടെ സുനന്ദയുടെ മൃതശരീരം പോസ്റ്റ്‌മോർട്ടം ചെയ്തതിന്റെ റിപ്പോർട്ടിന്റെ പകർപ്പ് ഇന്ന് പുറത്തുവന്നിരുന്നു. സുനന്ദയുടെ ശരീരത്തിലെ മുറിവുകൾ മരണകാരണമല്ലെന്ന് എഫ്‌ഐആർ റിപ്പോർട്ട്.

മരണസമയത്ത് സുനന്ദ പുഷ്‌കർ ആരോഗ്യവതിയായിരുന്നുവെന്നാണ് എഫ്‌ഐആർ റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിലുണ്ടായിരുന്ന പതിനഞ്ചോളം മുറിവുകൾ മൽപ്പിടിത്തത്തിനിടെ ഉണ്ടായതാണ്. മരണസമയത്തിന് 12 മണിക്കൂർ മുതൽ നാലുദിവസം പഴക്കമുള്ളവയാണ് ഇവ. ഈ മുറിവുകൾ മരണകാരണമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം സുനന്ദയുടെ മകൻ ശിവ് മേനോനെ പൊലീസ് ചോദ്യം ചെയ്‌തേക്കുമെന്നാണ് അറിയുന്നത്.

കേസന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബറിൽ 12 പേരുമായി പൊലീസ് ബന്ധപ്പെട്ടിരുന്നെങ്കിലും ഇതാദ്യമായാണ് ചോദ്യം ചെയ്യലിനായി ഇവരെ വിളിച്ചുവരുത്തുന്നത്.മരണസമയത്ത് സുനന്ദ താമസിച്ചിരുന്ന ഡൽഹി ലീലാ പാലസ് ഹോട്ടലിലെ ജീവനക്കാർ, സുനന്ദയുടെ സുഹൃത്ത് സഞ്ജയ് ദേവൻ , കുടുംബ സുഹൃത്ത് രാകേഷ് ശർമ്മ എന്നിവരടക്കമുള്ളവരെ പൊലീസ് ഉടൻ ചോദ്യം ചെയ്‌തേക്കും. അതേസമയം കൃത്യമായ തെളിവുകൾ ശേഖരിച്ച ശേഷം ശശി തരൂരിനെയും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.