ന്യൂഡൽഹി: ലോക്‌സഭ സെഷനിടെ സുപ്രിയ സുലേ എംപിയുമായി സൗഹൃദ സംഭാഷണത്തിലേർപ്പെടുന്ന ശശി തരൂർ എംപിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. തന്റെ ഡെസ്‌കിലേക്ക് ചാഞ്ഞുകിടന്ന് ശ്രദ്ധപൂർവം സുപ്രിയയുടെ സംസാരം ശ്രദ്ധിക്കുന്ന തരൂരിന്റെ വീഡിയോ സിനിമാഗാനങ്ങൾ പശ്ചാത്തലത്തിൽ നൽകിയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

മുതിർന്ന നേതാവും മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല സംസാരിക്കുമ്പോളാണ് പിന്നിൽ തരൂരും സുപ്രിയയും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടത്. റഷ്യ-യുക്രെയ്ൻ യുദ്ധം സംബന്ധിച്ച ചർച്ച നടക്കുന്നതിനിടെയായിരുന്നു ഇത്.

വീഡിയോയിലെ തരൂരിന്റെ മുഖഭാവങ്ങളാണ് ഇത്തവണത്തെ ഹൈലൈറ്റ്. ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള സഭയിൽ സംസാരിക്കുന്നതിടെ സുപ്രിയയും തരൂരും സംഭാഷണത്തിൽ മുഴുകി ഇരിക്കുന്നത് വീഡിയോയിൽ കാണാം.

മുൻ ബെഞ്ചിലിരുന്ന സുപ്രിയ തരൂരിനോട് എന്തോ ചോദിക്കുന്നതും, കള്ളച്ചിരിയോട് അടുത്തേക്ക് നീങ്ങി വന്ന് തരൂർ മറുപടി പറയുന്നതായും വീഡിയോയിൽ കാണാം. തരുരിന്റെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.അല്ലു അർജുൻ ചിത്രമായ പുഷ്പയിലെ ശ്രീവല്ലി ഗാനം ഗ്രൗണ്ടിൽ ഇട്ടാണ് വീഡിയോ പ്രചരിക്കുന്നത്. 'ആ നോട്ടം കണ്ടോ', 'ലൊക്കേഷൻ എവിടെയാണെങ്കിലും സംസാരത്തിൽ ശ്രദ്ധ വേണം' തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് ലഭിച്ചത്.

നേരത്തേ പാർലമെന്റ് സമ്മേളനത്തിനിടെ വനിതാ എംപിമാരോടൊപ്പമുള്ള ചിത്രം തരൂർ പങ്കുവെച്ചത് വിവാദമായിരുന്നു. തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ മിമി ചക്രബർത്തി, നുസ്രത് ജഹാൻ, കോൺഗ്രസ് എംപി ജോതിമണി സെന്നിമലൈ, ഡി.എം.കെ എംപി തമിഴാച്ചി തങ്കപാണ്ഡ്യൻ, എൻ.സി.പി എംപി സുപ്രിയ സുലേ, അമരീന്ദർ സിങിന്റെ ഭാര്യയും പഞ്ചാബിൽ നിന്നുള്ള എംപിയുമായ പ്രണീത് കൗർ എന്നിവർക്കൊപ്പമുള്ള സെൽഫിയാണ് തരൂർ പങ്കുവെച്ചത്. 'ആര് പറഞ്ഞു, ലോക്‌സഭ ആകർഷകമല്ലാത്ത സ്ഥലമാണെന്ന്' എന്ന ക്യാപ്ഷനോടെയായിരുന്നു ഇത്. ഇതിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തുകയായിരുന്നു.