ന്യൂഡൽഹി: കപിൽ സിബലിന്റെ വീട് ആക്രമിക്കപ്പെട്ട സംഭവത്തിൽ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. സംഭവം നാണക്കേടുണ്ടാക്കുന്നതാണെന്ന് ശശി തരൂർ ട്വിറ്ററിൽ പ്രതികരിച്ചു.

'ഇതു ലജ്ജാകരമാണ്. കപിൽ സിബൽ യഥാർഥ കോൺഗ്രസുകാരനാണെന്നു നമുക്കെല്ലാം അറിയാം. ഇന്ത്യൻ നാഷനൽ കോൺഗ്രസിനായി കോടതിയിൽ ഒട്ടേറെ കേസുകൾ വാദിച്ചിട്ടുള്ള ആളാണ് അദ്ദേഹം. ഒരു ജനാധിപത്യ പാർട്ടി എന്ന നിലയിൽ അദ്ദേഹത്തിനു പറയാനുള്ളത് എന്താണെന്നു നാം കേൾക്കണം. ആവശ്യമെങ്കിൽ അതിനോടു വിയോജിക്കാം. പക്ഷേ ഇങ്ങനെയല്ല വണ്ടത്. ബിജെപിയെ നേരിടുന്നതിനായി നമ്മെ കൂടുതൽ കരുത്തുറ്റതാക്കുകയാണു വേണ്ടത്' ട്വിറ്ററിൽ തരൂരിന്റെ പോസ്റ്റ് ഇങ്ങനെ. 

 

കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും കപിൽ സിബലിനെ പിന്തുണച്ച് രംഗത്തെത്തി. കോടതികളിലും പുറത്തും കോൺഗ്രസിന് വേണ്ടി പോരാടുന്നത് കപിൽ സിബലാണ്. സിബലിന്റെ വീട്ടിൽ നടന്നത് ഗുണ്ടായിസമാണെന്നും മനീഷ് തിവാരി ട്വിറ്ററിൽ കുറിച്ചു.

പഞ്ചാബ് കോൺഗ്രസിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടി ഉന്നത നേതൃത്വത്തെ കപിൽ സിബൽ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. പ്രസിഡന്റ് ഇല്ലാതെ പാർട്ടി മുന്നോട്ടു പോകുന്നത് തുടരുകയാണെന്നും ആരാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് ആർക്കും അറിയില്ലെന്നും സിബൽ പറഞ്ഞു.

ആരെയും പേരെടുത്തു പറഞ്ഞായിരുന്നില്ല, സിബലിന്റെ വിമർശനം. എന്നിരുന്നാലും പഞ്ചാബ് വിഷയത്തിൽ തീരുമാനം കൈക്കൊണ്ട കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധിയെയും ഉന്നംവച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ. തങ്ങൾ ഗ്രൂപ്പ് 23 ആണെന്നും അല്ലാതെ 'ജി ഹുസൂർ-23' (ശരി അങ്ങുന്നേ) അല്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ സമഗ്ര പരിഷ്‌കാരം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ മുതിർന്ന 23 നേതാക്കളുടെ കൂട്ടായ്മയാണ് ജി-23 അഥവാ ഗ്രൂപ്പ് 23. കഴിഞ്ഞ കൊല്ലമാണ് ജി 23 കത്തെഴുതിയത്.

പ്രസ്താവന പുറത്തുവന്നതിനു പിന്നാലയാണ് കപിൽ സിബലിന്റെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തക പ്രതിഷേധിച്ചത്. വേഗം സുഖം പ്രാപിക്കൂ എന്നെഴുതിയ പ്ലക്കാർഡുമായിട്ടാണ് കോൺഗ്രസ് പ്രവർത്തകർ കപിൽ സിബലിന്റെ ഡൽഹിയിലെ വസതിയിലേക്ക് മാർച്ച് ചെയ്തത്. വീടിന്റെ മുന്നിലെത്തിയ പ്രതിഷേധം അദ്ദേഹത്തിന്റെ വസതിയിലേക്ക് തക്കാളികൾ എറിഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തു.