=ന്യൂഡൽഹി: ശശി തരൂരിന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തെ ട്രോളിക്കൊണ്ട് പരസ്യം ഇറക്കിയ അമൂലിന് ശരിക്കും പണി കിട്ടി. തന്റെ ട്വിറ്റർ വായനക്കാരെയെല്ലാം ഡിക്ഷ്ണറി എടുപ്പിക്കുന്ന തരൂരിയൻ ശൈലിയെ കളിയാക്കിയപ്പോഴാണ് എംപി ചുട്ട മറുപടി നൽകിയത്. ശശി തരൂർ എംപിയെ കളിയാക്കി കൊണ്ട് അമൂൽ കമ്പനി ഇറക്കിയ പുതിയ പരസ്യമായിരുന്നു സോഷ്യൽ മീഡിയയിലെ ഇന്നത്തെ ചർച്ചാ വിഷയം.

രണ്ട് കുട്ടികൾ ചേർന്ന് തരൂരിന്റെ ട്വീറ്റ് വായിച്ച് വാക്കുകളുടെ അർത്ഥം ഡിക്ഷ്ണറിയിൽ പരതുന്നതിന്റെ കാർട്ടൂൺ ചിത്രമാണ് അമൂൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ലോകപ്രശസ്ത ഡിക്ഷ്ണറിയായ തെസോറസിനെ തരൂററസ് എന്ന് വിശേഷിപ്പിച്ച അമൂൽ അങ്ങനെയുള്ളവർ ഉണ്ടോ എന്നും ചോദിക്കുന്നു.

എന്നാൽ അമൂലിന് തരൂർ നൽകിയ മറുപടി ട്വീറ്റാണ് കൂടുതൽ വൈറലായത്. അമൂലിന്റെ ഫലിതം ആസ്വദിച്ച മട്ടിലായിരുന്നു കോൺഗ്രസ്സ് എംപി കൂടിയായ തരൂരിന്റെ മറുപടി. പരിഹസിച്ചത് അമൂലായതുകൊണ്ട് ബട്ടർ എന്ന പദം വച്ചായിരുന്നു തരൂർ ട്വീറ്റ് ആരംഭിച്ചത്. ഞാൻ 'ബട്ടേർലി കൃതാർത്ഥനായി' എന്നാണ് തരൂർ പറഞ്ഞത്.

പലപ്പോഴും സമൂഹ മാധ്യമങ്ങളിലെ ശശി തരൂരിന്റെ കുറുപ്പുകളിലെ ചില വാക്കുകളുടെ അർത്ഥം അത്ര പെട്ടെന്നൊന്നും ആർക്കും പിടികിട്ടില്ല. ഡിക്ഷണറി കൈയിൽ പിടിക്കാതെ ശശി തരൂരിന്റെ കുറിപ്പ് വായിക്കാനാവില്ലെന്ന് ചിലർ കളിയാക്കി പറയാറുമുണ്ട്.