തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റെ കൊലപാതകക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോൺഗ്രസ് നേതാവ് ശശി തരൂരിന് ഡൽഹി പൊലീസ് നോട്ടീസ് നൽകി. സിർപിസി സെക്ഷൻ 160 പ്രകാരമാണ് നോട്ടീസ് നൽകിയത്. എന്ന് ഹാജരാകാനാണ് നിർദ്ദേശമെന്ന് വ്യക്തമല്ല. പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെയാണ് ശശി തരൂർ ഹാജരാകേണ്ടത്. അതിനിടെ സുനന്ദയെ ചികിൽസിച്ച തിരുവനന്തപുരത്തെ കിംസ് ആശുപത്രിക്ക് എതിരേയും അന്വേഷണം വരുമെന്നാണ് സൂചന.

സുനന്ദയെ കൊലപ്പെടുത്തിയത് സ്ഥിരീകരിച്ചത് കിംസ് ആശുപത്രിയിലെ വിവരങ്ങളിലൂടെയാണ്. കഴിഞ്ഞ മാസം രണ്ടിന് വിവരങ്ങൾ തേടി പൊലീസ് ആശുപത്രിയിൽ എത്തിയിരുന്നു. ഡോക്ടർമാരിൽനിന്ന് വിവരങ്ങളും ആശുപത്രി രേഖകളുടെ പകർപ്പും ശേഖരിച്ചു.കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് സുനന്ദ ചികിത്സ തേടിയത് തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു. ഇവിടുത്തെ ചികിത്സയുടെ മറവ് പിടിച്ച് സുനന്ദയുടെ മരണത്തെ ന്യായീകരിക്കാൻ ശശി തരൂർ ശ്രമിച്ചിരുന്നു. വിഷാദരോഗത്തിനുള്ള മരുന്ന് അമിതമായി കഴിച്ചതാകാം മരണകാരണമെന്ന വാദമാണ് ഉയർത്തിയത്. അതിനിടെ കാര്യമായ അസുഖമൊന്നും സുനന്ദയ്ക്ക് ഇല്ലായിരുന്നുവെന്ന് എയിംസിലെ മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാണ്. എന്നിട്ടും വിഷാധ രോഗത്തിന്റെ മരുന്ന് കിംസ് ആശുപത്രി കുറിച്ചു നൽകി. ലൂപ്‌സ് രോഗമെന്ന് വരുത്താനും ശ്രമിച്ചു. ഇതിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് നിഗമനം.

ഡൽഹി പൊലീസ് ചികിത്സയുടെ വിശദാംശങ്ങൾ, സുനന്ദ കഴിച്ചിരുന്ന മരുന്നുകൾ തുടങ്ങിയ സുപ്രധാന വിവരങ്ങളാണ് ശേഖരിച്ചത്. മരണകാരണമായേക്കാവുന്ന അസുഖങ്ങളോ വിഷാദരോഗത്തിനുള്ള മരുന്നിന്റെ ഉപയോഗമോ സുനന്ദയ്ക്കില്ലായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ അന്വേഷണസംഘത്തോട് വ്യക്തമാക്കിയിട്ടുള്ളത്. ആസൂത്രിത കൊലപാതകക്കേസ് രജിസ്റ്റർ ചെയ്യാനുള്ള സുപ്രധാന തീരുമാനത്തിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചതും ഡോക്ടർമാരിൽനിന്ന് കിട്ടിയ ഈ ഉറപ്പാണെന്നാണ് വിവരം. സുനന്ദയുടെ ശരീരത്തിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ വിദേശത്തയച്ച് ലഭിക്കുന്ന പരിശോധനാഫലത്തിനൊപ്പം കിംസ് ആശുപത്രിയിൽനിന്ന്് കിട്ടുന്ന തെളിവുകളും കേസിൽ നിർണായകമാകുമെന്നാണ് വിവരം. അതിന് ശേഷമാകും കിംസ് ആശുപത്രിക്ക് എതിരായ നടപടിയിൽ തീരുമാനം ഉണ്ടാവുക.

സുനന്ദ മരിച്ചതിന്റെ തൊട്ടടുത്ത ദിവസംതന്നെ മാരകമായ അസുഖങ്ങൾ ഉണ്ടായിരുന്നതായി പരിശോധനകളിലൊന്നും കണ്ടെത്തിയില്ലെന്ന് ആശുപത്രി അധികൃതർ പരസ്യമായി വ്യക്തമാക്കിയിരുന്നു. മൂന്നുദിവസമാണ് ആശുപത്രിയിൽ കിടത്തി ചികിത്സ തേടിയത്. ഡിസ്ചാർജ് ചെയ്യുമ്പോൾ ആരോഗ്യനില തൃപ്തികരമായിരുന്നെന്നും സന്തോഷവതിയായാണ് കാണപ്പെട്ടതെന്നും ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ച ഡോക്ടറും ആശുപത്രി എക്‌സികൂട്ടീവ് ഡയറക്ടറും വ്യക്തമാക്കിയിരുന്നു.എന്നിട്ടും മാരക മരുന്നുകൾ കുറിച്ച് നൽകിയത് എന്തിനെന്ന ചോദ്യമാണ് ബാക്കിയാകുന്നത്. കേസ് അന്വേഷണത്തിൽ ഇത് നിർണ്ണായകമാകുമെന്നാണ് സൂചന.