- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജി 23ക്ക് ഒപ്പം ചേർന്നതോടെ ഹൈക്കമാൻഡിന്റെ കണ്ണിലെ കരട്; കെ റെയിൽ വിഷയത്തിൽ സർക്കാറിനെ അനുകൂലിച്ച് തുടർച്ചയായി പ്രസ്താവനകളും; പാർട്ടി വിലക്കിയിട്ടും വകവെക്കാതെ പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കാനും നീക്കം; ശശി തരൂർ മനസ്സിൽ കാണുന്നതെന്ത്? വിലക്ക് ലംഘിച്ച് കണ്ണൂരിലെത്തിയാൽ തടയാൻ യൂത്ത് കോൺഗ്രസ്

കണ്ണൂർ: കുറച്ചു കാലമായി കോൺഗ്രസ് പാർട്ടിയുടെ നിലപാടിന് വിരുദ്ധമായ നയങ്ങളും പരിപാടികളുമായി മുന്നോട്ടു പോകുകയാണ് ശശി തരൂർ എംപി. അടുത്തിടെ സിപിഎമ്മിനെ നിരന്തരമായി പുകഴ്‌ത്തി കൊണ്ടാണ് അദ്ദേഹം രംഗത്തുവരുന്നത്. സർക്കാറിന്റെ നയങ്ങൾക്കും പരിപാടികൾക്കുമെല്ലാം തരൂരിന്റെ പിന്തുണ ലഭിക്കുന്നുണ്ട്. കെ റെയിൽ വിഷയത്തിൽ അടക്കം കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് ഘടകവിരുദ്ധമാണ് അദ്ദേഹത്തിന്റെ നിലപാട്. ദേശീയ തലത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ കണ്ണിലെ കരടു കൂടിയാണ് തരൂർ. ജി 23 ക്കൊപ്പം ചേർന്ന് നേതൃത്വത്തിനെതിരെ യുദ്ധം ചെയ്യുന്നയാൾ.
എങ്ങനെ എല്ലാ വിധത്തിലും പാർട്ടിക്കെതിരെ നിലപാടെടുക്കുന്ന തരൂരിനെ ഇപ്പോൾ സംശയം ദൃഷ്ടിയോടെയാണ് അണികളും നോക്കിക്കാണുന്നത്. തരൂർ മറുകണ്ടം ചാടാൻ വേണ്ടിയുള്ള ശ്രമങ്ങളാണോ നടത്തുന്നത് എന്ന സംശയം പോലും ഉയരുന്നുണ്ട്. ഇതിനിടെയാണ് ഏറ്റവും ഒടുവിൽ വീണ്ടും സിപിഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുക്കാൻ തരൂരിന് ക്ഷണം ലഭിച്ചതും. കെ റെയിൽ സമരത്തെ സർക്കാർ അടിച്ചമർത്തുന്ന പശ്ചാത്തലത്തിൽ തരൂർ ഈ പരിപാടിയിൽ പങ്കെടുത്തകരുത് എന്നാണ് അണികളുടെ വികാരം. ഇത് മനസ്സിലാക്കിയാണ് കെ സുധാകരൻ കോൺഗ്രസ് നേതാക്കൾക്ക് വിലക്കേർപ്പെടുത്തിയതും. എന്നാൽ, ഈ വിലക്കിനെയും വെല്ലുവിളിക്കാനാണ് തരൂരിന്റെ ശ്രമം. അദ്ദേഹം പരിപാടിയിൽ പങ്കെടുക്കുമെന്ന നിലപാടിലാണ്. ഇതോടെ സംസ്ഥാന കോൺഗ്രസ് നേതാക്കളും വാശിയിലാണ്.
കെ.പിസിസി നേതൃത്വത്തെ തള്ളി സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കോൺഗ്രസ് എംപി ശശി തരൂരെത്തിയിൽ തടയാൻ കണ്ണുരിലെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ നീക്കം. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലാണ് കണ്ണൂരിൽ പ്രതിഷേധമുയരുന്നത്. കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നിരന്തരം അക്രമമഴിച്ചുവിടുകയും യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് എടയന്നൂരിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയും ചെയ്ത പാർട്ടിയാണ് സിപിഎമ്മെന്ന് തരൂർ പറയുന്ന രാഷ്ട്രീയ സംവാദബോധം ചരിത്രത്തിൽ ഇന്നേ വരെ സിപിഎം കാണിച്ചിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു കണ്ണുരിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ അനുകൂലിക്കുന്ന ഡി.സി.സിയുടെ രഹസ്യ പിൻതുണ തരൂരിനെ തടയുന്നതിനുണ്ടെന്നാണ് സൂചന.'
മാസങ്ങൾക്കു മുൻപ് കെ റെയിൽ പദ്ധതി വിശദീകരിക്കുന്നതിനായി കണ്ണുർ ദിനേശ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന പൗരപ്രമുഖരുടെ യോഗത്തിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചുവെന്നാരോപിച്ചു യുത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് എന്നിവരെ പൊലിസിന്റെ സാന്നിധ്യത്തിൽ തല്ലിച്ചതച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിപിഎം വേദിയിൽ തരൂർ എത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയത്. എന്നാൽകെപിസിസി അധ്യക്ഷന്റെ വിലക്ക് മറികടന്ന് പരിപാടിയിൽ പങ്കെടുക്കുമെന്ന നിലപാടിലാണ് ശശി തരൂർ 'എംപി.
കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിൽനിന്ന് ആരും വിലക്കിയിട്ടില്ലെന്നും തരൂർ പറയുന്നു. സെമിനാറിൽ പങ്കെടുക്കരുതെന്ന കെപിസിസി നിർദ്ദേശം ലഭിച്ചിട്ടില്ല. നിർദ്ദേശം കിട്ടിയാൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും തരൂർ പറഞ്ഞു. ജനാധിപത്യത്തിൽ വിരുദ്ധ ചേരികളിലുള്ളവർ ചർച്ചകളിലേർപ്പെടണം. പാർട്ടി കോൺഗ്രസ് ദേശീയ സമ്മേളനമാണ്. അതിൽ ചിന്തകൾ പങ്കുവയ്ക്കുന്നതിൽ തെറ്റില്ല. ദേശീയ തലത്തിലെ പരിപാടിയായതിനാലാണ് പങ്കെടുക്കാമെന്നേറ്റതെന്നും തരൂർ കൂട്ടിച്ചേർത്തു.ഇതിനിടെ
സിപിഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുക്കേണ്ടെന്ന് കോൺഗ്രസ് നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാ കരൻ നേരത്തെ പറഞ്ഞിരുന്നു. കോൺഗ്രസ് നേതാക്കൾ സിപിഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുക്കാൻ പാടില്ലായെന്നത് പ്രവർത്തകരുടെ വികാരമാണ്. ഇക്കാര്യം നേതാക്കളെ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകരെയും കെഎസ്‌യു പ്രവർത്തകരെയും വേട്ടയാടുന്നവരോട് യാതൊരു വിട്ടുവീഴ്ചയ്ക്കുമി ല്ലെന്നും പ്രവർത്തകരെ നിരന്തരം വേട്ടയാടുന്ന പശ്ചാത്തലത്തിലാണ് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കേണ്ടതില്ലെന്ന നിർദ്ദേശം നൽകിയതെന്നും സുധാ കരൻ വ്യക്തമാക്കിയിരുന്നു.
സിപിഎംകോൺഗ്രസിന്റെ ഭാഗമായി നടന്ന ട്രേഡ് യൂനിയൻ സെമിനാറിൽ പങ്കെടുക്കുന്നതിന് ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനെ കോൺഗ്രസ് നേതൃത്വം വിലക്കിയിരുന്നു പയ്യന്നൂരിൽ നടന്ന ട്രേഡ് യൂനിയൻ സെമിനാറിൽ നിന്നാണ് ചന്ദ്രശേഖരൻ അവസാന നിമിഷം പിന്മാറിയത്.സംഭവം ദൗർഭാഗ്യകരമാണെന്ന് സിപി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. സെമിനാറിൽ പങ്കെടുക്കാൻ പയ്യന്നൂരിൽ അദ്ദേഹം എത്തിയെങ്കിലും പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റു തന്നെ നിർദ്ദേശിച്ചുവെന്നാണ് മനസിലാക്കുന്നത്. സംഘാടകരോടും സെമിനാറിൽ പങ്കെടുക്കുന്നവരോടും ഇത്തരമൊരു അസാധാരണ സാഹചര്യമുണ്ടായതിൽ ഖേദം പ്രകടിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്.
ജമാ അത്തെ ഇസ്ലാമി, ബിജെപി നേതാക്കളുമായടക്കം വേദിപങ്കിടുന്ന കോൺഗ്രസാണ് ഇത് ചെയ്യുന്നത്. കെ സുധാകരൻ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുമായി വേദി പങ്കിട്ടിട്ടുണ്ട്. ആശയസംവാദങ്ങളുടെ വേദിയെപ്പോലും കോൺഗ്രസുകാർ ഭയക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും
എം.വി ജയരാജൻ പറഞ്ഞു. സംവാദങ്ങളെ ഭയക്കുകയും വിവാദങ്ങളുടെ പിന്നാലെ പോവുകയും ചെയ്യുന്ന കോൺഗ്രസിന് കേരളത്തിൽ ഉത്തർപ്രദേശിനേക്കാൾ വലിയ പതനമായിരിക്കും ഉണ്ടവുകയെന്നും എം വി ജയരാജൻ ചൂണ്ടിക്കാട്ടി.


