- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറ്റലിക്കാരി പെൺകുട്ടി കോടിക്കണക്കിന് ഇന്ത്യക്കാരുടെ രാജ്യത്ത് അതിശക്തയായ വ്യക്തിത്വമായതിനെക്കുറിച്ചോ? ആത്മാർപ്പണത്തിന്റെ ദേശീയചിഹ്നമായി മാറിയ ആഢ്യയായ സ്ത്രീയെക്കുറിച്ചോ? സോണിയ ഗാന്ധി അഥവാ ഒർബാസാനോയിലെ സിൻഡ്രല': ശശി തരൂർ എഴുതുന്നു
സോണിയാഗാന്ധിയുടെ ജീവിതം ഒരെഴുത്തുകാരൻ കഥയാക്കുമ്പോൾ അതിനൊരു മുത്തശ്ശിക്കഥയുടെ രൂപഭാവം വന്നാൽ കുറ്റംപറയാനാവില്ല. മറ്റൊരു രാജ്യത്തെ രാജകുമാരനെ വിവാഹംകഴിച്ച് തികച്ചും പുതിയതായ ഒരിടത്തേക്ക് വരുന്ന സുന്ദരിയായ പെൺകുട്ടി. അനുഗൃഹീതമായ കുറച്ചുവർഷങ്ങൾ. പിന്നീട് പെട്ടെന്ന് ദുഃഖകരമായ സാഹചര്യങ്ങളാൽ രാജ്യഭാരം ആ രാജകുമാരന് ഏറ്റെടുക്കേണ്ടി വരുന്നു. കലുഷിതമായ യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞ് ആ സാമ്രാജ്യത്തിലേക്കിറങ്ങിച്ചെന്ന രാജകുമാരന് ഒടുവിൽ നഷ്ടമായത് സ്വന്തം ജീവൻ. രാജ്യത്തിന്റെ ഭാവി ചുമലുകളിലേറ്റെടുക്കണമെന്ന അണികളുടെ നിരന്തരമായ അപേക്ഷ ചെവിക്കൊള്ളുന്നതുവരെ ആ രാജകുമാരിയുടേത് വിലാപത്തിന്റെ മൂടുപടമണിഞ്ഞ നിശ്ശബ്ദമായ കാലഘട്ടങ്ങളായിരുന്നു. അനുഗ്രഹങ്ങളിൽനിന്ന് അത്യുന്നതിയിലേക്ക്, ഉന്നതിയിൽനിന്ന് ദുരന്തങ്ങളുടെ പടുകുഴിയിലേക്ക്, അവിടെനിന്ന് വീണ്ടും ഉന്നതങ്ങളിലേക്ക്... ഈ അമ്പരപ്പിക്കുന്ന കഥയെ ഇങ്ങനെ ആരംഭിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്: 'പണ്ടൊരിക്കൽ...' കഥയിൽ വീണ്ടുമൊരു വഴിത്തിരിവുണ്ടാകുന്നു. സ്വർണത്തളികയിൽ െവച്ചുനീട്ടിയ ക
സോണിയാഗാന്ധിയുടെ ജീവിതം ഒരെഴുത്തുകാരൻ കഥയാക്കുമ്പോൾ അതിനൊരു മുത്തശ്ശിക്കഥയുടെ രൂപഭാവം വന്നാൽ കുറ്റംപറയാനാവില്ല. മറ്റൊരു രാജ്യത്തെ രാജകുമാരനെ വിവാഹംകഴിച്ച് തികച്ചും പുതിയതായ ഒരിടത്തേക്ക് വരുന്ന സുന്ദരിയായ പെൺകുട്ടി. അനുഗൃഹീതമായ കുറച്ചുവർഷങ്ങൾ. പിന്നീട് പെട്ടെന്ന് ദുഃഖകരമായ സാഹചര്യങ്ങളാൽ രാജ്യഭാരം ആ രാജകുമാരന് ഏറ്റെടുക്കേണ്ടി വരുന്നു. കലുഷിതമായ യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞ് ആ സാമ്രാജ്യത്തിലേക്കിറങ്ങിച്ചെന്ന രാജകുമാരന് ഒടുവിൽ നഷ്ടമായത് സ്വന്തം ജീവൻ.
രാജ്യത്തിന്റെ ഭാവി ചുമലുകളിലേറ്റെടുക്കണമെന്ന അണികളുടെ നിരന്തരമായ അപേക്ഷ ചെവിക്കൊള്ളുന്നതുവരെ ആ രാജകുമാരിയുടേത് വിലാപത്തിന്റെ മൂടുപടമണിഞ്ഞ നിശ്ശബ്ദമായ കാലഘട്ടങ്ങളായിരുന്നു. അനുഗ്രഹങ്ങളിൽനിന്ന് അത്യുന്നതിയിലേക്ക്, ഉന്നതിയിൽനിന്ന് ദുരന്തങ്ങളുടെ പടുകുഴിയിലേക്ക്, അവിടെനിന്ന് വീണ്ടും ഉന്നതങ്ങളിലേക്ക്... ഈ അമ്പരപ്പിക്കുന്ന കഥയെ ഇങ്ങനെ ആരംഭിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്: 'പണ്ടൊരിക്കൽ...'
കഥയിൽ വീണ്ടുമൊരു വഴിത്തിരിവുണ്ടാകുന്നു. സ്വർണത്തളികയിൽ െവച്ചുനീട്ടിയ കിരീടം അവർ നിഷേധിച്ചു. സിംഹാസനം അവർ തിരഞ്ഞെടുത്തില്ല. അധികാരച്ചുമതല മുതിർന്ന കാരണവന്മാർക്ക് കൈമാറി അവർ സാധാരണക്കാർക്കൊപ്പം സഞ്ചരിച്ചു. അവരെ സംഘടിപ്പിച്ചു.
'ഒർബാസാനോയിലെ സിൻഡ്രല'യെന്ന് ഒരു നിരീക്ഷകൻ ക്രൂരമായി ഒരിക്കൽ വിശേഷിപ്പിച്ച ഈ സ്ത്രീയെക്കുറിച്ച് ഒരുപക്ഷേ ഒരിക്കലും ആരും ഇങ്ങനെയൊരു കഥയെഴുതില്ല.
അസാധാരണമാണ് സോണിയാഗാന്ധിയുടെ കഥ. യക്ഷിക്കഥകൾക്ക് സമാനമായ ആ ജീവിതാധ്യായം ആരംഭിച്ചത് അനന്യസാധാരണമായ ഒരു തെളിവ് അവശേഷിപ്പിക്കാനായിരുന്നു. എന്നാൽ, അതിൽ ഏതുഘട്ടത്തിനാണ് ഊന്നൽ കൊടുക്കേണ്ടത്? ഇറ്റലിക്കാരി പെൺകുട്ടി കോടിക്കണക്കിന് ഇന്ത്യക്കാരുടെ രാജ്യത്ത് അതിശക്തയായ വ്യക്തിത്വമായതിനെക്കുറിച്ചോ. സ്വന്തം അനുചരവൃന്ദത്തിനുപോലും പ്രവചിക്കാനാകാത്ത തരത്തിൽ 2004-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് ചരിത്രവിജയം നേടിക്കൊടുത്ത സ്ത്രീയുടെ കഥയോ, ആത്മാർപ്പണത്തിന്റെ ദേശീയചിഹ്നമായി മാറിയ ആഢ്യയായ സ്ത്രീയെക്കുറിച്ചോ, അതുമല്ലെങ്കിൽ സ്വന്തം കഠിനാധ്വാനവും ധൈര്യവുംകൊണ്ട് ഒരു രാജ്യത്തെ ജയിച്ചിട്ടും സ്വർണപാത്രത്തിൽ െവച്ചുനീട്ടപ്പെട്ട രാജ്യത്തിന്റെ നേതൃപദവി നിരാകരിച്ച പാർലമെന്ററി നേതാവിന്റെ കഥയോ? ഇതിലേതാണ് ആദ്യം പറയേണ്ടത്.
കടങ്കഥപോലുള്ള ആ ജീവിതത്തെ അനാവരണംചെയ്യാൻ ശ്രമിച്ച സ്പാനിഷ് എഴുത്തുകാരൻ ജാവിയർ മോറോയുടെ ' ദി റെഡ് സാരി' എന്ന വിഖ്യാതസൃഷ്ടിമുതൽ കോൺഗ്രസ് നേതാവ് കെ.വി.തോമസിന്റെ 'സോണിയ പ്രിയങ്കരി' എന്ന പുസ്തകംവരെ പറയുന്നതും ചർച്ചചെയ്യുന്നതും ഈ കഥകളൊക്കെത്തന്നെയാണ്. അവരുടെ രാഷ്ട്രീയജീവിതത്തിലെ പ്രധാന നാഴികക്കല്ലുകൾ അക്കമിട്ട് പറയുന്നതാകും കൂടുതൽ എളുപ്പം.
ജന്മത്താൽ ഇറ്റലിക്കാരിയെങ്കിലും കർമംകൊണ്ട് ഇന്ത്യക്കാരിതന്നെയാണ് സോണിയയെന്ന് അവരുടെ ആരാധകർ ആവർത്തിച്ച് പറഞ്ഞെങ്കിലും വിദേശത്ത് ജനിച്ചുവെന്ന പേരിൽ ദേശവാദികൾ പടച്ചുവിട്ട വിവാദങ്ങളുടെ ആക്രമണം എക്കാലവും അവരെ തേടിവന്നു. തൊണ്ണൂറുകളുടെ മധ്യ-അവസാന ഘട്ടങ്ങളിലും പിന്നീട് 2004-ലും ഇന്ത്യൻ ദേശീയത്വമെന്ന പ്രാദേശിക സങ്കല്പത്തെച്ചൊല്ലി അവർ കൂടുതൽ ആക്രമിക്കപ്പെട്ടു. സ്‌കോട്ടിഷ് പൗരനായ അലൻ ഒക്ടോവിയൻ ഹ്യൂമെന്ന സ്‌കോട്ടിഷ് പൗരനാണ് 1885-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകനെന്നതാണ് രസകരമായ കാര്യം. ആദ്യകാലത്തെ പ്രമുഖ കോൺഗ്രസ് നേതാക്കളായിരുന്നത് മക്കയിൽ ജനിച്ച മൗലാനാ അബുൾകലാം ആസാദ്, ഐറിഷ് വനിതയായ ആനി ബസന്റ്, ഇംഗ്ലീഷുകാരായ വില്യം വെഡ്ഡർബേൺ, നെല്ലി സെൻഗുപ്ത എന്നിവരായിരുന്നു. കോൺഗ്രസ് പാർട്ടിയെ വിശാലവീക്ഷണമുള്ളതും വൈവിധ്യമുള്ളതുമായ ഇന്ത്യയുടെ ചെറുരൂപമായി കാണാനാഗ്രഹിച്ച കോൺഗ്രസിന്റെ എക്കാലത്തെയും മഹാനായ നേതാവ് മഹാത്മാഗാന്ധിയുടെ വീക്ഷണങ്ങളാണ് ഈ ദേശീയവാദത്തിന് ഏറ്റവും വിരുദ്ധമായി ചൂണ്ടിക്കാട്ടാവുന്നത്.
പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് അവരോധിക്കപ്പെടുന്ന സമയത്ത്, വിദേശത്താണ് ജനിച്ചതെങ്കിലും ഇന്ത്യയെയാണ് താൻ സ്വന്തം രാജ്യമായി തിരഞ്ഞെടുത്തതെന്ന് പ്രഖ്യാപിച്ച് സോണിയതന്നെ തന്റെ ദേശീയത വ്യക്തമാക്കിയിരുന്നു. ''ഞാൻ ഇന്ത്യക്കാരിയാണ്. അവസാനശ്വാസംവരെ അതങ്ങനെത്തന്നെയായിരിക്കും. എന്റെ ജീവിതത്തേക്കാൾ എനിക്ക് പ്രിയപ്പെട്ടത് ഇന്ത്യയെന്ന എന്റെ മാതൃരാജ്യമാണ്'' -അവർ പറഞ്ഞുവെച്ചു. ശരിയായ ഇന്ത്യക്കാരനെന്ന യോഗ്യത നൽകേണ്ടത് ആർക്കൊക്കെയാണെന്ന് നിശ്ചയിക്കാൻ നമ്മുടെ രാഷ്ട്രീയനേതാക്കൾക്കോ പാർലമെന്റിനുതന്നെയോ നമ്മൾ അനുവാദം നൽകുമോയെന്നതാണ് ശരിക്കുള്ള ചോദ്യം.
ഇന്ന് സോണിയാഗാന്ധിയുടെ രാഷ്ട്രീയനേതൃത്വത്തെയും അവരുടെ പാർട്ടിയെയും സഖ്യത്തെയുമെല്ലാം നമ്മൾ അംഗീകരിച്ചുകഴിഞ്ഞു. 2014-ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി നേരിട്ടിട്ടും പാർട്ടിയുടെ നേതൃസ്ഥാനത്ത് അവർ അനിഷേധ്യയായി തുടർന്നു. ഇന്നവർ പുതിയ നേതൃത്വത്തിനായി വഴിമാറുമ്പോൾ, എന്താണ് അവർ അവശേഷിപ്പിച്ചുപോകുന്ന പാരമ്പര്യം? ആശയങ്ങൾ തമ്മിൽ ഭിന്നത നിലനിൽക്കുന്ന ദേശീയ സാഹചര്യങ്ങളിൽ കോൺഗ്രസിന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതിൽ പൂർണവിജയമാകാൻ അവർക്കായി. ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് വോട്ടുതേടുന്ന എതിർപാർട്ടികളിൽനിന്ന് വിഭിന്നമായി കോൺഗ്രസിനെ ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യത്തിലും ബഹുവിശ്വാസത്തിലും അധിഷ്ഠിതമായി നിലനിർത്തുന്നതിലുള്ള അചഞ്ചലമായ ഉത്തരവാദിത്വബോധത്തിൽ അവർ ഉറച്ചുനിന്നു.
വികസന മുന്നേറ്റത്തിൽ ദൂരവ്യാപകഫലമുണ്ടാക്കുന്ന, ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നടപ്പാക്കുന്നതിനുമായി വിവിധ പദ്ധതികൾ യു.പി.എ. ഭരണകാലത്തുകൊണ്ടുവരാൻ അവർക്കായി.
ആർക്കുവേണ്ടിയാണ് ഇന്ത്യ തിളങ്ങേണ്ടത് എന്ന് സ്വയംപോലും ചോദിക്കാതെ 'ഇന്ത്യ തിളങ്ങുന്നു'വെന്ന് കൊട്ടിഘോഷിക്കുന്ന ബിജെപി.നേതൃത്വത്തിലുള്ള എൻ.ഡി.എ.സഖ്യവും എല്ലാ വികസനപദ്ധതികളെയും അതുകൊണ്ടുവരുന്ന സാമ്പത്തിക വളർച്ചയെപ്പോലും പരിഗണിക്കാതെ കണ്ണടച്ച് എതിർക്കുന്ന ഇടതുപക്ഷവുമാണ് നമുക്കുമുന്നിലുള്ളത്. എന്നാൽ, സാമൂഹികക്ഷേമവും വികസനവും ഒന്നിച്ചുനിർത്തിയുള്ള വികസനമുന്നേറ്റമാണ് സോണിയയ്ക്കുകീഴിൽ യു.പി.എ. കാഴ്ചവെച്ചത്. ഒരു പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനായി സോഷ്യലിസ്റ്റ് നയമെന്ന് ചിലരെങ്കിലും പറയുന്ന കേന്ദ്രീകൃതനിലപാടിലൂന്നിയ ശക്തമായ അടിത്തറയാണ് സോണിയ ഇതിലൂടെ ഉണ്ടാക്കിയെടുത്തത്.
ശരിയായ ജീവിതകഥയ്ക്കായി താൻ സ്വന്തമായൊരു പുസ്തകമെഴുതുന്നതുവരെ കാത്തിരിക്കണമെന്ന് 2014-ൽ സോണിയ പറഞ്ഞിരുന്നു. 71 വയസ്സ് പൂർത്തിയായി, കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് സോണിയ പടിയിറങ്ങുന്ന ഈ വേളയിൽ ലക്ഷക്കണക്കിന് പേരുടെ പ്രതിനിധിയായി ഞാൻ പറയുന്നു. ഞങ്ങളാ പുസ്തകത്തിനായി കാത്തിരിക്കുന്നു...
കടപ്പാട്: മാതൃഭൂമി