കവൻട്രി: കൃത്യം ഒരു മാസം മുൻപ് ലണ്ടനിൽ എത്തി ബ്രിട്ടീഷ് സുപ്രീം കോടതിയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു ഇന്ത്യക്ക് കോളനി വാഴ്ച മൂലം ഉണ്ടായ നഷ്ടടങ്ങൾ അക്കമിട്ടു നിരത്തിയ മുൻ കേന്ദ്ര മന്ത്രി ശശി തരൂർ ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ ഇന്ത്യക്ക് വേണ്ടി വാദിക്കാൻ ഒരുങ്ങുന്നു. നാനൂറു വർഷം മുൻപ് കൊളോനിയസത്തിന് അടിത്തറ ഇടാൻ കാരണമായ ജെയിംസ് തോമസ് റോയുടെ ഇന്ത്യ സന്ദർശന വാർഷികം പ്രമാണിച്ച് നടത്തിയ ചർച്ചയിൽ ആണ് ശശി തരൂർ ബ്രിട്ടന്റെ കോളനിവാഴ്ച മൂലം ഇന്ത്യക്ക് ഉണ്ടായ നഷ്ടടങ്ങൾ എടുത്തു കാട്ടിയത്. പാർലമെന്റ് അംഗങ്ങളും മുതിർന്ന മാദ്ധ്യമ പ്രവർത്തകരും ചിന്തകരും അടങ്ങിയ ഗ്രൂപ്പിൽ ശശി തരൂർ ഉയർത്തിയ വാദങ്ങൾ ഖണ്ഡിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല എന്നതും ശ്രദ്ധിക്കപ്പെട്ടു.

വിമർശത്തിന്റെ കൂരമ്പ് ഏറ്റു പിടഞ്ഞെങ്കിലും ഇപ്പോൾ ഒന്നാം ലോക യുദ്ധ വാർഷികം പ്രമാണിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംവാദങ്ങളിൽ ഇന്ത്യയിൽ നിന്നും ശശി തരൂരിനെ ആണ് ബിബിസി കണ്ടെത്തിയിരിക്കുന്നത്. ഒന്നാം ലോക യുദ്ധത്തിൽ ഇന്ത്യയുടെ പങ്കു വരച്ചു കാട്ടാൻ ശശി തരൂരിന് കഴിഞ്ഞേക്കും എന്നുറപ്പാണ്. കൂട്ടത്തിൽ ബ്രിട്ടീഷ് സൈനിക നേതൃത്വം ഏത് വിധത്തിലാണ് ഇന്ത്യൻ സൈനികരെ ഉപയോഗപ്പെടുത്തിയത് എന്നതും തരൂരിന്റെ വാക്കുകളിലൂടെ കൂടുതൽ തെളിമയോടെ കേൾക്കാൻ ലോകത്തിന് കഴിഞ്ഞേക്കും.

ലോക മഹായുദ്ധവും ബന്ധപ്പെട്ട ഇനിയും ലോകം വേണ്ട വിധം തിരിച്ചറിയാത്ത സംഭവ ബഹുലമായ ഒട്ടേറെ വിവരങ്ങൾ ചരിത്രത്തിൽ മറഞ്ഞു കിടക്കുന്നതിനാൽ ശശി തരൂരിന്റെ പ്രഭാഷണത്തിന് വലിയ സാധ്യതകളാണ് കൽപ്പിക്കപ്പെടുന്നത്. അതിനാൽ തന്നെ ലോകത്തിന് മുന്നിൽ ഇന്ത്യൻ സൈന്യത്തിന്റെ വീര്യം ഉയർത്തിക്കാട്ടാൻ ലഭിക്കുന്ന ഏറ്റവും മികച്ച അവസരം എന്ന നിലയിൽ തരൂർ ഉശിരോടെ തന്നെ രംഗത്ത് എത്തും എന്നാണ് മാദ്ധ്യമ ലോകത്തിന്റെ പ്രതീക്ഷ. ഇയ്യിടെ ലണ്ടനിൽ അദ്ദേഹം കൊളോനിയസത്തിന് എതിരെ നടത്തിയ പ്രഭാഷണം സോഷ്യൽ മീഡിയ വ്യാപകമായി ചർച്ച ചെയ്തിരുന്നു. ഈ പ്രസംഗം മറുനാടൻ മലയാളിയിൽ പ്രസിദ്ധീകരിച്ചത് 41,000 പേർ ഷെയർ ചെയ്തു. മറുനാടന്റെ ഫേസ്‌ബുക്കിലും മറ്റും ഇതിന് ആയിരക്കണക്കിന് വേറെയും ഷെയർ ലഭിച്ചു. അതിന്റെ ലിങ്കാണ് ചുവടെ കൊടുത്തിരിക്കുന്നത്.

ഈ ശനിയാഴ്ച വൈകുന്നേരം ഏഴ് മണി മുതൽ എട്ടു വരെയുള്ള സമയത്താണ് ബിബിസി വേൾഡ് വൈഡ് തരൂരിന്റെ പ്രഭാഷണം പ്രക്ഷേപണം ചെയ്യുന്നത്. ലോകം മാറ്റി മറിച്ച യുദ്ധം, ഇന്ത്യയും കൊളോനിയസവും എന്ന വിഷയത്തിലാണ് തരൂർ ഇന്ത്യയുടെ റോൾ വരച്ചു കാട്ടുക. ഈ പ്രഭാഷണ പരമ്പരയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയി 10 ചർച്ചകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ആറാം ഭാഗമാണ് ഇന്ത്യക്ക് വേണ്ടി ശനിയാഴ്ച മാറ്റി വച്ചിരിക്കുന്നത്. ലോക യുദ്ധം നടന്നു 100 വർഷങ്ങൾക്ക് ശേഷം ലോകം ഏതൊക്കെ വിധത്തിൽ മാറി എന്ന അന്വേഷണം കൂടിയാകും ഈ പരമ്പര എന്ന് ബിബിസി പറയുന്നു.

ലോക യുദ്ധത്തിൽ ഓരോ വിധത്തിൽ നിർണ്ണായക റോൾ ഉണ്ടായിരുന്ന ബോസ്‌നിയ, ജർമ്മനി, യുകെ, ടർകി, റഷ്യ എന്നിവിടങ്ങളിലെ പ്രഭാഷണം ആണ് ഇതുവരെ പൂർത്തിയായിരിക്കുന്നത്. 10 ലക്ഷത്തിലേറെ ഇന്ത്യൻ സൈനികർ പങ്കാളികൾ ആയ യുദ്ധം എന്ന നിലയിൽ ഒന്നാം ലോക യുദ്ധത്തിലെ ഇന്ത്യൻ പങ്കാളിത്തം നിർണ്ണായകമാണ്. മുഖ്യമായും മുംബൈ തുറമുഖത്ത് നിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ച ഇന്ത്യൻ സൈനികർ ബ്രിട്ടന്റെ താൽപ്പര്യം സംരക്ഷിക്കുന്നതിന് വിലമതിക്കാനാകാത്ത സംഭാവനകളാണ് നൽകിയത്. ഒന്നാം ലോക യുദ്ധം വഴി ഇന്ത്യക്ക് ഉണ്ടായ നഷ്ടടം അപരിഹാര്യവും ആണ്. അന്ന് യുദ്ധത്തിൽ പങ്കാളികൾ ആയ പലരുടെയും മൂന്നോ നാലോ തലമുറകൾ ഇന്ന് ഇന്ത്യൻ പാരമ്പര്യത്തിന്റെ വക്താക്കൾ ആയി ലോകത്തിന്റെ വിവിധ കോണുകളിൽ ഉണ്ടെന്നതും ഒന്നാം ലോക യുദ്ധത്തിന്റെ അവശേഷിപ്പുകളിൽ പ്രധാനമായി മാറിയിരിക്കുന്നു.

ഇന്ത്യൻ പട്ടാളക്കാരെ മുഖ്യമായും ആഫ്രിക്ക, ന്യൂസിലന്റ്, സിംഗപ്പൂർ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിയോഗിച്ച ബ്രിട്ടീഷ് സൈന്യം യുദ്ധാനന്തര പുന പ്രക്രിയക്കുള്ള മനുഷ്യ വിഭവ ശേഷി കണ്ടെത്തുന്നതിന് നിയുക്തരാക്കിയതും ചരിത്രത്തിന്റെ ഏടുകളിൽ നിറഞ്ഞു കിടപ്പുണ്ട്. ശാരീരിക അദ്ധ്വാനം ആവശ്യമായ കഠിനമായ ജോലികൾ ഏറെക്കുറെ പുർണ്ണമായും ഇന്ത്യൻ സൈനികരുടെ ചുമലിൽ തന്നെ വന്നു വീണതും കോളനി വാഴ്ചയുടെ അപ്രമാദിത്തം മൂലം ആണെന്ന് വാദിക്കുന്നവരുണ്ട്. ഇത്തരം കാര്യങ്ങളിൽ തരൂർ എന്ത് നിലപാട് എടുക്കും എന്നതും ശനിയാഴ്ച അറിയാൻ സാധിക്കും. യുദ്ധത്തിൽ ജീവ നാശം സംഭവിക്കാൻ ഇടയുള്ള കേന്ദ്രങ്ങളിൽ എല്ലാം ഇന്ത്യൻ സൈനികരെയാണ് നിയോഗിച്ചതെന്നതും ബ്രിട്ടന്റെ കൗശല ബുദ്ധിയുടെ തെളിവായി അവശേഷിക്കുന്നു. ഇതിനാൽ തന്നെ ബ്രിട്ടീഷ് രാജ വംശത്തിന്റെ അടിത്തറ സംരക്ഷിക്കാൻ ചോര ചിന്തിയത് ബ്രിട്ടീഷ് പട്ടാളത്തേക്കാൾ ഇന്ത്യൻ സൈനികരാണെന്നതും സുവക്തമാണ്.

ഇന്ത്യൻ സ്വാതന്ത്ര സമരത്തിന് ആക്കം നൽകാനും ഗണ്യമായ സംഭാവന ഒന്നാം ലോക യുദ്ധം സമ്മാനിച്ചിട്ടുണ്ട്. യുദ്ധത്തിൽ ഇന്ത്യ സജീവം ആയിരുന്നപ്പോൾ നൽകിയ പല വാഗ്ദാനങ്ങളും പിന്നീട് സൗകര്യപൂർവ്വം ബ്രിട്ടീഷ് ഭരണ നേതാക്കൾ മറക്കുക ആയിരുന്നു. ഇത് തിരിച്ചറിഞ്ഞ ഇന്ത്യൻ സമര സേനാനികൾ നൽകിയ ബ്രിട്ടീഷ് വിരുദ്ധ ആഹ്വാനത്തിന് വൻ ജന മുന്നേറ്റം സാധ്യമാക്കാനും സഹായിച്ചു. യഥാർത്ഥത്തിൽ ഇന്ത്യ എന്ന വികാരം രൂപപ്പെടുന്നതും ഒന്നാം ലോക യുദ്ധ ശേഷമാണ്. ഇന്ത്യ ഇന്റർനാഷനൽ സെന്ററും ബ്രിട്ടീഷ് കൗൺസിലും ചേർന്ന് നടത്തുന്ന പരിപാടിയിൽ തരൂരിന്റെ വാക്കുകൾക്ക് തന്നെയാകും ലോകം കാതോർക്കുക. അദ്ദേഹത്തോടൊപ്പം ബിബിസിയുടെ റസിയ ഇക്‌ബാൽ, ചരിത്ര പണ്ഡിതരായ പ്രൊഫ മൃദുല മുഖർജി, ഡോ. ശ്രീനാഥ് രാഘവാൻ എന്നിവരും പങ്കെടുക്കും.

സമയം
Saturday 8 Nov-ember
7.00pm8.00pm
BBC WORLD SERVICE