കൊൽക്കത്ത: തേളിനോട് ഉപമിച്ച് വെട്ടിലായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. കൈയിൽ വാളുമായി വെള്ളക്കുതിരപ്പുറത്തിരുന്ന് എല്ലാത്തിനുമുള്ള ഉത്തരം തനിക്കറിയാമെന്ന് പറയുന്ന ഹീറോയാണ് മോദിയെന്നാണ് ശശി തരൂർ എംപി അഭിപ്രായപ്പെട്ടത്.

ഏകാംഗ സർക്കാരാണ് നരേന്ദ്ര മോദിയുടേത്. അദ്ദേഹം പറയുന്നതിനനുസരിച്ച് തുള്ളുകയാണ് ബാക്കിയുള്ളവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെയുണ്ടായ പ്രധാനമന്ത്രിമാരുടെ ഓഫീസുകളിൽ ഏറ്റവും കേന്ദ്രീകൃതമായ ഓഫീസാണ് നിലവിലുള്ളതെന്നും കോൺഗ്രസ് വിമർശിച്ചു.

ഇപ്പോൾ എല്ലാ ഫയലുകളും പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് പോകുന്നതെന്നും അവിടെയാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 2019 ലെ  പാർലമന്റെ് തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും മറ്റു പ്രതിപക്ഷ പാർട്ടികളുമായി കോൺഗ്രസ് സഖ്യത്തിലേർപ്പെടുമെന്നും എന്നാൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആയിരിക്കണമെന്നില്ല എന്നും തരൂർ വ്യക്തമാക്കി.

കുരുക്ക് മുറുക്കി തേൾ

കഴിഞ്ഞ ആഴ്ച ബംഗളൂരുവിൽ സാഹിത്യോത്സവത്തിൽ വച്ച് മോദിയെ ശിവലിംഗത്തിലിരിക്കുന്ന തേൾ എന്ന് ശശി തരൂർ വിശേഷിപ്പിച്ച് വിവാദത്തിൽ പെട്ടിരുന്നു. ഇതേത്തുടർന്ന് ബിജെപി ഡൽഹി കോടതിയിൽ അപകീർത്തികേസ് നൽകി.

'ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേൾ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഒരിക്കൽ ഒരു ആർഎസ്എസ് നേതാവ് പറഞ്ഞിരുന്നു. തേളായതു കൊണ്ട് കൈഉപയോഗിച്ച് എടുത്ത് മാറ്റാൻ കഴിയില്ല.

അതേസമയം ശിവലിംഗത്തിന് മുകളിലായതിനാൽ ചെരുപ്പുകൊണ്ട് അടിക്കാനും കഴിയില്ല'. ഇതായിരുന്നു തരൂരിന്റെ പ്രസ്താവന. പ്രധാനമന്ത്രിയുടെ വ്യക്തിത്വം ആർഎസ്എസ്സുമായി ചേർന്നു പോവുന്നതല്ലെന്നും തരൂർ പറഞ്ഞിരുന്നു.