മുംബൈ: മോദി സർക്കാരിന്റെ കടുത്ത വിമർശകനും അദ്വാനി പക്ഷക്കാരനുമായ മുൻ ബിജെപി എംപി ശത്രുഘ്നൻ സിൻഹയുടെ ജുഹുവിലെ വസതിയുടെ ഒരുഭാഗം അധികൃതർ പൊളിച്ചുനീക്കി. ജൂഹുവിലുള്ള എട്ടുനില കെട്ടിടമായ 'രാമായണി'നോട് ചേർന്ന് ശുചിമുറിയും പൂജാമുറിയുമാണ് അധികമായി നിർമ്മിച്ചത്. ശുചിമുറി നഗരസഭ പൊളിച്ചു.

അനധികൃതമായി നിർമ്മിച്ച ഭാഗമാണ് ബൃഹൻ-മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) അധികൃതരാണ് പൊളിച്ചുനീക്കിയത്. അതേ സമയം പൊളിച്ചുനീക്കിയതിന്റെ ചെലവ് സിൻഹയിൽനിന്ന് ഈടാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.അനധികൃതമായി നിർമ്മിച്ച പൂജാമുറി മാറ്റിസ്ഥാപിക്കണമെന്ന് അധികൃതർ നേരത്തെതന്നെ നിർദ്ദേശിച്ചിരുന്നു.

2012 മുതൽ ജൂഹുവിലെ വസതിയിലാണ് സിൻഹ താമസിക്കുന്നത്. ഡിസംബർ ആറിനുതന്നെ സിൻഹയ്ക്ക് നോട്ടീസ് നൽകിയിരുന്നുവെന്നാണ് അധികൃതർ പറയുന്നത്.2012 ൽ കെട്ടിടം പുനർനിർമ്മിച്ചപ്പോഴാണ് പ്ലാനിലില്ലാത്ത രണ്ട് അധികമുറികൾ നിർമ്മിച്ചത്. മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹയെ പിന്തുണച്ചതിന് തൊട്ടുപിന്നാലെ ഡിസംബർ ആറിനാണ് അധികനിർമ്മിതിക്കെതിരെ നഗരസഭയുടെ നോട്ടീസ് ലഭിച്ചത്. ഇത് രാഷ്ട്രീയ പകപോക്കുകയാണ് എന്നുള്ളത് പരസ്യമായ രഹസ്യമാണെന്നാണ് അണിയറ സംസാരം.

സതാരയിലെ കർഷകരെ പിന്തുണച്ച യശ്വന്ത് സിൻഹയോട് കൂറുകാണിച്ചതിന് നൽകുന്ന വിലയാണോ ഇതെന്ന് ചോദിക്കുന്നവരോട് മറുപടിപറയാൻ ഒന്നുമില്ല. ഒരുപക്ഷേ ആയിരിക്കാം തന്നോടുള്ള വൈരാഗ്യത്തിനുള്ള കാരണം എന്നും സിൻഹ പറയുന്നു.

ഡൽഹിയിൽ തന്റെ സുരക്ഷസംവിധാനം എടുത്തുകളഞ്ഞതോടെ തുടങ്ങിയതാണ്. ചിലപ്പോൾ മുംബൈയിലെ റസ്റ്റാറന്റുകളിൽ തീപിടിച്ച സംഭവത്തിൽ മുട്ടുവിറച്ച നഗരസഭയുടെ പ്രതികരണവുമാകാം. അങ്ങനെയെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നതായും- ട്വിറ്ററിലൂടെ ശത്രുഘ്‌നൻ സിൻഹ പ്രതികരിച്ചു.

കെട്ടിടത്തിൽ നടത്തിയ മിനുക്കുപണികൾ ക്രമപ്പെടുത്താൻ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു സിൻഹ ഷാരുഖ് ഖാൻ അടക്കമുള്ള ബോളിവുഡ് താരങ്ങൾക്ക് അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട് ബി.എം.സിയുടെ നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. അമിതാഭ് ബച്ചൻ അടക്കമുള്ളവർക്ക് 2017 ൽ ഇതുസംബന്ധിച്ച നോട്ടീസ് ലഭിച്ചിരുന്നു.

നരേന്ദ്ര മോദിയടക്കമുള്ള ഇപ്പോഴത്തെ അധികാരത്തിലിരിക്കുന്ന നേതാക്കളെ വളരെ രൂക്ഷമായി വിമർശിച്ച വ്യക്തിയാണ് ശത്രൂഘ്‌നൻ സിൻഹ. ബിജെപിയിലെ വൺ മാൻ ഷോയും ടു മാൻ ആർമി ഭരണവും അവസാനിപ്പിച്ചാൽ മാത്രമേ പാർട്ടി ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് വളരൂവെന്നാണ് സിൻഹ കുറച്ച് ദിവസം മുമ്പ് പറഞ്ഞത്. മാത്രമല്ല എൽ.കെ അഡ്വാനി, മുരളി മനോഹർ ജോഷി, യശ്വന്ത് സിൻഹ, അരുൺ ഷോരി തുടങ്ങിയ നേതാക്കളെ പാർട്ടി അകറ്റി നിർത്തിയതിന്റെ കാരണം മനസിലാകുന്നില്ലെന്നും ഒരു കുടുംബം പോലെയുള്ള പാർട്ടിക്കുള്ളിൽ ഒരു പ്രശ്നമുണ്ടായാൽ അത് പരിഹരിക്കാനുള്ള ശ്രമം എന്തുകൊണ്ട് ഉണ്ടാകുന്നില്ലെന്നും സിൻഹ പറഞ്ഞിരുന്നു.