- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘടിത കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ ക്രൈംബ്രാഞ്ചിനു കീഴിൽ പ്രത്യേക സംഘം രൂപീകരിക്കും; മുടക്കോഴി മലയിലെ സൂപ്പർ ഹീറോയെ ചുമതല ഏൽപ്പിക്കണമെന്ന ആവശ്യം ശക്തം; കൊടി സുനിയുടെ ഗ്യാങിനെ തകർക്കാൻ വീണ്ടും ഷൗക്കത്തലി എത്തുമോ?
തിരുവനന്തപുരം: സംഘടിത കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ ക്രൈംബ്രാഞ്ചിനു കീഴിൽ പ്രത്യേക സംഘം നിലവിൽ വരുന്നു. ഭീകര വിരുദ്ധ സ്‌ക്വാഡ്, സംസ്ഥാന ഇന്റലിജൻസ്, ക്രൈംബ്രാഞ്ച് സ്‌പെഷൽ വിങ് എന്നിവ സംയുക്തമായിട്ടായിരിക്കും ഇത്തരം കേസുകൾ കൈകാര്യം ചെയ്യുക. ഇതിന് വേണ്ടി പ്രത്യേക നിയമ നിർമ്മാണവും സർക്കാർ പരിഗണനയിലാണ്. നേരത്തേ ക്രൈംബ്രാഞ്ചിന് സംഘടിത കുറ്റകൃത്യം അന്വേഷിക്കുന്ന പ്രത്യേക വിഭാഗം ഉണ്ടായിരുന്നെങ്കിലും 2018ൽ നിർത്തലാക്കിയിരുന്നു.
ഗുണ്ടാസംഘങ്ങളുടെ ശൃംഖല തുടക്കത്തിൽതന്നെ തകർത്തില്ലെങ്കിൽ ഭാവിയിൽ ക്രമസമാധാനത്തെ സാരമായി ബാധിക്കാമെന്നും ഉന്നത ഉദ്യോഗസ്ഥർ വിശദമാക്കുന്നു. സംഘടിത കുറ്റകൃത്യ അന്വേഷണ സംഘത്തിന്റെ ഘടനയും രൂപവും പ്രവർത്തനരീതിയും അടുത്തദിവസം ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്യും. മറ്റ് ഏജൻസികളുടെ സഹകരണം ഉറപ്പാക്കുന്നതും പരിഗണനയിലാണ്. ടി പി കേസ് അന്വേഷിച്ച എൻഐഎയിൽ പ്രവർത്തിച്ച എപി ഷൗക്കത്തലിയെ ഇതിന്റെ ചുമതല ഏൽപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.
ടിപി കേസിലൂടെ തന്നെ ഇടതു സർക്കാരിന്റെ കണ്ണിലെ കരടാണ് ഷൗക്കത്തലി. എൻഐഎയിലെ ഡെപ്യുട്ടേഷൻ കഴിഞ്ഞ് കേരളാ സർവ്വീസിലെത്തിയ എസ് പി റാങ്കിലെ ഉദ്യോഗസ്ഥന് ഇനിയും നല്ലൊരു പോസ്റ്റിങ് സർക്കാർ നൽകിയിട്ടില്ല. എന്തുവന്നാലും ഷൗക്കത്തലിയെ പ്രത്യേക സ്‌ക്വാഡിന്റെ ചുമതല ഏൽപ്പി്കില്ലെന്നാണ് പൊലീസിൽ നിന്നുള്ള സൂചന. തീവ്രവാദത്തെ നേരിട്ട പരിചയ സമ്പത്ത് ഷൗക്കത്തലിക്കുണ്ട്. അതിനാൽ ഷൗക്കത്തലിയാണ് നല്ല ചോയിസെന്ന് പൊലീസിലെ ഉന്നതരും കരുതുന്നു. എന്നാൽ ഇത് സംസ്ഥന സർക്കാർ അംഗീകരിക്കില്ല.
ദേശീയ ശ്രദ്ധ ആകർഷിച്ച പല തീവ്രവാദ കേസുകളും അന്വേഷിച്ച എൻഐഎ സംഘാംഗമായിരുന്നു ഷൗക്കത്തലി. കനകമല കേസിലെ പ്രതികളെ പിടികൂടിയതും ഷൗക്കത്തിലിയുടെ മികവായിരുന്നു. എന്നാൽ ടിപി ചന്ദ്രശേഖരന്റെ ഘാതകരെ മുടക്കോഴി മലയിൽ എത്തി പിടിച്ച പൊലീസ് ഓഫീസർ സിപിഎമ്മിന് അത്ര പിടിത്തമുള്ള ആളല്ല. ഇത് മനസ്സിലാക്കിയാണ് ഇടതു ഭരണം വന്നപ്പോൾ എൻഐഎയിലേക്ക് ഷൗക്കത്തലി പോയത്. ഏതാണ്ട് അഞ്ചു കൊല്ലം എൻഐഎയിൽ പ്രവർത്തിച്ചു. എസ് പി റാങ്കിലേക്കും ഉയർന്നു. പിന്നീട് സംസ്ഥാന സർവ്വീസിൽ മടങ്ങി എത്തുകയായിരുന്നു.
മഹാരാഷ്ട്രയിലും മറ്റും സംഘടിത കുറ്റകൃത്യങ്ങളെ തടയാൻ ഭീകര വിരുദ്ധ നിയമത്തിന് സമാനമായ വകുപ്പുകളുള്ള നിയമങ്ങളുണ്ട്. ഇത് കേരളത്തിലും വേണമെന്ന ആവശ്യം മുൻ പൊലീസ് മേധാവ് ലോക്‌നാഥ് ബെഹ്‌റ തന്നെ സർക്കാരിനെ അറിയിച്ചിരുന്നു. ഇതിന് സമാനമായ നിയമ നിർമ്മാണം നടത്താനാണ് വീണ്ടും ആലോചന. സ്വർണക്കടത്ത്, ഇതര ക്വട്ടേഷൻ സംഘങ്ങളുടെ ശൃംഖലകൾ സംസ്ഥാനത്തു വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സ്ഥിതി ഗതികളെ സർക്കാർ ഗൗരവത്തോടെ എടുക്കുന്നുണ്ട്.
നിലവിൽ സംഘടിത കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പൊലീസിൽ പ്രത്യേക വിഭാഗമില്ല. കേസുകളുടെ സ്വഭാവം അനുസരിച്ചു സ്‌പെഷൽ ടീം ഉണ്ടാക്കുകയാണ് ചെയ്യുക. പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് സംഘടിത ഗുണ്ടാ ശൃംഖലകൾ ശക്തമായി വരുന്നതായി ഇന്റലിജൻസും ഭീകരവിരുദ്ധ സേനയും തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ടുമാത്രം ശരാശരി നാലു സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഈ ഗ്യാങ്ങുകൾ തമ്മിൽ ശത്രൂതയിലാണ്.
ലഹരികടത്തു സംഘങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടുന്ന യുവാക്കളും കണ്ണികളാകുന്നതും ഗൗരവത്തോടെയാണ് രഹസ്യാന്വേഷണ വിഭാഗം നോക്കിക്കാണുന്നത്. നെടുമ്പാശേരി, കാസർകോട്, മഞ്ചേശ്വരം, കൊല്ലം, കോഴിക്കോട്, കണ്ണൂർ പ്രദേശങ്ങളിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ടു ഗ്യാങുകളുണ്ട്. ഇതിൽ കൊടുവള്ളിക്കാരും കണ്ണൂരുകാരും തമ്മിൽ എപ്പോൾ വേണമെങ്കിലും തെരുവ് യുദ്ധം തുടങ്ങും. ഈ സാഹചര്യത്തിൽ കൂടിയാണ് മുൻകരുതൽ എഠുക്കൽ.
ആളുകളെ തട്ടിയെടുത്തു പണത്തിനായി വിലപേശൽ, സ്ഥാപനങ്ങളുടെ നടത്തിപ്പുകാരെ കസ്റ്റഡിയിൽവച്ചു കൊള്ളയടിക്കൽ, സംഘടിതമായ കവർച്ചകൾ, സ്ത്രീകൾക്കു നേരെയുള്ള സംഘടിത അക്രമം, കുഴൽപ്പണ കടത്തുസംഘങ്ങൾ, കുട്ടികളെ ഉപയോഗിച്ചു കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ, പ്രത്യേകസ്ഥലം കേന്ദ്രീകരിച്ചു ഡിജിറ്റൽ സംവിധാനത്തിലൂടെ തട്ടിപ്പു നടത്തൽ എന്നിവയെ എല്ലാം ഗൗരവത്തോടെ എഠുക്കും.
മറുനാടന് മലയാളി ബ്യൂറോ