കണ്ണൂർ: വാഹനങ്ങളുടെ വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ചമച്ച് പോളിസി ഉടമകളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ യുവതിക്ക് ഇൻഷുറൻസ് കമ്പനി ജീവനക്കാരുടെ സഹായം കിട്ടിയതായി സംശയം. യുവതിയുടെ ചതിയിൽ നിരവധി പേർ വീണുവെന്നും പൊലീസിന് സൂചന ലഭിച്ചു. സംഭവത്തിൽ എളയാവൂർ സൗത്ത് സ്വദേശിയും ഇൻഷുറൻസ് ഏജന്റുമായ ഒട്ടുംചാൽ ഷീബാ ബാബു(37) തട്ടിപ്പിലൂടെ ലക്ഷങ്ങൾ ഉണ്ടാക്കിയെന്നാണ് പൊലീസ് നിഗമനം.

രേഖകൾ പരിശോധിച്ചതിൽ പന്ത്രണ്ടെണ്ണം വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കൂടുതൽ ചോദ്യംചെയ്താൽമാത്രമെ തട്ടിപ്പിന്റെ ആഴം വ്യക്തമാവൂ എന്ന് ടൗൺ പൊലീസ് പറഞ്ഞു. പത്തുവർഷമായി ഇൻഷുറൻസ് ഏജന്റായി ജോലിചെയ്യുന്ന ഷീബ പല വാഹന ഉടമകളിൽനിന്നും കൃത്യമായി പ്രീമിയം സ്വീകരിച്ചശേഷം അത് ഹെഡ്ഡോഫീസിൽ അടയ്ക്കാതെ തട്ടിപ്പ് നടത്തുകയായിരുന്നു. പണം അടച്ചതായ രേഖ കൃത്രിമമായുണ്ടാക്കി ഉടമകൾക്ക് നൽകി.

ഇരിട്ടി വള്ളിത്തോട് സ്വദേശി ഷഫീഖ് എന്നയാളിന്റെ കാറിന്റെ ഇൻഷുറൻസ് തുക അടയ്ക്കാനായി ഇരിട്ടി ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിലെത്തിയപ്പോഴാണ് തൊട്ടുതലേവർഷത്തെ ഇൻഷുറൻസ് അടച്ചില്ലെന്ന് അറിയുന്നത്. അതേസമയം യുനൈറ്റഡ് ഇൻഷുറൻസിന്റെ ഏജൻസിയുള്ള ഷീബാ ബുബുവിന് പ്രിമിയം തുകയായ 15260 രൂപ നൽകിയതായി അദ്ദേഹം അറിയിച്ചു. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതോടെ കൂടുതൽ പേർ പരാതിയുമായെത്തി. ഇൻഷുറൻസ് അടച്ചതിന് നൽകുന്ന രേഖ ഒർജിനലിന് സമാനമായിരുന്നു. അതുകൊണ്ടാണ് ഇൻഷുറൻസ് കമ്പനിയിൽനിന്നോ മറ്റോ ഇവർക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചതായും പൊലീസ് സംശയിക്കുന്നത്. അല്ലാതെ സുഗമമായി തട്ടിപ്പ് നടത്താൻ പറ്റില്ല.

വർഷങ്ങളായി ഈ രീതിയിൽ തട്ടിപ്പ് നടത്തുന്ന ഷീബ വൻതുക സമ്പാദിച്ചതായി പൊലീസ് കരുതുന്നുണ്ട്. നൂറുകണക്കിന് പോളിസി ഉടമകൾ ഇവർവഴി പണം അടയ്ക്കുന്നുണ്ട്. അതിന്റെ ന്യായമായ കമ്മിഷൻതന്നെ ഒരുമാസം ലക്ഷത്തോളം രൂപ ഇവർക്ക് ലഭിക്കും. ഇത് പോരാത്തതു കൊണ്ടാണ് തട്ടിപ്പിലേക്ക് തിരിഞ്ഞത്. അടുത്തകാലത്ത് ഇവർ 12 ലക്ഷത്തോളം വിലവരുന്ന കാർ വാങ്ങിയതായി പൊലീസ് പറയുന്നു. അതിനിടെ തട്ടിപ്പ് പുറത്തുവന്നതോടെ പോളിസി ഉടമകൾ പലരും അങ്കലാപ്പിലാണ്.

ചില ഇൻഷുറൻസ് കമ്പനികൾ ഇൻഷുറൻസ് അടയ്ക്കേണ്ട സമയത്തിന് ഒരുമാസംമുൻപുതന്നെ മൊബൈൽ മെസേജ് വഴിയോ ഫോൺവഴിയോ പ്രീമിയം അടയ്ക്കാൻ ഓർമിപ്പിക്കും. മാത്രമല്ല അടച്ചാൽ ഉടൻ സർട്ടിഫിക്കറ്റിന്റെ താത്കാലിക കോപ്പി നൽകുന്നതോടൊപ്പം ദിവസങ്ങൾക്കകം ഒറിജിനൽ കോപ്പി രജിസ്റ്റ്രേഡ് തപ്പാലിൽ അയച്ചുകൊടുക്കും. അതേസമയം മറ്റു ചില കമ്പനികൾ മൊബൈൽ നമ്പർ കൊടുത്താൽമാത്രം വിവരം നൽകും. ഏജന്റുമാർതന്നെ കമ്പ്യൂട്ടറിൽനിന്ന് പ്രിന്റെടുത്തുകൊടുക്കുന്നതാണ് രീതി. ചിലപ്പോൾ മെസേജും ഈ ഏജന്റുമാർതന്നെയാണ് കസ്റ്റമർക്ക് നൽകുക. ഈ സാധ്യത മനസ്സിലാക്കിയായിരുന്നു ഷീബയുടെ തട്ടിപ്പ്.

വാഹനത്തിന് എന്തെങ്കിലും അപകടംപറ്റിയാൽ മാത്രമാണ് ഇൻഷറൻസിനെ കുറിച്ച് വാഹന ഉടമകൾ ചിന്തിക്കുക. വിലകൂടിയ രണ്ടും മൂന്നും കാറുള്ളവർ ഇൻഷുറൻസ് പ്രീമിയം ഏജന്റിനെ ഏൽപ്പിക്കുകയാണ് ചെയ്യുക. അധികം യാത്രപോകാത്ത വാഹനങ്ങൾക്ക് അപകടസാധ്യതയും കുറവാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് ഷീബ തട്ടിപ്പുകൾ നടത്തിയത്.