തിരുവനന്തപുരം: പളനി ശാന്തമായി ഉറങ്ങുന്ന കല്ലറയ്ക്കു മുന്നിൽ കറുത്തമ്മ നിശബ്ദമായി നിന്നു. പാളയം എംഎം പള്ളിയുടെ ശവക്കോട്ടയിൽ, മഹാനടൻ സത്യന്റെ കല്ലറയ്ക്കു മുന്നിൽ സത്യന്റെ 44-ാം ചരമ വാർഷികത്തിൽ കറുത്തമ്മ എന്ന ഷീല എത്തി. സത്യൻ അനശ്വരമാക്കിയ ചെമ്മീൻ സിനിമ പുറത്തിറങ്ങിയതിന്റെ അൻപതാം വാർഷികത്തെ അനുസമരിപ്പിക്കുന്ന ഓർമ്മ പുതുക്കൽ. സത്യന്റെ ചരമ വാർഷികത്തോടനുബന്ധിച്ചു കല്ലറയിൽ പുഷ്പങ്ങൾ അർപ്പിക്കുന്നതിനു വേണ്ടിയാണു ഷീല എത്തിയത്.

ചെമ്മീനിൽ കറുത്തമ്മയുടെ അനുജത്തി പഞ്ചമിയായി അഭിനയിച്ച നടി ലത രാജുവും ഒപ്പമുണ്ടായി. ആദ്യം കല്ലറയ്ക്കു ചുറ്റും നടന്ന ഷീല സത്യന്റെ മക്കളെപ്പറ്റി സത്യൻ സ്മാരക ഭാരവാഹികളോടു ചോദിച്ചു. പിന്നെ മൗനം. പിന്നീട് സത്യൻ അനുസ്മരണത്തിൽ ഷീല ഓർമ്മകൾ പങ്കുവയ്ക്കുകയും ചെയ്തു. അടിമകൾ മുതൽ അവസാന ചിത്രമായ ആനുഭവങ്ങൾ പാളിച്ചകൾ വരെ ഇരുവരും ഒന്നിച്ചഭിനയിച്ചത് 55 ചിത്രങ്ങളാണ്.
സത്യൻ ആവസാനം അഭിനയിച്ച ചിത്രം തന്റെ ഒപ്പം ആയിരുന്നതായി ഷീല അനുസ്മരിച്ചു. അതിൽ വെള്ള സാരിയുടുത്ത തന്റെ മടിയിൽ തലവച്ച് സത്യൻ കിടക്കുന്ന സീൻ എടുത്ത് കഴിഞ്ഞപ്പോൾ സാരിയിൽ മുഴുവൻ ചോരയായിരുന്നു. അന്നാണ് ആ യൂണിറ്റ് മുഴുവൻ അദ്ദേഹത്തിന് രോഗമാണെന്ന് അറിഞ്ഞത്. അദ്ദേഹം ആശുപത്രിയിൽ ആയിരുന്നപ്പോൾ മരിക്കാൻ പോലും മടി കാണിച്ചതായി ഡോക്ടർമാർ തങ്ങളോട് പറഞ്ഞു. അത്രയും ചങ്കൂറ്റമുള്ള നല്ല രീതിയിൽ പെരുമാറുന്ന വ്യക്തിയായിരുന്നു സത്യൻ . ഷൂട്ടിംഗിൽ കൃത്യനിഷ്ഠ പുലർത്തിയ ആളായിരുന്നു. ഇത്തരം ഒരു ചടങ്ങിൽ സത്യന്റെ കുടുംബത്തെ ക്ഷണിക്കാത്തത് തെറ്റാണെന്ന് ഷീലയും പറഞ്ഞു.

കേരള കൾച്ചറൽ ഫോറം നടത്തിയ സത്യൻ അനുസ്മരണവും ചെമ്മീൻ ചലച്ചിത്രത്തിന്റെ സുവർണജൂബിലി ആഘോഷ ചടങ്ങിലാണ് സത്യൻ വീണ്ടും ജ്വലിക്കുന്ന ഓർമ്മയായത്. പ്രേംനസീറിന്റെ പേരിൽ ജനപ്രിയ നടനുള്ള അവാർഡ് നൽകാൻ സർക്കാർ തയാറാകണമെന്ന് നടി ഷീല ആവശ്യപ്പെട്ടു. അത് പോലെ മിസ് കുമാരിയുടെ പേരിൽ നടിക്കുള്ള അവാർഡ് നൽകാനും സർക്കാർ തയാറാകണമെന്ന് അവർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ അത് അവരോടുള്ള അവഗണയാണെന്നും ഷീല പറഞ്ഞു. എന്നാൽ വേദിയിൽ ഉണ്ടായിരുന്ന മന്ത്രി കെ.സി.ജോസഫ് പ്രസംഗിച്ചതിന് ശേഷമാണ് ഷീല ഈ ആവശ്യം ഉന്നയിച്ചത്. അതിനാൽ ഇതിന് മറുപടി പറയാതെ അദ്ദേഹം വേദി വിട്ടു.

അതേസമയം സത്യന്റെ കുടുംബത്തെ ക്ഷണിക്കാത്തത് ചടങ്ങിലെ കല്ലുകടിയുമായി. മധുവും ഷീലയും അത് സംഘാടകരെ ഓർമ്മിപ്പിക്കുകയും ചെയ്തു. തന്റെ ഗുരുസ്ഥാനീയനായിരുന്നു സത്യനെന്ന് മധു പറഞ്ഞു. സ്മരിച്ചാലും പറഞ്ഞാലും തീരാത്ത ഓർമ്മകളാണ് സത്യനെ കുറിച്ച് ഉള്ളത്. അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ചും വ്യക്തിയെ കുറിച്ചും ഞാൻ പറഞ്ഞ് അറിയേണ്ട കാര്യമില്ല. വിദ്യാർത്ഥി, അദ്ധ്യാപകൻ, ഉദ്യോഗസ്ഥൻ, പട്ടാളക്കാരൻ, പൊലീസുകാരൻ, സിനിമാ നടൻ തുടങ്ങി ഒരു ജീവിതത്തിൽ തന്നെ പല നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. ചെമ്മീനിൽ താൻ മാത്രമായിരുന്നു ചോട്ടായെന്ന് മധു പറഞ്ഞു. ഷീലയും സത്യനും കൊട്ടാരക്കരയും ഉൾപ്പെടുന്ന വലിയ താരനിരയായിരുന്നു ചിത്രത്തിൽ.

പ്രേംനസീർ തിരക്കിലായിരുന്നതുകൊണ്ടാണ് എനിക്ക് പരീക്കുട്ടിയുടെ വേഷം ലഭിച്ചത്. അത് പോലെ ആദ്യ ചിത്രം നിണമണിഞ്ഞ കാൽപാടുകളിലെ പട്ടാളക്കാരന്റെ വേഷം സത്യൻ നിരസിച്ചതിനാലാണ് തനിക്ക് ലഭിച്ചത്. സിനിമയിലും ജീവിതത്തിലും തനിക്ക് കടപ്പാടും ആദരവുമുള്ള ആളാണ് അദ്ദേഹമെന്നും മധു പറഞ്ഞു. തുടർന്ന് സത്യന്റെ പേരിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ കുടുംബത്തെ ക്ഷണിക്കാത്തത് തെറ്റാണെന്നും അടുത്ത ചടങ്ങിൽ കുടുംബത്തെ കൊണ്ട് വന്ന് സത്യന്റെ ചെറുമകളെ കൊണ്ട് പാട്ട് പാടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അതിൽ മീഡിയേറ്ററായി നിന്ന് പരിഹരിക്കാമെന്നും മധു പറഞ്ഞു. കേരളത്തിന്റെ സിനിമയുടെ അഭിമാനം ലോകത്തെ അറിയിച്ച ചിത്രമാണ് ചെമ്മീൻ.

എന്നാൽ മുൻപ് നടന്ന ചില പരിപാടികളിൽ സത്യന്റെ മൂത്തമകൻ പങ്കെടുത്തിട്ടുണ്ടെന്നും രണ്ടാമത്തെ മകൻ സത്യൻ ഫൗണ്ടേഷൻ എന്ന സമാന്തര സംഘടനയുണ്ടാക്കി പ്രവർത്തിക്കുകയാണെന്നും രക്ഷാധികാരി പി.മനോഹരൻ അറിയിച്ചു. എന്നാൽ മധു മധ്യസ്ഥത വഹിക്കാൻ തയാറാണെങ്കിൽ പ്രശ്‌നം പരിഹരിച്ച് ഇനിയുള്ള പരിപാടികളിൽ അവരെ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫോട്ടോ കടപ്പാട്-മനോരമ