തിരുവനന്തപുരം: പച്ചപ്പതാകയുടെ തണലിലാണ് തനിക്ക് വീടും കാറും ലഭിച്ചതെന്ന എം.ജി സർവകലാശാല പ്രോ വൈസ് ചാൻസലർ ഷീന ഷുക്കൂറിന്റെ പരാമർശം ഗവർണ്ണർ പി സദാശിവം പരിശോധിക്കുന്നു. ഷീനാ ഷുക്കൂറിനെതിരെ നടപടി വരുമെന്നാണ് സൂചന. കാലിക്കറ്റ് വിസി സ്ഥാനത്തേക്ക് ഷീനാ ഷൂക്കൂറിനെ സർക്കാർ ശുപാർശ ചെയ്താലും ഗവർണ്ണർ അംഗീകരിക്കില്ലെന്നും അറിയുന്നു. ഷീനാ ഷൂക്കൂറഷിന്റെ പ്രസ്താവന അതിരുകടന്നതാണെന്ന വിലയിരുത്തൽ പൊതുസമൂഹത്തിൽ ശക്തമായ സാഹചര്യത്തിലാണ് ഇത്. അവരോട് രാജ്ഭവൻ വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്.

മുസ്ലിംലീഗിന്റെ ശക്തമായ പിന്തുണ കൊണ്ടാണ് തനിക്കും ഭർത്താവിനും സ്ഥാനമാനങ്ങൾ ലഭിച്ചതെന്നും സർവകലാശാല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഗവർണറുടെ അനുമതിയില്ലാതെയാണ് താൻ ദുബായിലെത്തിയതെന്നും ഷീന ഷുക്കൂർ പറയുന്നു. കഴിഞ്ഞ മെയ് 22ന് കെഎംസിസി ചെറുവത്തൂർ, ദുബായിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഷീന ഷുക്കൂറിന്റെ വിവാദ പരാമർശം. '23 ന് സർവ്വകലാശാലയിൽ ഐജിയുടെ കോപ്പിയടി, ഓഫ് ക്യാംപസ്സ് അടച്ചു പൂട്ടൽ തുടങ്ങി നിർണ്ണായകമായ കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള അക്കാദമിക് കൗൺസിൽ ഉള്ളതാണ്. ഉച്ചക്ക് ശേഷം സിൻഡിക്കേറ്റും. ഇത് രണ്ടും ഉപേക്ഷിച്ച് എത്തിയത് ലീഗിനോടുള്ള താത്പര്യം കൊണ്ടാണ്' ഡോ ഷീനാ ഷുക്കൂർ വ്യക്തമാക്കുന്നു.

രാഷ്ട്രീയപരമായ നിലപാട് ഷീനാ ഷൂക്കൂർ വിശദീകരിച്ചതകാണ് വിനയാകുന്നത്. മുസ്ലിംലീഗും വിദ്യാഭ്യാസ വകുപ്പും ഉന്നതപദവികൾ രാഷ്ട്രീയവത്ക്കരിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ഒരിക്കൽക്കൂടി വെളിപ്പെടുത്തുകയാണ് ഷീന ഷൂക്കൂറിന്റെ വിവാദ ദുബായ് പ്രസംഗമെന്നാണ് വിലയിരുത്തൽ. സർവ്വകലാശാലയിലെ പരീക്ഷകളുടെ പൂർണ്ണ ചുമതലയുള്ള പ്രോ വൈസ് ചാൻസലർ അക്കാദമിക് കൗൺസിലിൽ പങ്കെടുക്കാതെ സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാൻ വിദേശ യാത്ര നടത്തിയത് ഗൗരവത്തോടയൊണ് ഗവർണ്ണറുടെ ഓഫീസ് കാണുന്നത്. ഇത് മനപ്പൂർവ്വമാണെന്ന ഷീനാ ഷുക്കൂറിന്റെ സമ്മതമാണ് പ്രശ്‌നത്തിന്റെ ഗൗരവം കൂട്ടുന്നത്. ഷീനാ ഷുക്കൂറിന്റെ പ്രസംഗം ഗവർണ്ണറുടെ ഓഫീസ് പരിശോധിക്കും.

ചട്ടങ്ങൾ ലംഘിച്ചാണു ഷീന ഷുക്കീർ ദുബായ് യാത്ര നടത്തിയതെന്നും ആക്ഷേപമുണ്ട്. പിവിസി വിദേശ യാത്ര നടത്തുമ്പോൾ ഗവർണറുടെയും ചീഫ് സെക്രട്ടറിയുടെയും അനുമതി നേടിയിരിക്കണമെന്നാണ് ചട്ടം. എന്നാൽ ഡോ. ഷീന ഷുക്കൂർ ദുബായ് യാത്രയ്ക്ക് ഇത്തരം അനുമതികളൊന്നും വാങ്ങിയിരുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതും ഗവർണ്ണറുടെ ഓഫീസ് പരിഗണിക്കും. ഇതോടെ കാലിക്കറ്റ് വിസിയായി അവതരിക്കാനുള്ള ഷീനാ ഷുക്കൂറിന്റെ മോഹവും പൊലിയുകയാണ്. കാലിക്കറ്റ് വിസിയായി മുസ്ലീലീഗ് പരിഗണിക്കുന്ന പേരുകളിൽ ഒന്ന് ഷീനാ ഷൂക്കൂറിന്റേതാണ്.

എം.ജി പി.വി സി ഡോ. ഷീനാ ഷുക്കൂറിനായി കുഞ്ഞാലിക്കുട്ടി വിഭാഗവും, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർസെക്രട്ടറി ഡോ. പി. അൻവറിനായി കെ.പി.എ. മജീദ് വിഭാഗവും രംഗത്തുണ്ട്. പുതിയ വിവാദത്തോടെ ഷീനാ ഷൂക്കൂറിനെ ഉയർത്തിക്കാട്ടാൻ കുഞ്ഞാലിക്കുട്ടിക്ക് കഴിയാത്ത സ്ഥിതിവരുമെന്നാണ് വിലയിരുത്തൽ.