കാഞ്ഞങ്ങാട്: മുസ്ലിം ലീഗിന്റെ നോമിനിയായി എം ജി യൂണിവേഴ്സിറ്റി പ്രോ വിസിഐയായി മാറിയ ഷീന ഷുക്കൂർ എക്കാലത്തും വിവാദങ്ങളുടെ കൂട്ടുകാരിയായിരുന്നു. ഷീനയുടെ ഡോക്ടറേറ്റ് അടക്കമുള്ള കാര്യങ്ങൾ മുമ്പ് വിവാദമായിരുന്നു. പിവിസി ആയിരിക്കവെ ഗൾഫിൽ എത്തി നടത്തിയ പ്രസംഗത്തിൽ തന്നെ പച്ചക്കൊടിയുടെ തണലിൽ ആണ് കഴിയുന്നതെന്ന പരമാർശവും പച്ച ലഡു വിതരണം ചെയ്തുണ്ടാക്കിയ വിവാദവും ആരും മറക്കില്ല. വ്യാജ പ്രബന്ധവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഏറെ ചർച്ചയായി. മുസ്ലിം ലീഗിനൊപ്പം നീങ്ങിയ ഷീനാ ഷുക്കൂർ അധികാരത്തിൽ സിപിഎം എത്തിയപ്പോൾ നിലപാട് മാറ്റി. ഇടതുപക്ഷത്തേക്ക് പതിയെ ചുവടുമാറി. ഇനി എല്ലാ അർത്ഥത്തിലും ഷീനാ ഷുക്കൂറും കുടുംബവും ഇടതു പക്ഷക്കാരാകും. ഷീനാ ഷുക്കൂറിന്റെ ഭർത്താവിനെ സഹികെട്ട് മുസ്ലിം ലീഗ് പാർട്ടിയിൽ നിന്ന് പുറത്താക്കുകയാണ് എൽഡിഎഫിന്റെ വനിതാമതിലിനെ ഫേസ്‌ബുക്കിൽ അനുകൂലിച്ചതാണ് ഇതിന് കാരണം.

ലോയേഴ്‌സ് ഫോറം മുൻ ജില്ലാ പ്രസിഡന്റ് കൂടിയായ സി.ഷുക്കൂറിനെ മുസ്ലിം ലീഗിൽ നിന്നു പുറത്താക്കിയത് ഇന്നലെയാണ്. വനിതാമതിൽ വർഗീയമതിലാണെന്നു ലീഗ് നേതാക്കൾ ആരോപിക്കുന്നതിനിടയിലാണു മതിലിനെ പിന്തുണച്ചു ഷുക്കൂർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഷുക്കൂറിനെ പുറത്താക്കിയത്. നേരത്തേ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ അനുകൂലിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിനു ലീഗിന്റെ ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നു ഷുക്കൂറിനെ നീക്കിയിരുന്നു. ഷുക്കൂറിന്റെ ഭാര്യയും എംജി സർവകലാശാല മുൻ പ്രോ-വൈസ് ചാൻസലറുമായ ഡോ. ഷീനാ ഷുക്കൂർ അടുത്തിടെ സിപിഎം വേദിയിലും എത്തിയിരുന്നു. ഇതെല്ലാം ലീഗ് ക്ഷമിച്ചു. എന്നാൽ വനിതാ മതിലിലെ പിന്തുണ നൽകൽ നേതൃത്വം ഗൗരവത്തോടെ എടുത്തു. ഇതോടെയാണ് ഷൂക്കൂർ മുസ്ലിം ലീഗുകാരനല്ലാതെയായത്. മുൻ പബ്ലിക് പ്രോസിക്യൂട്ടറായ ഷുക്കൂർ മുസ്ലിം ലീഗ് അഭിഭാഷക സെല്ലായ അഭിഭാഷക ലീഗ് കാസർക്കോട് ജില്ലാ പ്രസിഡന്റായിരുന്നു. പി.ജയരാജനെ പ്രശംസിച്ചതിനെത്തുടർന്ന് ആ സ്ഥാനത്തുനിന്ന് ഒഴിവാക്കുകയായിരുന്നു. ഇതിന് ശേഷം ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോൾ ഷീനയും അങ്ങോട്ടേക്ക് ചുവടുമാറി.

മുസ്ലിംലീഗിന്റെ പച്ചക്കൊടിയോട് ഷീനാ ഷുക്കൂറിനുള്ള പ്രേമം വളരെ പ്രസിദ്ധമാണ്. ഇക്കാര്യം തുറന്നു പറഞ്ഞതിന്റെ പേരിൽ ഏറെ വിമർശനവും അവർ കേട്ടിരുന്നു. പച്ചക്കളർ തനിക്ക് ഒരു വീക്ക്‌നസ് ആണെന്ന് അവർ പലവട്ടം തെളിയിച്ചിരുന്നു വിജയം ആഘോഷിക്കാൻ പച്ച ലഡ്ഡു ഉപയോഗിക്കുക എന്നത് മുസ്ലിംലീഗ് പ്രവർത്തകരുടെ പൊതു ശൈലിയാണ്. ഇക്കാര്യം തന്നെയാണ് ഷീനാ ഷുക്കൂർ ചെയ്തതും. പഞ്ചാബിലെ പട്യാലയിൽ നടന്ന അന്തർസംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മഹാത്മാഗാന്ധി സർവകലാശാല വനിതാ വിഭാഗത്തിൽ വിജയികൾ ആയിരുന്നു. എം ജി ജേതാക്കളായത് പ്രോ വൈസ് ചാൻസലർ എന്ന നിലയിൽ ഷീനയെയും ഏറെ സന്തോഷിപ്പിച്ചു. സന്തോഷം പ്രകടിപ്പിക്കാൻ വേണ്ടി വിദ്യാർത്ഥികൾ കോട്ടയത്ത് ട്രെയിനിൽ എത്താൻ കാത്തുനിന്ന ഷീനയ്ക്ക് പക്ഷേ ഒരു അമളി പറ്റി. പച്ച ലഢുവും പൂക്കളും ഏന്തിയാണ് ഷീനാ ഷുക്കൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്.

ഷീന ഷുക്കൂർ പച്ച ലഡ്ഡുവും വാങ്ങി വിദ്യാർത്ഥികളെ സ്വീകരിക്കാൻ കാത്തുനിൽക്കുന്ന ചിത്രം വാട്‌സ് ആപ്പ് വഴി പ്രചരിച്ചു. ഈ ചിത്രവും അവർ മുമ്പ് ദുബായിൽ നടത്തിയ പ്രസംഗവും തമ്മിൽ പലരും ലഡ്ഡു വിഷയത്തെ കൂട്ടിവായിച്ചു. പച്ചപ്പതാകയുടെ തണലിലാണ് തനിക്ക് വീടും കാറും ലഭിച്ചതെന്നായിരുന്നു ദുബായിൽ വച്ച് ഷീനാ ഷുക്കൂർ പറഞ്ഞത്. മുസ്ലിംലീഗിന്റെ ശക്തമായ പിന്തുണ കൊണ്ടാണ് തനിക്കും ഭർത്താവിനും സ്ഥാനമാനങ്ങൾ ലഭിച്ചതെന്നും സർവകലാശാല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഗവർണറുടെ അനുമതിയില്ലാതെയാണ് താൻ ദുബായിലെത്തിയതെന്നും ഷീന ഷുക്കൂർ ഈ വിഡിയോയിൽ പറഞ്ഞിരുന്നു. 2015 മെയ് 22ന് കെഎംസിസി ചെറുവത്തൂർ, ദുബായിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഷീന ഷുക്കൂറിന്റെ വിവാദ പരാമർശം. ഇതേതുടർന്ന് ഷീനാ ഷുക്കൂറിനെതിരെ പരാതിയും ഗവർണ്ണർക്ക് പോയിരുന്നു. വി എസ് അച്യുതാനന്ദൻ അടക്കമള്ളവർ ഈ വിഷയത്തിൽ ഷീനാ ഷൂക്കൂറിനെതിരെ രംഗത്തുവന്നിരുന്നു. സിപിഎമ്മും പ്രതിഷേധിച്ചിരുന്നു.

മുസ്ലിംലീഗിന്റെ നോമിനി എന്ന നിലയിലാണ് ഷീന ഷുക്കൂർ എം ജി സർവകലാശാലയുടെ പ്രോ വൈസ് ചാൻസർ തസ്തികയിൽ എത്തിയത്. ഇത് ഏറ്റവും അധികം ചർച്ചയാക്കിയത് സിപിഎം ആയിരുന്നു. ഇതിനിടെ ലിംഗ സമത്വ വിഷയത്തിൽ ലീഗിന്റെ നിലപാടുകൾ ഷീനാ ഷുക്കൂർ തള്ളിയതും ശ്രദ്ധേയമായി. ഫറൂഖ് കോളേജ് വിഷയവുമായി സംബന്ധിച്ച് മാതൃഭൂമി പത്രത്തിൽ എഡിറ്റോറിയൽ പേജിലെഴുതിയ ലേഖനത്തിലാണ് ഷീന ഷുക്കൂർ നിലപാട് വ്യക്തമാക്കിയത്. 'കുറച്ചുദിവസങ്ങളായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രധാന ചർച്ചാവിഷയം സ്വയംഭരണാവകാശം നൽകപ്പെട്ട രണ്ടു കാമ്പസുകളിൽ നിലനിൽക്കുന്നുണ്ടെന്നു പറയുന്ന ലിംഗവിവേചനമാണ്. വാസ്തവത്തിൽ, ഉന്നതവിദ്യാഭ്യാസരംഗത്തു നിലനിൽക്കുന്ന തീക്ഷ്ണമായ ലിംഗവിവേചനം ക്ലാസ്മുറിയിൽ ഇടകലർന്നിരിക്കുന്നതിലേക്കായി ചുരുക്കപ്പെടുകയാണ് ഈ വിവാദത്തിന്റെ തലം. ആൺകുട്ടികളും പെൺകുട്ടികളും ഒരു ക്ലാസ്മുറിയിൽ സദാചാരബോധത്തോടെ എങ്ങനെ ഇടപഴകണമെന്നു തിരിച്ചറിയാനുള്ള ബോധം നമ്മുടെ കുട്ടികൾക്കുണ്ടെന്നാണ് കഴിഞ്ഞ 15 വർഷമായി കാമ്പസുകളിൽ അദ്ധ്യാപനം നടത്തുന്നയാളെന്നനിലയിൽ എന്റെ വിശ്വാസം' ഷീന ഷുക്കൂർ ലേഖനത്തിൽ വിശദീകരിച്ചു. എന്നാൽ ഇതും ലീഗിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായമായി വലിയിരുത്തൽ വന്നു.

ഇതിനിടെയിലാണ് വ്യാജ സർട്ടിഫിക്കേറ്റ് റാക്കറ്റുമായി ഡോ ഷീനാ ഷുക്കൂറിന് ബന്ധമുണ്ടെന്ന വാർത്ത എത്തിയത്. വിദേശ മലയാളികൾക്കായി വ്യാജ ഡിഗ്രി തരപ്പെടുത്തുന്ന സംഘവുമായി ഷീനാ ഷുക്കൂറിന് അടുത്ത ബന്ധമുണ്ടെന്നാണ് വാർത്ത. ജാസിൽ കരീം എന്ന വിദേശ മലയാളിക്ക് ബിരുദ സർട്ടിഫിക്കറ്റിന്റെ സാധുത തെളിയിക്കാനായി സ്വാധീനിക്കാൻ ശ്രമിച്ചതായി കാലിക്കട്ട് സർവ്വകലാശാല പരീക്ഷാ കൺട്രോളർ പൊലീസിൽ പരാതി നൽകിയിരുന്നു. സാധുതാ സർട്ടിഫിക്കേറ്റിനായി നിശ്ചിത ഫീസടച്ച് അപേക്ഷ നൽകണമെന്ന് പറഞ്ഞെങ്കിലും വളഞ്ഞവഴിയിലൂടെ സ്വാധീനിക്കാനാണ് പ്രോ വിസി ശ്രമിച്ചതെന്നും പരാതിയിലുണ്ട്. സംശയം തോന്നിയ പരീക്ഷാ കൺട്രോളർ നടത്തിയ അന്വേഷണത്തിൽ ജാസിൽ കരീമിന്റെ സർട്ടിഫിക്കേറ്റ് വ്യാജമെന്ന് കണ്ടെത്തി. ഇതേതുടർന്ന് കോഴിക്കോട് തേഞ്ഞിപ്പലം പൊലീസിൽ കൺട്രോളർ പരാതി നൽകുകയായിരുന്നു. ഇതും ഏറെ ചർച്ചയായി. പരാതി ഗവർണ്ണറുടെ മുന്നിലുമെത്തി. എന്നാൽ അതിനപ്പുറം ഒന്നും സംഭവിച്ചില്ല. അന്വേഷണം പൂർണ്ണമായും അട്ടിമറിച്ചു. ഷീനാ ഷുക്കൂറിന്റെ ഗവേഷണപ്രബന്ധത്തിന്റെ ആധികാരികത ഉറപ്പാക്കാൻ ഗവർണ്ണറുടെ നിർദ്ദേശ പ്രകാരമുള്ള അന്വേഷണവും എങ്ങുമെത്തിയില്ല.

കാലിക്കറ്റ് സർവകലാശാല വൈസ്ചാൻസലർ സ്ഥാനത്തേക്കുള്ള പാനലിൽ മുസ്ലിംലീഗ് നോമിനിയായി ഡോ. ഷീനയുടെ പേര് ഗവർണർ പരിഗണിക്കുന്നതിനിടയിലാണ് ദുബായിലെ വീഡിയോ പ്രസംഗം പുറത്തു വന്നത്. അല്ലെങ്കിൽ അതും സംഭവിക്കുമായിരുന്നു. ഇതിനെതിരെ ഗവർണ്ണർക്ക് പരാതിയും ലഭിച്ചു. ഗവർണറുടെയും ചീഫ് സെക്രട്ടറിയുടെയും അനുമതി വാങ്ങിയാണ് ദുബായിൽ പോയതെന്ന് ഷീനാ ഷുക്കൂർ വിശദീകരിച്ചു. എം.ജി വൈസ്ചാൻസലർക്കു നൽകിയ അപേക്ഷ ഗവർണർക്കും ചീഫ് സെക്രട്ടറിക്കും കൈമാറി. ഇരുവരുടെയും അനുമതി ലഭിച്ചതിന്റെ രേഖ കൈവശമുണ്ടെന്ന് ഷീന പറഞ്ഞു. എന്നാൽ പാർട്ടി പരിപാടിയിൽ പങ്കെടു്ക്കാനല്ല ഷീന ഷൂക്കൂർ അനുമതി തേടിയത്. വിദ്യാഭ്യാസപരമായ ചടങ്ങുകളിൽ പങ്കെടുക്കാനെന്നാണ് അപേക്ഷയിൽ കാണിച്ചിരുന്നതെന്നാണ് ലഭിക്കുന്ന സൂചന. അതുകൊണ്ട് തന്നെ പിവിസിയുടെ വിദേശ യാത്രയിൽ ചട്ടലംഘനം ഉണ്ടായി. ഇതിലും ശിക്ഷപ്പെട്ടില്ല.

ഇതിനൊപ്പമാണ് ഷീനാ ഷൂക്കൂറിന്റെ ബയോഡാറ്റയിൽ പറഞ്ഞിരിക്കുന്ന പ്രബന്ധങ്ങളിൽ അന്വേഷണം നടത്തി ശുപാർശ നൽകാൻ വൈസ് ചാൻസലറോട് ഗവർണ്ണർ നിർദ്ദേശിച്ചത്. രാജ്ഭവന്റെ ഉത്തരവ് അനുസരിച്ചുള്ള നടപടി ക്രമങ്ങൾ വൈസ് ചാൻസലർ ബാബു സെബാസ്റ്റ്യൻ പൂർത്തിയാക്കി. ചാൻസലർ കൂടിയായ ഗവർണ്ണറുടെ നിർദ്ദേശം അംഗീകരിച്ചുവെന്ന് വരുത്തി തീർക്കാനായിരുന്നു അത്. അതിനപ്പുറം ഒന്നും നടന്നില്ല. പിന്നീട് ഇടതുപക്ഷം അധികാരത്തിലെത്തി. പല പദവികളിലേക്കും ഷീനാ ഷുക്കൂറിനെ അവരും പരിഗണിച്ചു. എന്നാൽ എതിർപ്പു മൂലം ഒന്നും നടന്നില്ല. ഈ തടസ്സം മാറ്റിയെടുക്കാനാണ് ഷീനാ ഷുക്കൂറും ഭർത്താവും സിപിഎമ്മുമായി അടുക്കുന്നത്.