തിരുവനന്തപുരം: പോളി ടെക്‌നിക്ക് ഡിപ്ലോമക്കാരിയായ ഉഴമലയ്ക്കൽ മരങ്ങാട് കത്തിക്കപ്പാറ കാവുമൂലവീട്ടിൽ ശീതളും ഗൾഫിൽ ജോലി ചെയ്തിരുന്ന ഷൈജുവും തമ്മിലുള്ള വിവാഹം ആഘോഷമായാണ് 2015 മെയ്‌ 6 നടത്തിയത്. 40 പവൻ സ്വർണവും 30 സെന്റ് വസ്തുവും സ്ത്രീധനമായി നൽകിയായിരുന്നു ഉഴമലയ്ക്കൽ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സണായ സുജാത മകളെ കെട്ടിച്ചയച്ചത്. സന്തുഷ്ടമായ ദാമ്പത്യത്തിലേക്ക് ഒരു വർഷം കഴിയുമ്പോഴേക്കും മകൾ എത്തിയതോടെ സന്തോഷകരമായിരുന്നു ജീവിതം.

എന്നാൽ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങോടെ ആ സന്തുഷ്ട ജീവിതത്തിൽ വിള്ളലുകൾ വീഴാൻ ആരംഭിച്ചു.ഇതിനിടയിൽ നാട്ടിൽ സെറ്റിലായ ഷൈജു സുഹൃത്തായ ഫൈസലിനും ഭാര്യ സമീനയ്ക്കുമൊപ്പം റബർ ടാപ്പിംഗിനായി ഓയൂരിലേക്ക് പോയി. അവിടെ എത്തിയതിന് ശേഷം ആദ്യമൊക്കെ ആഴ്ചയിൽ രണ്ട് തവണ വീട്ടിൽ വന്നു കൊണ്ടിരുന്ന ഷൈജു പിന്നീട് വീട്ടിലേക്ക് വരാതെയായി. പിന്നീട് ശീതളിനേ തിരിഞ്ഞ് നോക്കാനോ കുഞ്ഞിനേയും കാണാനോ വിളിക്കാനോ ചെലവിന് നൽകാനോ ഷൈജു കൂട്ടാക്കിയില്ല. പതുക്കെ വരവ് പൂർണമായും നിലച്ചു.

പല തവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും നല്ല മറുപടി ആയിരുന്നില്ല ശീതളിന് ലഭിച്ചത്. ഭർത്താവ് തിരിച്ച വരുമെന്ന പ്രതീക്ഷയിൽ ശീതൾ നിൽക്കുമ്പോൾ ആണ് കുട്ടിക്ക് പനി വന്നത്. ആശുപത്രിയിൽ കൊണ്ടുപോകാനായി ശീതൾ കുഞ്ഞുമായി കുടുംബവീട്ടിലെത്തിയ സമയത്താണ് ഫൈസലിന്റെ രംഗ പ്രവേശനം. ഫൈസലിന്റെ വാക്കുകൾ കേട്ട ശീതളും അമ്മയും തകർന്ന പോയി. അവിടെ എത്തിയ ശേഷം സമീനയും ഷൈജുവും പ്രണയത്തിലായി എന്നാണ് ഫൈസൽ പറഞ്ഞത്. അതിന് തെളിവായി ഫോട്ടോസും ഇരുവർക്കും ഫൈസൽ കാട്ടിക്കൊടുത്തു.
സമീനയും ഷൈജുവും ബൈക്കിൽ കറങ്ങുന്ന ഫോട്ടോകളായിരുന്നു അവ. മരുമകൻ കൈവിട്ടുപോയതറിഞ്ഞ് അമ്പരന്ന സുജാത ഷൈജുവിന്റെ അച്ഛനെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചെങ്കിലും അതൊന്നും അത്ര കാര്യമാക്കാത്ത നിലയിലായിരുന്നത്രേ പ്രതികരണം.

ഇതോടെ ശീതൾ ആകെ തകർന്നു. ആദ്യം തന്നെ സമീനയുടെ ഫോണിലേക്കാണ് ശീതൾ വിളിച്ചത്.എന്നാൽ താൻ തിരക്കാണ് ആശുപത്രിയിലാണെന്ന മറുപടിയോടെ ഫോൺ കട്ടാക്കി. ഉടൻ തന്നെ ഷൈജു ശീതളിനെ വിളിക്കുകയായിരുന്നു. നീയുമായി ഒരു ബന്ധമില്ലെന്നും തൊളിക്കോട്ടെ വീട്ടിൽ ഇനി വരാൻ പാടില്ലെന്നുമാണ് ഷൈജു പറഞ്ഞത്. ഇത് കേട്ട് ഞെട്ടിയ ശീതൾ ഫോൺ അമ്മയ്ക്ക് കൈമാറി. അതേ വാക്കുകൾ ആവർത്തിച്ച ഷൈജു നിങ്ങളുടെ മോളെ നിങ്ങൾക്കൊപ്പം നിറുത്താൻ ആജ്ഞാപിച്ച് സംഭാഷണം അവസാനിപ്പിച്ചു.

ഉടൻ തന്നെ ശീതളും അമ്മയും ഷൈജുവിന്റെ വീട്ടിലെത്തി. ഷൈജുവിന്റെ അച്ഛനോട് കാര്യങ്ങൾ ധരിപ്പിച്ചു.പിന്നീട് ബന്ധം വേർപിരിയാനും ചെലവിന് അനുവദിക്കാനുമായി ശീതൾ കോടതിയെ സമീപിച്ചു. കോടതി നടപടികളുടെ ഭാഗമായി നടത്തിയ കൗൺസലിംഗിലും ശീതളിനൊപ്പം ജീവിക്കാൻ താൽപ്പര്യമില്ലെന്ന് ഷൈജു ആവർത്തിച്ചു. അഭിഭാഷകർ നടത്തിയ ചർച്ചയിൽ വീട്ടുച്ചെലവിന് മാസം രണ്ടായിരം രൂപ നൽകാമെന്ന ഷൈജുവിന്റെ നിർദ്ദേശം അംഗീകരിക്കാൻ ശീതൾ കൂട്ടാക്കാതായതോടെ കേസ് കോടതിയിലെത്തുകയായിരുന്നു.

കോടതിയിൽ നിന്ന് മടങ്ങിപ്പോകുന്നതിനിടെ മഴ നനഞ്ഞ് ശീതളിനും മകൾ നിയയ്ക്കും അടുത്തദിവസം ജലദോഷമായി. കുഞ്ഞിന് പനിയാകുമെന്ന് ഭയന്ന് ആര്യനാട് ആശുപത്രിയിൽ പോകാനാണ് ഇക്കഴിഞ്ഞ 4ന് ശീതൾ കുഞ്ഞുമായി ഇറങ്ങിയത്. സുജാതയും കൂട്ടിന് ചെല്ലാമെന്ന് പറഞ്ഞെങ്കിലും തനിച്ചുപോകാമെന്ന് പറഞ്ഞ് അവൾ വീട്ടിൽ നിന്നിറങ്ങി. വണ്ടിക്കൂലിക്കും മരുന്നിനും അമ്മയിൽ നിന്ന് വാങ്ങിയ അഞ്ഞൂറ് രൂപയുമായാണ് പോയത്. മകളുടെ മടങ്ങിവരവ് കാത്തിരുന്ന സുജാതയെ തേടി പിന്നീട് ശീതൾ മരിച്ചുവെന്ന വാർത്തയാണ്. രമനയാറിന്റെ തീരത്ത് ഉപേക്ഷിക്കപ്പെട്ട ബാഗിൽ കാണപ്പെട്ട ആശുപത്രിയുടെ ഒ.പി ടിക്കറ്റുകളാണ് ശീതളും നിയയും ആറ്റിൽ ചാടിയതായി സ്ഥിരീകരിക്കാൻ ഇടയാക്കിയത്.

ആശുപത്രിയിൽ നിന്ന് മടങ്ങി വരുമ്പോൾ ഷൈജുവിന്റെ കോൾ ശീതളിനെ തേടി എത്തിയിരുന്നു. കാര്യങ്ങൾ എല്ലാ നേരെയാകുമെന്ന് കരുതി ഫോൺ എടുത്ത ശീതളിനോട് ഷൈജു തന്റെ കോപം തീർക്കുകയായിരുന്നു. എന്റെ ജീവിതത്തിൽ വഴി മുടക്കിയാകാതെ കുഞ്ഞുമായി എവിടെങ്കിലും പോയി ചാകെടീ എന്ന ഷൈജുവിന്റെ വാക്കുകൾ ശീതളിന്റെ നില തെറ്റിച്ചു. താൻ ഇത്രയും സഹിച്ചിട്ടും ഷൈജുവിന്റെ വാക്കുകൾ കേട്ടതോടെ ശീതൾ മരണം എന്ന ഉപാദി സ്വീകരിക്കുകയായിരുന്നു. മരണത്തിലൂടെ ഷൈജുവിനോട് പകരം വീട്ടാൻ ശീതൾ തീരുമാനിച്ചു.

ഭാര്യയുടേയും മകളുടേയും മരണത്തിനുശേഷം ഒളിവിൽപോയ ഭർത്താവ് തൊളിക്കോട് തേവൻപാറ തടത്തരികത്ത് വീട്ടിൽ ഷൈജുവിനെ (32) കഴിഞ്ഞ ദിവസം ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. ശീതളും കുഞ്ഞും മരണപ്പെട്ടതോടെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ ഷൈജുവിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പൊറുക്കാനാകാത്ത പ്രണയച്ചതിയുടെ രഹസ്യങ്ങൾ പുറത്തായത്. മകളെ ഇല്ലാതാക്കിയ ഷൈജുവിന് പരമാവധി ശിക്ഷ നൽകാനാണ് ഇന്ന് ശീതളിന്റെ അമ്മയുടെ ശ്രമം.