ന്യൂഡൽഹി: പുതിയ പാർട്ടി അധ്യക്ഷനെ പ്രഖ്യാപിച്ച് ഉടച്ച് വാർക്കലിന് തയ്യാറെടുക്കാനൊരുങ്ങുന്ന കോൺഗ്രസിനുള്ളിൽ തമ്മിലടി. പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തും പരിഹസിച്ചും രംഗത്തെത്തിയിരിക്കുകയാണ് മഹാരാഷ്ട്ര പാർട്ടി സെക്രട്ടറി ഷെഹ്സാദ് പൂനാവല്ല

വരാനിനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് വെറും തിരഞ്ഞെടുക്കൽ മാത്രമാണെന്നും തട്ടിപ്പ് നടപടിക്രമങ്ങളാണ് ഇതിൽ നടക്കുന്നതെന്നും പൂനാവല്ല പറഞ്ഞു.കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇന്ന് രാഹുൽ ഗാന്ധി പത്രിക സമർപ്പിക്കാനിരിക്കെയാണ് മഹാരാഷ്ട്ര കോൺഗ്രസ് സെക്രട്ടറിയുടെ വിമർശനം. രാഹുൽ ഗാന്ധി ആദ്യം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കണം. യഥാർത്ഥ തിരഞ്ഞെടുപ്പായിരുന്നെങ്കിൽ താൻ മത്സരിക്കുമായിരുന്നു. എന്നാൽ കൃത്രിമ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ലെന്നും സത്യസന്ധമായ തിരഞ്ഞെടുപ്പിനെ നേരിട്ടാണ് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് എത്തേണ്ടത്. തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നവരും പ്രതിനിധികളും വളരെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്തവരാണ്. അവർ രാഹുൽ ഗാന്ധിയുടെ ഇഷ്ടക്കാരാണെന്നും പൂനാവല്ല പറഞ്ഞു.

കുടുംബത്തിൽ ഒരാൾക്ക് ഒരു ടിക്കറ്റ് എന്ന നിയമം കോൺഗ്രസിൽ നടപ്പാക്കണം. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നവർ ഓരോ വിഷയത്തിലും തങ്ങളുടെ കാഴ്ചപ്പാട് എന്താണെന്നുള്ള ടെലിവിഷൻ സംവാദത്തിന് തയ്യാറാകണം. വൈസ് പ്രസിഡന്റ് സ്ഥാനത്തിരുന്നുള്ള തന്റെ പ്രവർത്തനം വിലയിരുത്താൻ ആവശ്യപ്പെട്ട് രാഹുലിന് താൻ കത്ത് നൽകിയിട്ടുണ്ടെന്നും ഷെഹ്സാദ് പൂനാവല്ല അറിയിച്ചു.

ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പു വേണ്ടിവന്നാൽ എല്ലാ സംസ്ഥാനങ്ങളിലും വോട്ടെടുപ്പു നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന എഐസിസി അംഗങ്ങളാണു വോട്ടുചെയ്യുക. എഐസിസി സമ്മേളനത്തിലായിരിക്കും പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണം. പ്രവർത്തകസമിതി അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടതും എഐസിസി സമ്മേളനത്തിലാണ്.