ദുബൈ: ശൈഖ് മക്തൂം ബിൻ മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായി നിയമിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

പുതിയ യുഎഇ ക്യാബിനറ്റിന്റെ രൂപീകരണവും ശൈഖ് മുഹമ്മദ് ശനിയാഴ്ച പ്രഖ്യാപിച്ചു. അടുത്ത 50 വർഷത്തേക്ക് ഫെഡറൽ ഭരണകൂടത്തിന്റെ പ്രവർത്തനത്തിന് പുതിയ രീതി സ്വീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ധനകാര്യ സഹമന്ത്രിയായി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനിയെ നിയമിച്ചു.

നിലവിൽ ഉബൈദ് അൽ തായറാണ് ഈ സ്ഥാനം വഹിക്കുന്നത്. പുതിയ നീതിന്യായ മന്ത്രിയായി അബ്ദുല്ല ബിൻ സുൽത്താൻ ബിൻ അവാദ് അൽ നുഐമിയാണ് നിയമിച്ചിരിക്കുന്നത്. ഡോ. അബ്ദുൽ റഹ്‌മാൻ അൽ അവാർ പുതിയ മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രിയായി ചുമതലയേൽക്കും.

മറിയം അൽമഹീരിയെ കാലാവസ്ഥാ വ്യതിയാന - പരിസ്ഥിതി വകുപ്പ് മന്ത്രിയായും അബ്ദുല്ല ബിൻ മുഹൈർ അൽ കെത്ബിയെ ഫെഡറൽസുപ്രീം കൗൺസിൽകാര്യ മന്ത്രിയായും നിയമിച്ചു. ഉപപ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട ശൈഖ് മക്തൂമിനെ സഹോദരൻ കൂടിയായ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ അഭിനന്ദിച്ചു.