മുംബൈ: പാക്കിസ്ഥാനിൽ പിടിയിലായ മുംബൈ, ജോഗേശ്വരരി സ്വദേശി ഷെയ്ഖ് നബി, നിരോധിത സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഇന്ത്യ (സിമി)യുമായി ബന്ധമുള്ളയാളാണെന്ന് സുരക്ഷ ഏജൻസികൾ. ഇന്ത്യയിൽ ആക്രമണങ്ങൾ നടത്താൻ പരിശീലനത്തിനായി 2005ൽ ഇയാൾ പാക്കിസ്ഥാനിലേക്ക് പോയതാണെന്നും ഏജൻസികൾ പറഞ്ഞു.

നേരത്തെ മതിയായ യാത്ര രേഖകളില്ലാതെ ഇന്ത്യൻ പൗരനെ ഇസ്ലാമാബാദിൽ അറസ്റ്റ് ചെയ്തതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഷെയ്ഖ് നബി ജോഗേശ്വരരിയിൽ നിന്ന് കാണാതായതായ താജ് നബിയാണെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണങ്ങൾ പുറത്തുവന്നിട്ടില്ല.

2005ൽ പന്ത്രണ്ടോളം യുവാക്കളെ മുംബൈയിലെ ജോഗേശ്വരരിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായിരുന്നു. യുവാക്കളെ സിമി പ്രവർത്തകർ സ്വാധീനിച്ചിരുന്നതായും ദേശദ്രോഹപ്രവർത്തനങ്ങൾക്കായി പരിശീലിപ്പിച്ചിരുന്നതായും തീവ്രവാദ വിരുദ്ധ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പരിശീലനത്തിനായി ഇവർ പാക്കിസ്ഥാനിലേക്ക് പോയത്.

പാക്കിസ്ഥാനിലേക്ക് തീവ്രവാദ പരിശീലനത്തിന് പോയ ബഡാ ഇമ്രാൻ, ഛോട്ടാ ഇമ്രാൻ, താജ് നബി എന്നിവർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം നടത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സുരക്ഷ സൈനികരുടെ ചെറുത്തു നിൽപ്പുമൂലം ഇവർക്ക് ഇതിന് സാധിച്ചിരുന്നില്ല.