ഹൂസ്റ്റൺ: ഭിന്ന ശേഷക്കാർക്ക് അമേരിക്കയിൽ സർക്കാർ നൽകുന്നത് മുന്തിയ പരിഗണനയാണ് യുഎസ് സർക്കാർ നൽകുന്നത്. സാമ്പത്തിക സഹായവും നൽകും. ഇത് തട്ടിയെടുക്കാനായാണ് ഇന്ത്യയിൽ നിന്നും ഷെറിൻ മാത്യൂസിനെ എറണാകുളം സ്വദേശികൾ ദത്തെടുത്തെന്ന വാദം സജീവമാണ്. മലയാളികളായ വെസ്ലി-സിനി ദമ്പതികൾക്ക് ഷെറിന്റെ മരണത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് ഉറപ്പിച്ചു കഴിഞ്ഞു. ഷെറിന്റെ മരണവുമായി ബന്ധപ്പെട്ടു മലയാളി ദമ്പതികളായ വെസ്ലി മാത്യൂസും സിനിയും യുഎസിലെ ജയിലിലാണ്. ഈ സാഹചര്യത്തിൽ യുഎസിലെ ദത്തെടുക്കൽ ഏജൻസിക്കു കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി.

ബിഹാറിലെ അനാഥാലയത്തിൽ നിന്നു ഷെറിനെ ദത്തെടുക്കാൻ ദമ്പതികൾക്കു സൗകര്യമൊരുക്കിയ ഹോൾട്ട് ഇന്റർനാഷനലിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളാണു കേന്ദ്ര വനിതാ, ശിശു ക്ഷേമ മന്ത്രാലയം വിലക്കിയത്. മാതാപിതാക്കളെ ശരിയായി വിലയിരുത്തുന്നതിൽ ഏജൻസിക്കു വീഴ്ച സംഭവിച്ചതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒക്ടോബറിലാണു ഷെറിൻ മരിച്ചത്. നവംബറിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻകയുടെ ഇന്ത്യാ സന്ദർശനം കണക്കിലെടുത്ത് ഏജൻസിക്കെതിരായ നടപടി നീട്ടിവയ്ക്കുകയായിരുന്നു. യുഎസിലെ ഇന്ത്യൻ എംബസി, ഇന്ത്യയിൽ ദത്തെടുക്കൽ നടപടികൾക്കു മേൽനോട്ടം വഹിക്കുന്ന ദത്തെടുക്കൽ റിസോഴ്‌സ് സമിതി (സിഎആർഎ) എന്നിവയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏജൻസിയുടെ ലൈസൻസ് റദ്ദാക്കുന്നതു പരിഗണിക്കും.

ഷെറിന്റെ മരണത്തിനു പിന്നാലെ, ഇന്ത്യയിലെ ദത്തെടുക്കൽ ചട്ടങ്ങൾ കേന്ദ്ര സർക്കാർ കർശനമാക്കിയിരുന്നു. ശിശുക്ഷേമ മന്ത്രാലയത്തിന്റെ അംഗീകാരം ഉറപ്പാക്കിയിട്ടു മാത്രമേ ദത്തെടുക്കുന്ന കുട്ടികൾക്കു പാസ്‌പോർട്ട് നൽകാവൂ എന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നിർദ്ദേശിച്ചിട്ടുണ്ട്. ഭിന്ന ശേഷിക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കാനാണ് ഭിന്ന ശേഷിക്കാരെ അമേരിക്കൻ പൗരത്വമുള്ളവർ ദത്തെടുക്കുന്നത്. ഇവിടെ അത്തരം കുട്ടികളെ വളർത്താൻ സർക്കാർ എല്ലാ സഹായവും നൽകും. സാമ്പത്തികമായി കുടുംബത്തിന് നല്ല സഹായമാണ്. ഇത് തട്ടിയെടുക്കാനാണ് വെസ്ലിയും സിനിയും ശ്രമിച്ചതെന്നാണ് ആക്ഷേപം. അല്ലാതെ ഷെറൻ മാത്യൂസിനോട് ഒരു സ്നേഹവും ഇല്ലായിരുന്നു. ഇതാണ് കുട്ടിയുടെ കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് ദത്തെടുക്കൽ ഏജൻസിക്കെതിരെ നടപടിയെടുത്തത്.

ഇന്ത്യയിൽ നിന്ന് ഭിന്ന ശേഷിക്കാരെ ദത്തെടുക്കുന്ന അമേരിക്കക്കാർ ഏറെയാണ്. അവരുടെ എല്ലാം മനസ്സിലുള്ളത് സ്നേഹത്തിനപ്പുറമുള്ള സർക്കാർ സഹായമാണ്. ഇത്തരക്കാരെ ദത്തെടുക്കുന്നതിൽ നിന്ന് ഇന്ത്യാ ഗവൺമെന്റ് തടയണം അല്ലെങ്കിൽ ഇനിയും ഷെറിൻ മാത്യൂമാർ ഉണ്ടാകും-ഹൂസ്റ്റണിൽ നിന്നൊരു മലായളിയുടെ പ്രതികരണമാണ് ഇത്. വെസ്ലി-സിനി ദമ്പതികൾക്കെതിരെ കടുത്ത അമർഷമാണ് അമേരിക്കയിലെ മലയാളി സമൂഹത്തിലുള്ളതെന്നും ഇദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. ഇത്തരം വിമർശനങ്ങൾ കണക്കിലെടുത്താണ് ഇന്ത്യയുടെ നടപടി. യു.എസിലെ ഇന്ത്യൻ ദമ്പതികൾ ദത്തെടുത്ത് വളർത്തുകയായിരുന്ന ഷെറിനെ നവംബർ ആദ്യമാണ് കാണാതായത്. തുടർന്ന് വീടിന്റെ മുക്കാൽ കിലോ മീറ്റർ അകലെയുള്ള കലുങ്കിന് അടിയിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സ്വന്തമായി കുട്ടിയുള്ള ഇവർ എന്തിന് ഷെറിനെ ദത്തെടുത്തുവെന്ന ചോദ്യമാണ് അമേരിക്കയിൽ ഭിന്ന ശേഷിക്കാർക്ക് ഉള്ള ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട സംശയത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. സർക്കാർ സഹായം തട്ടുകയെന്ന ഗൂഡലക്ഷ്യം മാത്രമാണ് ഇവർക്ക് ദത്തെടുക്കലിന് പിന്നിലുണ്ടായിരുന്ന വികാരം. ഇതാണ് മലയാളികളെ ഇപ്പോൾ പ്രകോപിതരാക്കുന്നത്. അതിനിടെ ഇവർക്കെതിരെ കൊലക്കുറ്റം ചുമത്താൻ പൊലീസ് നടപടി തുടങ്ങിയതായും സൂചനയുണ്ട്. മൂന്നു വയസ്സുകാരിയോട് അതിക്രൂരമായാണ് വളർത്തച്ഛനും വളർത്തമ്മയും പെരുമാറിയിരുന്നത്. വെസ്ലി മാത്യുവും സിനി മാത്യൂവും രണ്ടു വർഷം മുൻപാണ് നാളന്ദയിലെ മദർതെരേസ അനാഥ് സേവ ആശ്രമത്തിൽ നിന്നും സരസ്വതി എന്ന കുട്ടിയെ ദത്തെടുത്തത്. പിന്നീട് പേര് ഷെറിൻ മാത്യൂസ് എന്ന് പേര് ഇടകയും യുഎസിലേക്ക് കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു.

ഷെറിൻ കൊല്ലപ്പെട്ട ദിവസം മുതൽ ബീഹാറിലെ അനാഥാലയങ്ങൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ദത്തെടുത്ത നടപടികൾ പാലിച്ചാണോ എന്നതു സംബന്ധിച്ച് നാളന്ദ ജില്ല മജിസ്ട്രറ്റ് എസ്.എം. ത്യാഗരാജന്റെ നേതൃത്വത്തിൽ അന്വേഷണവും നടന്നു. ഇതിനിടെയാണ് അമേരിക്കയിലെ ആനുകൂല്യങ്ങൾ തട്ടിയെടുക്കാനായിരുന്നു സരസ്വതിയെ വെസ്ലി ദത്തെടുത്തതെന്ന വിവരം പുറത്തുവരുന്നത്. സമാനായ നിരവധി ദത്തെടുക്കലുകൾ ഇന്ത്യയിൽ വ്യാപകമാണെന്നും റിപ്പോർട്ടുണ്ട്.