ഡാലസ് : മലയാളി ദമ്പതികളുടെ വളർത്തുമകൾ, ദുരൂഹസാഹചര്യത്തിൽ മരിച്ച ഷെറിൻ മാത്യൂസിന്റെ മൃതദേഹം സംസ്‌കരിച്ചു. വളർത്തമ്മ സിനിയും ബന്ധുക്കളും മാത്രം പങ്കെടുത്തു. കൂടുതൽ പേരെ സംസ്‌കാര ശുശ്രൂഷയിൽ പങ്കെടുപ്പിക്കണമെന്നായിരുന്നു ഡാലസിലെ മലയാളി സമൂഹത്തിന്റെ ആവശ്യമെങ്കിലും കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ചു സംസ്‌കാരം സ്വകാര്യമാക്കുകയായിരുന്നു. സംസ്‌കരിച്ച സ്ഥലവും പുറത്തു വിട്ടിട്ടില്ല. മനപ്പൂർവ്വമായി ഇക്കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുകയാണെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അനാവശ്യ മാധ്യമശ്രദ്ധ ഒഴിവാക്കാനും മൃതദേഹം സംസ്‌കരിച്ച സ്ഥലം പിന്നീട് അശുദ്ധമാക്കപ്പെടാതിരിക്കാനും സംസ്‌കാരം നടത്തിയ സ്ഥലം പരസ്യപ്പെടുത്താത്തതെന്നാണ് വിശദീകരണം. മൃതദേഹം സംസ്‌കരിച്ചതു കുടുംബത്തിന്റെ മതാചാരപ്രകാരമായിരുന്നുവെന്നു സിനിയുടെ അഭിഭാഷകൻ വെളിപ്പെടുത്തി. ഷെറിനെ കാണാതായി രണ്ടാഴ്ചയ്ക്കു ശേഷമാണു റിച്ചർഡ്‌സണിലെ വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽ മൃതദേഹം കണ്ടെത്തുന്നത്. അറസ്റ്റിലായ വളർത്തച്ഛൻ വെസ്ലി മാത്യൂസ് (37) ഡാലസ് കൗണ്ടി ജയിലിലാണ്.

സുരക്ഷാ കാരണങ്ങളാൽ മൃതദേഹം ഏറ്റുവാങ്ങിയത് ആരാണെന്ന് പോലും വെളിപ്പെടുത്തിയിട്ടില്ല. ഷെറിന്റെ മതദേഹം കണ്ടെത്തിയ കലുങ്ക് സ്മാരകമാക്കി മാറ്റണമെന്ന് റിച്ചാർഡ്സൺ സമൂഹം ആവശ്യമുയർത്തിയിട്ടുണ്ട്. പാലു കുടിക്കാത്തതിനു കുട്ടിയെ പുറത്ത് ഇറക്കി നിർത്തിയെന്നും കുറച്ചു സമയത്തിനു ശേഷം നോക്കുമ്പോൾ കുട്ടിയെ കാണാതായി എന്നുമായിരുന്നു കുട്ടിയുടെ വളർത്തച്ഛനായ വെസ്ലി മാത്യൂ മൊഴി നൽകിയിരുന്നത്.

എന്നാൽ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ മൊഴി മാറ്റി. കുട്ടിയെ നിർബന്ധിച്ചു പാലു കുടിപ്പിക്കാൻ ശ്രമിക്കുമ്പോൾ കുട്ടി മരണപ്പെട്ടു എന്ന് ഇയാൾ വെളിപ്പെടുത്തി. പിന്നാലെ വെസ്ലിയെ പൊലീസ് അറസ്റ്റു ചെയ്തു.ഷെറിനെ വെസ്ലി മാത്യു സിനി ദമ്പതികൾ ദത്തെടുത്തത് ബീഹാറിലെ നളന്ദയിലുള്ള ബാലസംരക്ഷണ കേന്ദ്രത്തിൽ നിന്നായിരുന്നു. മൂന്നു വർഷം മുമ്പ് ഗയയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെടുത്ത പെൺകുട്ടിയെ ഡൽഹിയിലെ സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അഥോറിറ്റി വഴി ഒരു വയസുള്ളപ്പോഴാണ് ഇവർ ദത്തെടുത്തത്. തുടർന്ന് അമേരിക്കയിലേയ്ക്ക് കൊണ്ടുപോകുകയും പേര് ഷെറിൻ മാത്യൂസ് എന്ന് മാറ്റുകയും ചെയ്തു.

ഗയയിൽ നിന്നു സരസ്വതിയെന്ന പെൺകുട്ടിയെ കണ്ടു കിട്ടുമ്പോൾ ഒരു കണ്ണ് ചെറുതായിരുന്നു. ഇതുകൊണ്ടുതന്നെ കാഴ്ച വൈകല്യമുണ്ട്. മാത്രമല്ല, സംസാര വൈകല്യവും ഒരു കൈയ്ക്ക് സ്വാധീനക്കുറവുമുണ്ടായിരുന്നു.